എന്താണ് ആഘോഷങ്ങള്‍
കോര്‍പ്പറേറ്റ് ശ്രുംഗലയുടെ പാവങ്ങളെ വീണ്ടും
പാപ്പരാക്കാനുള്ള മെനഞ്ഞെടുത്ത തന്ത്രം. ആഘോഷമെന്ന പ്രഹേളികയുടെ ആകര്‍ഷണ
വലയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവര്‍ അറിയാതെ പോകുന്ന ഒരു ദുരന്ത സത്യം ഉണ്ട്.
ആഘോഷങ്ങള്‍ ഒരു കോര്‍പ്പറേറ്റ് ഗൂഡ തന്ത്രം. പാവങ്ങള്‍ അന്നന്നത്തെ അന്നത്തിന്
അദ്ധ്വാനിച്ചു ശേഘരിച്ചത് തിരിച്ചു പിടിക്കാനുള്ള കോര്‍പ്പറേറ്റ് ഗൂഡ തന്ത്രം.
നാമറിയാതെ നമ്മില്‍ നിന്ന് ചോര്‍ന്നു പോകുന്ന നമ്മുടെ
അദ്ധ്വാനഫലം ആഘോഷമെന്ന ഏച്ചുകെട്ടില്‍ നമ്മള്‍ മറന്നു പോകുന്നു. നമ്മുടെ ചോര്‍ന്നുപോയ
സമ്പത്തില്‍ വീണ്ടും സമ്പന്നമാകുന്ന കോര്‍പ്പറേറ്റ് നമ്മള്‍ അറിയാതെ പോകുന്നു.. ഞാന്‍
പരിചയപ്പെടുത്തുന്ന കോര്‍പ്പറേറ്റ് നിങ്ങള്‍ക്ക് സുപരിചിതം. ആഘോഷം എന്ന പേരില്‍
നിറമാര്‍ന്ന തോരണങ്ങളും ബാനറുകളും നമുക്ക് മുന്‍പില്‍ നിരക്കുമ്പോള്‍ നാമറിയാതെ
അല്ലെങ്കില്‍ നമ്മെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിക്കുന്ന ഒരു രഹസ്യ അജണ്ട.
ഒന്നുമറിയാതെ നാം ആര്‍ക്കോ വേണ്ടി ആഘോഷിക്കുന്നു, എന്നിട്ട് അത് നമ്മുടെ
സന്തോഷത്തിനു വേണ്ടി നാം ചെയ്തു എന്ന് മനസ്സില്‍ ഉറപ്പിക്കുന്നു. അതില്‍
മറ്റുള്ളവരുടെ ലാഭങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. നമ്മുടെ
നഷ്ടങ്ങളേക്കുറിച്ചും നമ്മള്‍ ചിന്തിക്കാറില്ല.
ശൂന്യതയില്‍ എപ്പോഴൊക്കെയോ ഉയര്‍ന്നുവരുന്ന ആഘോഷ
ബാനറുകള്‍ക്ക് പിന്നില്‍ നമ്മളും അണിചേരുന്നു. ആഘോഷിക്കൂ... നിങ്ങള്‍ക്ക് സന്തോഷം, സമാധാനം, പ്രതീക്ഷ എല്ലാം
നേരുന്നു. എത്ര എത്ര ആഘോഷങ്ങള്‍.. ഒന്ന് തീരുമ്പോള്‍ മറ്റൊന്ന്, മതത്തിന്റെ പേരില്‍, സമൂഹത്തിന്റെ പേരില്‍, രാഷ്ട്രീയത്തിന്റെ
പേരില്‍. എവിടെയും ചിലവഴിക്കുന്നത് എല്ലാവരും ഒന്നുപോലെ. പണമുള്ളവനും, പണമില്ലാത്തവനും പടക്കം പൊട്ടിക്കാന്‍ കൊടുക്കേണ്ടത് ഒന്ന്
തന്നെ. അവിടെ സമ്പന്നന്‍ എന്നോ ദരിദ്രന്‍ എന്നോ മാറ്റമില്ല. നൂറു രൂപയുടെ പടക്കം
സമ്പന്നനും ദരിദ്രനും നൂറു രൂപയ്ക്ക് തന്നെ വാങ്ങണം. പക്ഷെ ഒരു വ്യത്യാസം
സമ്പന്നന്‍ അവരുടെ നിറഞ്ഞു കവിഞ്ഞ ഭണ്ടാരങ്ങള്‍ തുറന്നു ചിലവഴിക്കുമ്പോള്‍
പാവങ്ങള്‍ അവരുടെ അരവയറിന്റെ ചില്ലിക്കാശു ചിലവഴിക്കുന്നു. ഇവിടെ ആര്‍ക്കാണ്
സന്തോഷം കിട്ടുന്നത് ആര്‍ക്കാണ് അത് കിട്ടാതെ പോകുന്നത് ? ആര്‍ക്കാണ് സമാധാനം
ലഭിക്കുന്നത് ആര്‍ക്കാണ് അത് നഷ്ടം ആകുന്നത്? ആരുടെ പ്രതീക്ഷകള്‍ ആണ് പൂവണിയുന്നത്
ആരുടെതാണ് കൊഴിയുന്നത്? ക്രിസ്തുമസ്സ്, പുതുവത്സരം, പള്ളിപ്പെരുന്നാള്കള്‍,
പൂരങ്ങള്‍ എല്ലാം ആര്‍ക്കുവേണ്ടി? എവിടെയോ ഒരു കൂട്ടര്‍ ഇതിന്റെ എല്ലാം ലാഭം
കൊയ്യുന്നു.
ആഘോഷങ്ങളില്‍ ആകൃഷ്ടരായ ജനം കോര്‍പ്പറേറ്റ് ശ്രുംഗലയുടെ
ഇടനിലക്കാരില്‍ തങ്ങളുടെ ഇത്തിരിപ്പോന്ന സമ്പാദ്യം അടിയറവയ്ക്കുന്നു. കോര്‍പ്പറേറ്റ്,
ആഘോഷങ്ങള്‍ക്ക് അല്പം സ്വല്പം മാറ്റങ്ങള്‍ വരുത്തി വീണ്ടും മറ്റൊരു രൂപത്തില്‍ മാര്‍ക്കറ്റില്‍
ഇറക്കുന്നു. ഒരു നിമിഷം ആഘോഷങ്ങള്‍ അവസാനിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ നില ഒന്ന് കൂടി മെച്ചമാകുന്നു.
ഉപഭോക്താക്കള്‍
വാഗ്ദാനം ചെയ്യപ്പെട്ടതെല്ലാം കിട്ടുമെന്ന പ്രതീക്ഷയില്‍ വീണ്ടും പഴയ
കഷ്ടപ്പാടിന്റെ ജീവിതത്തിലേക്ക് വെറും കയ്യോടെ മടങ്ങുന്നു. എല്ലാം ഒന്ന് ശാന്തം
ആകുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ പുതിയ ആഘോഷത്തിന്റെ പരസ്യ പലകകളുമായി
വീണ്ടും രംഗത്തിറങ്ങുന്നു. ഇവിടെ ആരാണ് ചിന്തിക്കേണ്ടത്? ആരാണ് മാറ്റങ്ങള്‍ക്ക്
തയ്യാറാവേണ്ടത്? ഗൂഡ തന്ത്രം മെനഞ്ഞെടുത്തവര്‍ക്ക് നന്നായി അറിയാം ഇത് എങ്ങനെ
മുന്‍പോട്ടു കൊണ്ട് പോകണം എന്ന്. എന്നാല്‍ ഗൂഡ തന്ത്രങ്ങള്‍ക്ക് ഇരയാകുന്നവര്‍
ഒന്ന് ചിന്തിക്കാന്‍ പോലും അവസരം ഇല്ലാതെ ജീവിതമെന്ന പിഴിച്ചില്‍ ചക്കില്‍
അരഞ്ഞമര്‍ന്നു ഇല്ലാതാകുന്നു.
ഇതിനൊക്കെ ഒരു മോചനം വേണ്ടേ? അതോ “എന്നെ തല്ലണ്ടപ്പാ
ഞാന്‍ നന്നാവില്ല” എന്ന മനോഭാവത്തോടെ ജീവിതം ചതഞ്ഞ് തീരാന്‍ വിട്ടുകൊടുക്കുകയാണോ
നല്ലത്.
ഞാന്‍ വെറുതെ പറയുന്നു എന്ന് മാത്രം, നിങ്ങള്‍ക്ക്
ചിന്തിക്കാം തീരുമാനം എടുക്കാം.
ഓരോ പുതുവത്സരത്തിലും കത്തി ചാരമാകുന്നത് കോടികള്‍ ആണ്.
അതിന്റെ പിന്നില്‍ കോടികള്‍ ലാഭം കൊയ്യുന്ന വലിയ കോര്‍പ്പറേറ്റുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം
മറക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നന്ന്.