Monday, 17 February 2025

കൊറോണയും ശിഥില ജീവിതങ്ങളും




ആധുനിക സംസ്കാരം മഹത്തായ പ്രാപഞ്ചിക പദ്ധതികളിലുള്ള വിശ്വാസത്തെ നിഷ്കരുണം നിരസിക്കുകയും തിരസ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ നമ്മുടെ ചെറുജീവിതമെന്ന ഈ കൊച്ചു നാടകത്തിനപ്പുറത്തേക്ക് നമ്മുടെ അഭിനയ പാടവത്തിന് വലിയ വിലയൊന്നും കല്പിക്കേണ്ടതില്ല. 

നമ്മുടെ ഈ ജീവിതത്തിനു രചനകളില്ല, സംഭാഷണങ്ങളില്ല, സംവിധായകനും നിര്‍മ്മാതാവും ഇല്ല. ഈ ജീവിതത്തിനു പ്രത്യേക അര്‍ത്ഥങ്ങളും കല്പിച്ചു നല്‍കേണ്ടതില്ല. ശാസ്ത്രത്തിന്റെ ഏറ്റവും നല്ല തിരിച്ചറിവ് എന്ന് പറയുന്നത്, പ്രപഞ്ചം വെറും അന്ധമായ, ലക്ഷ്യബോധം ഇല്ലാത്ത വെറും ഒരു പ്രക്രീയ മാത്രം ആണെന്നുള്ളതാണ്.  കൊറേയേറെ ബഹളവും, ഒച്ചപ്പാടും, എന്നാല്‍  കാര്യമാത്രപ്രസക്തമായ ഒന്നുമില്ലാത്ത വെറുമൊരു പ്രക്രീയ. അതിനിടയിലാണ്, ഒരു പൊട്ടു പോലെ എങ്ങും തൊട്ടും തൊടാതെയും അതിദ്രുതമായി പിന്നീട് ഒരിക്കലും ഒരു കേട്ടുകേഴ്വി പോലുമില്ലാതെ കടന്നു പോകുന്ന ഈ ഗ്രഹത്തിലെ നമ്മുടെ ജീവിതം.

രചനകള്‍ ഒന്നുമില്ലാത്ത ഈ പൊട്ടുമനുഷ്യജീവിതത്തിന് ഈ മഹാപ്രപഞ്ചമാകുന്ന നാടകത്തില്‍ വലിയ റോള്‍ ഒന്നുമില്ല. അതുകൊണ്ട് ഭയാനകമായ കാര്യങ്ങള്‍ ജീവിതത്തില്‍  വന്ന്‍ ഭവിക്കാം. നമ്മെ രക്ഷിക്കാന്‍  ഒരു മഹാ ശക്തിയും വരില്ല. അല്ലെങ്കില്‍ നമ്മുടെ യാതനകള്‍ക്ക് അര്‍ത്ഥം നല്‍കാന്‍ ഒന്നിനുമാവില്ല. സന്തോഷകരമോ, ദുഖകരമോ ആയ ഒരു അന്ത്യം ഉണ്ടാകില്ല. ഒരു അന്ത്യം തന്നെ അതിനു ഉണ്ടാകണം എന്നില്ല. കാര്യങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി  സംഭവിച്ചു കൊണ്ടേയിരിക്കും. 

ആധുനിക ലോകം ഉദ്ദേശ്യങ്ങളില്‍ വിശ്വസികുന്നില്ല. കാരണങ്ങളില്‍ മാത്രമാണ് പ്രാമുഖ്യം നല്‍കുന്നത്. ആധുനികതയുടെ മുദ്രാവാക്യം  വെറും സംഭവാമി യുഗേ യുഗേ എന്നത് മാത്രം.

മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, ഇങ്ങനെ പ്രത്യേക രചനയും ഉദ്ദേശ്യവും, ബാധ്യതയുമില്ലാതെ കാര്യങ്ങള്‍ സംഭാവിക്കുന്നുവെങ്കില്‍ ഒരു മനുഷ്യനും മുന്‍കൂട്ടി തീരുമാനിച് ഒരു റോളും ചെയ്യാന്‍ ബാധ്യസ്ഥനുമല്ല. നമുക്ക് എന്ത് വേണമെങ്കിലും എങ്ങനെയും ചെയ്യാം, അതിനൊരു വഴിയുണ്ടെങ്കില്‍. നമ്മുടെ അജ്ഞത മാത്രമേ അതിനൊരു വിലങ്ങുതടി ആവുകയുള്ളൂ. 

അജ്ഞത മതത്തിന്റെയും, ജാതിയുടെയും, വേഷത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ നിങ്ങളെ പിടിമുറുക്കാം. 

എന്നാല്‍  മഹാവ്യാധികള്‍, വരള്‍ച്ച ഇവയൊന്നിനും പ്രാപഞ്ചിക തലത്തില്‍ പ്രത്യേക അര്‍ത്ഥം ഒന്നുമില്ല. നമുക്കതിനെ ശരിയായ ശാസ്ത്രനേട്ടങ്ങള്‍ കൊണ്ട് നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയും. യുദ്ധങ്ങള്‍ നല്ല ഭാവിയിലേക്കുള്ള ഒരു അനിവാര്യ തിന്മയായി കരുതുന്നതിനു പകരം നമുക്ക് സമാധാനം സ്ഥാപിക്കാം. 

മരണത്തിനപ്പുറം നിങ്ങള്‍ക്കായി ഒരു സ്വര്‍ഗ്ഗവും കാത്തിരിക്കുന്നില്ല. ഏതാനും ചില സാങ്കേതിക ബുദ്ധിമുട്ടുകളുടെ ചെറിയ കടമ്പകള്‍ കടന്നാല്‍ നമുക്ക് ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാനും അതില്‍ എക്കാലവും ജീവിക്കാനും സാധിക്കും. 

ഇനിയും ഉണരുവാന്‍ നിങ്ങള്‍ക്ക് സമയം ആയില്ലെങ്കില്‍ നിങ്ങള്‍ നിത്യമായി ഉറങ്ങുന്നത് തന്നെയാണ് മനുഷ്യരാശിക്ക് അഭികാമ്യം.

 കൊറോണ ചില പാഠങ്ങള്‍ പഠിപ്പിക്കും