Sunday, 10 January 2021

സഹന പാതയിലൂടെ നിത്യതയിലേക്ക്



കുട്ടിയമ്മ, കുട്ടിയമ്മചേച്ചി, കുട്ടിയമ്മ ചേടത്തി, ചേടത്തി, കുട്ടിയമ്മായി, അമ്മച്ചി എല്ലാം ഒരാള്‍ തന്നെ. ഒരിക്കലും കുഞ്ഞു മക്കളാല്‍ പോലും അധികം വല്യമ്മച്ചി എന്ന് വിളിക്കപ്പെടാതെ ഞങ്ങളുടെ എല്ലാം അമ്മച്ചിയായി തന്നെ ജീവിച്ചു തീര്‍ത്ത ഒരു നന്മജീവിതം. മക്കളും, മരുമക്കളും, കൊച്ചുമക്കളും എല്ലാവരും ഒന്നുപോലെ വിളിച്ച ഞങ്ങളുടെ സ്വന്തം അമ്മച്ചി. നാട്ടുകാര്‍ക്ക് അവരവരുടെ പ്രായത്തിനനുസരിച്ച് കുട്ടിയമ്മയും, കുട്ടിയമ്മ ചേടത്തിയും, കുട്ടിയമ്മ ചേച്ചിയും, ചേടത്തിയും, ഒക്കെയായിരുന്ന ഞങ്ങളുടെ അമ്മച്ചി. ഒരു ജീവായുസ് മുഴുവന്‍ സ്വന്തം മക്കള്‍ക്കും കുടുംബത്തിനും വേണ്ടി അര്‍പ്പിച്ച് ജീവിതം സമര്‍പ്പിച്ച ഞങ്ങളുടെ സ്വന്തം അമ്മച്ചി. ഒത്തിരിയേറെ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയ ഒരു എളിയ ജീവിതം. ജീവിത യാത്രയില്‍ സഞ്ചരിച്ച ദൂരങ്ങള്‍ വളരെ പരിമിതം. പുറം ലോകത്തിന്റെ വിശാലതകളിലേക്ക് അധികം ഒന്നും എത്തി നോക്കാത്ത അല്ലെങ്കില്‍ എത്തി നോക്കാന്‍ അവസരം കിട്ടാത്ത ഒരു നന്മ ജീവിതം. വളരെ പരിചിതമായ ഏതാനും വഴികള്‍ മാത്രം നടന്നു തീര്‍ത്ത്‌ ജീവിത സാക്ഷാത്കാരം കൈവരിച്ച ഞങ്ങളുടെ സ്വന്തം അമ്മച്ചി. അകാലത്തില്‍ നിര്‍ഭാഗ്യതയുടെ ദംശനമേറ്റ് നഷ്ടമായ സ്വന്തം പ്രാണഭാഗത്തിന്റെ വിയോദുഃഖം ഉള്ളിലൊതുക്കി രണ്ടു പതിറ്റാണ്ടുകളോളം ജീവിത സരണി സ്വയം തുഴഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മച്ചി. ദാരിദ്ര്യത്തിന്റെയും, ദൈന്യതയുടെയും, വേദനയുടെയും, ഒറ്റപ്പെടലിന്റെയും കൈവഴികള്‍ ഒന്നൊന്നായി തരണം ചെയ്ത് ജീവിതാവസാനംവരെ നന്മയില്‍ ജീവിച്ച ഞങ്ങളുടെ അമ്മച്ചി. അടച്ചു വച്ചിരിക്കുന്ന കഞ്ഞിപ്പാത്രത്തിന്റെ മൂടി തുറക്കുമ്പോള്‍ അതില്‍ ഒരാള്‍ക്ക്‌ മാത്രം കഴിക്കാനുള്ള ചോറ് മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുമ്പോള്‍ അതും മക്കള്‍ക്ക്‌ വിളമ്പി കൊടുത്തിട്ട് മിച്ചം വരുന്ന രണ്ടു വറ്റില്‍ ഒരിറ്റു കഞ്ഞിവെള്ളം ചേര്‍ത്തു കുടിച്ചു വിശപ്പടക്കിയ ഞങ്ങളുടെ സ്വന്തം അമ്മച്ചി. ഓര്‍മവച്ച കാലം മുതല്‍ മക്കളുടെയും, മരുമക്കളുടെയും കൊച്ചുമക്കളുടെയും തുണികള്‍ തോട്ടിലും പുഴയിലും കൊണ്ടുപോയി അലക്കിയും, ആടിനും പശുവിനും പല പറമ്പുകള്‍ നിരങ്ങി പുല്ലു പറിച്ചും, അടുപ്പില്‍ തീ പുകയാന്‍ തൊട്ടിലും തൊടിയിലും വിറക് പെറുക്കിയും, വീടും പരിസരവും എല്ലാ ദിവസവും അടിച്ചുവാരി വൃത്തിയാക്കിയും നടുവ് നിവര്‍ക്കാന്‍ വയ്യാതാകുമ്പോള്‍ ഒരിത്തിരി നേരം വാതില്‍പടിയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ അതെല്ലാം ജീവിത സാഫല്യങ്ങളുടെ പവിഴങ്ങളും മുത്തുകളും മാത്രമായി കണ്ടിരുന്ന ഞങ്ങളുടെ അമ്മച്ചി. ആര്‍ക്കൊക്കെ വേണ്ടി ജീവിച്ചുവോ അവര്‍ക്കൊക്കെ വേണ്ടുന്നതെല്ലാം ചെയ്തു കൊടുക്കാന്‍ ഇരുകാലില്‍ എഴുന്നേറ്റു നില്‍ക്കുന്ന കാലം വരെ എല്ലാം ക്ഷമയോടെ പരിഭവങ്ങള്‍ ഇല്ലാതെ മുന്‍പോട്ടു കൊണ്ടുപോയ ഞങ്ങളുടെ പ്രീയ അമ്മച്ചി.  വേദനയുടെ നിമിഷങ്ങള്‍  സന്ധ്യാപ്രാര്‍ത്ധനകളില്‍ കണ്ണുനീര്‍ത്തുള്ളികളായി  വീണ് ഉടഞ്ഞു കണ്ണുനീര്‍ പോലും വറ്റി തീര്‍ന്ന ഞങ്ങളുടെ അമ്മച്ചി.  വിശ്വാസത്തിന്റെ സ്വര്‍ഗ്ഗലോകത്തേക്ക്‌ മടങ്ങിപ്പോയാലും  പ്രപഞ്ച സ്പന്ദനങ്ങളിലൂടെ ഇനിയും നമ്മുടെ ഹൃദയങ്ങളില്‍ എക്കാലവും ജീവിക്കുന്ന നമ്മുടെ അമ്മച്ചി. നാല് ആണ്മക്കളില്‍ മൂന്നു പേരും എപ്പോഴും വിളിപ്പടകലെയുണ്ടായിട്ടും ഇല്ലായ്മയുടെ കറിക്കൂട്ടുകളും കഞ്ഞിയും മാത്രം കുടിച്ച് വിശപ്പും ദാഹവുമറിയാതെ മക്കളെ മേനിയഴകുള്ളവരാക്കി മാറ്റിയ അമ്മച്ചി.  നാല് പേരില്‍ ഒരാള്‍ വിശ്വാസതീവ്രതയുടെ വേരോട്ടത്തില്‍ വിദേശരാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനവുമായി പോയപ്പോള്‍ എല്ലാ അമ്മമാരെയും പോലെ സന്തോഷിച്ച ഞങ്ങളുടെ അമ്മച്ചി.  കാലദേശത്തിന്റെ കാപട്യത്തില്‍ കരിമുഖങ്ങള്‍ വേദനപ്പാടുകള്‍ വാരിയെറിഞ്ഞപ്പോള്‍ മടങ്ങിയെത്തിയ മൂന്നാമത്തെ മകന്റെ  സാമിപ്യം ദുഃഖം എന്നതിലുപരി സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആയത്  മറ്റൊരു പുതിയ കുടുംബ ജീവിതത്ത്ന്റെ ശിഖരത്തില്‍ വിരിഞ്ഞ തളിര്‍മുത്തിന്റെ നെറ്റിത്തടത്തില്‍ മുത്തം വച്ചപ്പോള്‍ ആണ്. വിഷാദങ്ങളും ദുഖങ്ങളും വീണ്ടും സന്തോഷാശ്രുക്കള്‍ ആയി മാറിയപ്പോള്‍ എല്ലാം മറക്കുന്ന, എല്ലാം പൊറുക്കുന്ന, ഒരു സര്‍വ്വം സഹയായ അമ്മച്ചിയെ ഞങ്ങള്‍ വീണ്ടും കണ്ടു. സഹന യാത്രയുടെ പാതയില്‍ ഏതാനും ചുരുങ്ങിയ സൗഹൃദങ്ങളും സംഭാഷണങ്ങളും മാത്രമായി സന്തോഷപൂര്‍വ്വം ജീവിച്ച ഞങ്ങളുടെ പ്രിയപ്പെട്ട  അമ്മച്ചി. ഉടുത്തൊരുങ്ങി നടക്കാന്‍ തരാതരത്തില്‍ തുണികളും ആടയാഭരണങ്ങളും, മാറിമാറിയിടാന്‍ ചെരിപ്പുകളും ഒന്നുമില്ലാതിരുന്ന ഒരു ലളിത ജീവിതം. മേനിയഴക് കൂട്ടാന്‍ മേക്കപ്പ് സെറ്റുകള്‍, മുടിയഴക് വര്‍ദ്ധിപ്പിക്കാന്‍ പലതരം ഷാംപൂകള്‍ ഒന്നും എന്താണെന്ന് പോലും അറിയാത്ത ഞങ്ങളുടെ സ്വന്തം അമ്മച്ചി. ആകെയുണ്ടായിരുന്ന വല്ലകാലത്തും ഭാഗ്യം പോലെ  കിട്ടുന്ന ഒരു പൌഡര്‍ കുറ്റിയും, തലയില്‍ തേക്കാന്‍ ഇത്തിരി വെളിച്ചെണ്ണയുംഒരു കഷണം മണമുള്ള സോപ്പും, അതും എപ്പോഴുമില്ല, പിന്നെ മാറാന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒന്ന് രണ്ട് ചട്ടയും മുണ്ടും.  ഇതിലും എളിയ ജീവിതത്തിന്റെ മാതൃക  വിശുദ്ധരുടെ ജീവചരിത്രത്തില്‍ പോലുമുണ്ടാകില്ല. അതുകൊണ്ട് സ്വര്‍ഗ്ഗവിശുദ്ധര്‍ ഞങ്ങളുടെ അമ്മച്ചിയെ സ്വീകരിക്കാന്‍ പാതകള്‍ മനോഹരമാക്കിയിരിക്കാം.