Wednesday, 10 April 2024

മനുഷ്യാ മണ്ണ് നിനക്കായി കാത്തിരിക്കുന്നു



മനുഷ്യനെ മണ്ണില്‍ സംസ്കരിക്കൂ  
കല്ലറകള്‍ കച്ചവടസ്ഥലങ്ങള്‍ ആകാതിരിക്കട്ടെ!
നുഷ്യനെ അടക്കേണ്ടത് മണ്ണിലാണ് അല്ലാതെ കാറ്റ് കയറാത്ത സിമന്‍റ് കല്ലറകളില്‍ അല്ല. ഇലകള്‍ അഴുകി മരത്തിനു വളമാകുന്നത് പോലെ മനുഷ്യനും മണ്ണില്‍ അലിഞ്ഞു  ചേര്‍ന്ന് മറ്റു ജീവജാലങ്ങള്‍ക്ക് ഒരു പോഷകം ആയി ഒരുനാള്‍  മാറേണ്ടത് ആണ്.

ആത്മാവ് അഥവാ ജീവന്‍ പിരിഞ്ഞ ശരീരത്തിന് മറ്റു ജീവജാലങ്ങളിലൂടെയാണ് ഒരു പുനര്‍ജീവനം സംഭവിക്കേണ്ടത്‌. ജീവിച്ചിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ അവന്റെ ഉപജീവനത്തിന് ആവശ്യമായ  പോഷകമായി ഉപയോഗിച്ചതെല്ലാം പ്രകൃതിയുടെ ദാനങ്ങള്‍ ആണ്. അതിനാല്‍ മനുഷ്യന്റെ പ്രകൃതിയോടുള്ള അവന്റെ അവസാന കടപ്പാട് തീര്‍ക്കേണ്ടത്  തന്നെത്തന്നെ പ്രകൃതിക്ക് തിരിച്ചു നല്‍കികൊണ്ടാണ്. അവന്റെ പ്രകൃതിയോടുള്ള തന്‍റെ കടം വീട്ടല്‍ നടത്തേണ്ടത്, ജീവംശം നഷ്ടമായി നിശ്ചലം ആയ ശരീരത്തെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ടാണ്. അതിന് മണ്ണില്‍ അലിയുക തന്നെ വേണം.
സിമന്‍റ് കല്ലറകളില്‍ സംസ്കരിക്കപ്പെടുന്നവര്‍ അവസാന നിമിഷത്തിലും ഒരു തരത്തില്‍  സ്വാര്‍ത്ഥര്‍ ആണ്. അവസാന നിമിഷത്തിലും ഒന്നും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ എല്ലാം സ്വന്തം ആയി വയ്ക്കാനുള്ള അവന്റെ ആഗ്രഹത്തിന്റെ അവസാന പൂര്‍ത്തീകരണം. സമ്പത്ത് അധികം ആയാല്‍ അങ്ങനെയേ സംഭവിക്കൂ. സിമന്‍റ് കൂടാരങ്ങളില്‍ അന്തിയുറങ്ങുന്ന ആത്മാക്കള്‍ ഊര്‍ജ്ജ ദ്രവീകരണം സംഭവിച്ച് ഒന്നുമല്ലാതെ ആകുമ്പോള്‍ മണ്ണില്‍ അലിയുന്നവര്‍ മറ്റൊരു ജീവനുള്ള ഊര്‍ജ്ജമായി പുനര്‍ജനിക്കുകയാണ്. അതാകണം നിങ്ങളുടെ ഉയിര്‍പ്പ്. അല്ലാതെ ആകാശ മേലാപ്പിലെ അപ്പം കിട്ടുന്ന തട്ടുകട ആകരുത് നിങ്ങളുടെ ലക്ഷ്യം. 

കല്ലറകള്‍ കച്ചവട സ്ഥലങ്ങള്‍ ആകുമ്പോള്‍ മനുഷ്യന് നഷ്ടമാകുന്നത് ഒരു വലിയ പ്രകൃതി മൂല്യം ആണ്. ഇനി നിങ്ങള്ക്ക്  ചിന്തിക്കാം. തീരുമാനങ്ങള്‍ എടുക്കാം. ഒരു പൂര്‍ണമായ വിട്ടുകൊടുപ്പിനു തയ്യാറാകാം. സിമന്റ് കൂടാരങ്ങളില്‍ നിന്ന് മണ്ണിലേക്ക് മടങ്ങാം..!
നിങ്ങളുടെ ഉയിര്‍പ്പ് മറ്റു ജീവജാലങ്ങിലൂടെ ആകട്ടെ, അതിനായി നമുക്ക് മനസ്സിനെ പരുവപ്പെടുത്താം !