Monday, 20 February 2023

അകമറിഞ്ഞവര്‍!

 



ചിതലരിക്കുന്നുവോ നിന്‍ സ്വര്‍ഗ്ഗ തീര്‍ഥാടനത്തിന്‍

സ്വപ്ന സൂചികകള്‍!

മതഭോജികളെ, മഹിതമാം വഴികളില്‍

മനുജനെ നയിക്കേണ്ടവര്‍ നിങ്ങള്‍,

കുടിലമാം തന്ത്രങ്ങളാല്‍, ചടുലഭാവങ്ങളാല്‍,

വിശ്വാസമെന്നാക്കുരിക്കില്‍ നിങ്ങള്‍

കടിഞ്ഞാണിടുന്നോരോ ജീവിതങ്ങള്‍.

പഴിപറയുന്നതല്ല ഞാന്‍

പഴംവാക്കുമല്ലെന്‍ മൊഴികള്‍

പറയാതിരിക്കാനിന്നെനിക്കാന്നുമില്ല.

സ്വയമറിഞ്ഞവര്‍ ഞങ്ങള്‍, വിശ്വാസവഴിമാറി

നേര്‍വഴിയെ ചരിച്ചിടുമ്പോള്‍,

വാക്പ്രഹരണധാരയില്‍,

വഴിമുടക്കികള്‍ നിങ്ങള്‍

സ്വയമറിയാതെ മരിച്ചിടുന്നു.

സ്വര്‍ഗ്ഗമാം മായികലോകമേ

നീയോരുക്കും ഇരിപ്പിടം

വെള്ള പൂശീടുമ്പോള്‍ അതില്‍

നഷ്ടമാവുന്നുണ്ടേറെ നന്മജീവിതങ്ങള്‍.

ഇനിയും നിര്‍ത്താറായില്ലേ നിന്‍

കപടമാം വാമൊഴി വരമൊഴിക്കഥകള്‍!

ഇനിയും നിര്‍ത്താറായില്ലേ നിന്‍

മസ്തിഷ്കപ്രഷാളന വാക്ചാതുരികള്‍!

നേര്‍വഴിയെ ചരിക്കട്ടെ ഞങ്ങള്‍

അകമറിഞ്ഞവര്‍ അത്മബോധമുള്ളവര്‍.