ദു:ഖവെള്ളി എന്ന
അലങ്കാരം
ദു:ഖവെള്ളി
ക്രിസ്തീയവിശ്വാസത്തിന്റെ ഒരു അലങ്കാരം മാത്രം. അതിനു കാലികമായ ഒരു പ്രാധാന്യവും
ഇല്ല. ചരിത്രപരമായ കെട്ടുറപ്പ് ഇല്ലാത്ത ക്രിസ്തുവിന്റെ
കുരിശുമരണത്തിനു പൊള്ളയായ അര്‍ത്ഥങ്ങള്‍ കൊടുത്ത് മനുഷ്യരെ മാനസികമായി തകര്‍ത്ത്
അതിലൂടെ മുതലെടുപ്പ് നടത്തുമ്പോള്‍ നഷ്ടമാകുന്നത് മനുഷ്യരുടെ ആത്മീയതയില്‍ ഉള്ള
വളര്‍ച്ചയാണ്. സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവര്‍ മരണം ആഘോഷം ആക്കണം.
കപടതയുടെ
കണ്ണീരും കയ്പ്നീരും കൊണ്ട് ഒരു ദിവസത്തെ മലിനമാക്കി എന്താണ് സംഭവിക്കുന്നത്
എന്ന് പോലും തിരിച്ചറിയാതെ, വെയിലത്തും മഴയത്തും കുരിശും ചുമന്നുപോകുന്ന ഒരുവന്റെ പിന്നാലെ
നടക്കുന്ന കുഞ്ഞുങ്ങളും, അതിനുശേഷം ആവര്‍ത്തന വിരസതയുടെ വായിട്ടലപ്പുകളും കഴിഞ്ഞു
ഉയിര്‍പ്പ്തിരുനാള്‍ കഴിഞ്ഞുള്ള മൃഷ്ടാന ഭോജനവും പ്രതീക്ഷിച്ചിരിക്കുന്ന
പൌരോഹിത്യത്തിനും വിശ്വാസ സമൂഹത്തിനും എന്ത് ക്രിസ്തു?
ക്രിസ്തുവിനെ
ദൈവമാക്കാനുള്ള തത്രപ്പാടില്‍ അവന്‍ സത്യത്തില്‍ എന്ത് ചെയ്തു എന്നോ എന്ത് പറഞ്ഞു
എന്നോ പലപ്പോഴും ആരും ചിന്തിക്കാറില്ല. മരിച്ചു മണ്ണടിഞ്ഞു പോയവരില്‍ മഹത്വം
ആരോപിക്കുന്നതിനു പകരം ജീവിച്ചിരിക്കുന്ന നല്ല വ്യക്തിത്വങ്ങളില്‍ നേതാക്കളെ
കണ്ടെത്താനും അങ്ങനെ ഇന്നത്തെ സമൂഹത്തെ മെച്ചപ്പെടുത്താനും ഒരു ശ്രമം നടത്തുകയല്ലേ
വേണ്ടത്.
ആചാരങ്ങളും ആഘോഷങ്ങളും എല്ലാം വെറും ആളെക്കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള
ഒരു വേദിയായി മാറിയിരിക്കുന്നു. ഇതിലൊക്കെ പങ്കെടുക്കുന്ന പകുതിയിലധികം പേര്‍ക്കും
ഇതൊക്കെ എന്താണെന്നോ എന്തിനാണെന്നോ ഒന്നും ഒരു ബോധവും ഇല്ല. അവര് പോകുന്നു.. ഞാനും
പോകുന്നു.. ഞാന്‍ പോയില്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും?
ആളു കുറഞ്ഞാല്‍
അനുഷ്ടാനത്തിനു കുറച്ചില്‍ ആകും എന്നതുകൊണ്ട് ഭീഷണിയുടെ സ്വരത്തില്‍ ജനത്തെ
വിളിച്ചുകൂട്ടുന്ന മതനേതാക്കളും കുറവല്ല. കുരിശുമരണത്തെ ഏറ്റവും ഭീകരവും ദയനീയവും
ആയ രീതിയില്‍ ചിത്രീകരിച്ചു മറ്റുള്ളവരുടെ കനിവ് നേടാന്‍ ശ്രമിക്കുന്നവരും
കുറവല്ല.
മതങ്ങള്‍ നിലനില്‍ക്കേണ്ടത് മതനേതാക്കന്മാരുടെ ആവശ്യകതയാണ്. അതുകൊണ്ട്
അതിനു വേണ്ടി കാലാകാലങ്ങളില്‍ പൊടിപ്പും തൊങ്ങലും ഒക്കെ വച്ചു പുതിയ വിക്രിയകള്‍
പ്രാബല്യത്തില്‍ വരും. മറിച്ചൊന്നു ചിന്തിക്കാന്‍ വഴിയില്ലാത്ത അജഗണം
വരുന്നതെന്തും വരുംപടി സ്വീകരിച്ചു കാലികപ്രാധാന്യം ലേശവും ഇല്ലാത്ത
പൊള്ളത്തരങ്ങളെ ഊതിവീര്‍പ്പിച്ചു സ്വന്തം ജീവിതത്തിന്റെ ഭാഗം ആക്കും. അങ്ങനെ
നീന്തല്‍ അറിയാത്തവര്‍ ഒഴിക്കിനോത്തു സമയാസമയങ്ങളില്‍ മതനേതാക്കള്‍ ഇട്ടുതരുന്ന
രക്ഷാചക്രത്തില്‍ പിടിച്ചു അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.
ഇതിനൊക്കെ മാറ്റം വരണം
എന്നുണ്ടെങ്കില്‍ മാറി ചിന്തിക്കാന്‍ കഴിയുന്ന കരുത്തുറ്റ ഒരു സമൂഹം വളര്‍ന്നു
വരണം. അങ്ങനെ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ മതനേതൃത്വം പര്യാപ്തമല്ല.
മാറ്റം ഉണ്ടാകേണ്ടത് നിങ്ങളില്‍ ആണ്...
