നിശബ്ദത
നിശബ്ദതയാണ്
എന്നെ ഞാനാക്കുന്നത്.
നിശബ്ദതയാണ്
എന്നെ ഞാനാക്കുന്ന ശക്തിയും.
ദൈവസ്തുതിപ്പുകളുടെ
ആലോസരങ്ങളില്ലാത്ത നിശബ്ദത.
വചനപ്രഘോഷകരുടെ
ഹര്‍ഷാരവങ്ങളും വായിട്ടലപ്പുകളും ഇല്ലാത്ത നിശബ്ദത.
മതബന്ധിയായ
പ്രഭാതകീര്‍ത്തങ്ങളും ബാങ്ക് വിളികളും പള്ളിമണി മുഴക്കങ്ങളും ഇല്ലാത്ത നിശബ്ദത.
സന്യാസ
മുനിശ്രേഷ്ഠന്‍മാരുടെ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായി വികൃതമാകാത്ത പ്രകൃതിയുടെ
നിശബ്ദത.
ഹൃദയത്തുടിപ്പുകളെപ്പോലും
നിശ്ചലമാക്കുന്ന ഹൃദയമില്ലാത്ത ആധുനിക സംഗീതധ്വനികളുടെ പ്രകമ്പനങ്ങള്‍ ഇല്ലാത്ത
നിശബ്ദത.
മണ്‍കല്‍പ്രതിമകളില്‍
ആവാഹിച്ച ചൈതന്യമൂര്‍ത്തികള്‍ക്ക് പ്രീതി
പകരാന്‍ മുഴക്കുന്ന കര്‍ണ്ണകടോരോരമായ അമിട്ടുകളും വെടിക്കെട്ടുകളും ഇല്ലാത്ത
നിശബ്ദത.
ജാതിമത
ഉച്ചനീചത്വങ്ങളുടെ പേരില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നവരുടെ നിലവിളികള്‍
ഇല്ലാത്ത നിശബ്ദത.
രാഷ്ട്രീയപകപോക്കലുകള്‍ക്കായി
കൊടിക്കൂറകള്‍ക്ക് പിന്നില്‍ അണിനിരന്ന് കൊലവിളി നടത്തുന്നവരുടെ ശബ്ദമലിനീകരണം
ഇല്ലാത്ത നിശബ്ദത.
അധികാര
കസേരയില്‍ ഇരിക്കുന്നവരെ പ്രീതിപ്പെടുത്തി തന്‍കാര്യം നേടുന്ന സ്തുതിപാടകരുടെ കപടവാക്കുകളില്ലാത്ത
നിശബ്ദത.
സ്വന്തം
ഉത്തരവാദിത്വങ്ങളെ കാറ്റില്‍ പറത്തി സ്ത്രീസമത്വവാദപ്രതിധ്വനികള്‍
ഉണ്ടാക്കുന്നവരുടെ കാലടി ശബ്ദങ്ങളില്ലാത്ത നിശബ്ദത.
മതഭ്രാന്തിന്റെ
കിരാതത്വത്തില്‍ ജീവന്‍ പിരിയേണ്ടി വന്ന പിഞ്ചുകിടാങ്ങളുടെ രോദനങ്ങള്‍ ഇല്ലാത്ത
നിശബ്ദത.
അവിടെയെല്ലാം
യഥാര്‍ത്ഥ നിശബ്ദതയുണ്ട്.
പ്രകാശഗോളങ്ങളും
നക്ഷത്രങ്ങളും സൌരയൂഥങ്ങളും പ്രകാശവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന
നിശബ്ദത.
അതാണ്
പ്രപഞ്ചത്തിന്റെ ശക്തി. എന്റെയും നിങ്ങളുടെയും ശക്തി.
എനിക്കും നിങ്ങള്‍ക്കും
നഷ്ടമായ ശക്തി.
നമുക്കത്
വീണ്ടും തിരിച്ചു നേടേണ്ടതുണ്ട്.
-------ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍------
