എന്താണ് കാല്പനികത? പലവട്ടം ജീവിതത്തില്‍ കേട്ടു മറന്നു പോകുന്ന പദം. വെറും റൊമാന്റിസത്തിനു മലയാളീകരണം കടം കൊടുത്തു എഴുതിച്ചേര്‍ത്ത പദം. അതിനു കാല്പനികതയുടെ കരിയിലയനക്കം എന്ന് തിരുത്തി വേണമെങ്കില്‍ വീണ്ടും മറ്റൊരു പദപ്രയോഗം നടത്താം. പച്ചപ്പാര്‍ന്ന്‍ പന്തലിച്ചു വളരേണ്ട മനുഷ്യന്റെ ചെറു ജീവിതം കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും വരുന്ന കാറ്റിനോത്തു പറന്നു മാറുമ്പോള്‍ നഷ്ടമാകുന്നത് പച്ചപ്പാര്‍ന്ന ജീവിതമെന്ന ഗൃഹാതുരത്വം പകരുന്ന ഒരു പദമാണ്. എങ്ങനെയാണ് ഈ പച്ചപ്പിനു ഒരു ഇലവാട്ടം സംഭവിക്കുന്നത്? പലപ്പോഴായി ജീവിത പന്ഥാവില്‍ ഒരു വഴിയാത്രികനെന്നോണം കടന്നു വരുന്ന കുറെ ‘നിര്‍’ കളാണ്. നിര്‍വികാരത, നിര്‍നിമേഷത, നിര്‍ഭയത, നിര്‍ലോഭത, നിഷ്ക്രീയത... അങ്ങനെ പലതുമാണ്. ചില ജീവിത സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് നിര്‍വികാരനാകാം, അത് ചിലപ്പോള്‍ ആവശ്യവുമാണ്. ചിലപ്പോള്‍ ജീവിതത്തിന്റെ നാലും കൂടുന്ന കവലകളില്‍ നിര്‍നിമേഷനായി നില്‍ക്കേണ്ടി വരും, എന്ത് ചെയ്യണമെന്നോ, എന്ത് പറയണമെന്നോ, എങ്ങോട്ട് പോകണമെന്നോ അറിയാതെ. നിന്റെ ക്രീയാത്മതകള്‍ ഫലം കാണാതെ വരുമ്പോള്‍, അതിനു വില കല്പിക്കാതെ വരുമ്പോള്‍ നീ നിഷ്ക്രീയന്‍ ആയി മാറാം. പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തെ അമിതമായും, പ്രതികൂലമായും ബാധിക്കുമ്പോള്‍ മറുകരയ്ക്ക് നീന്താന്‍ നീ ഒരു അയഥാര്‍ത്ഥ്യമായ നിര്‍ഭയത ജീവിതത്തില്‍ അനുവര്‍ത്തിക്കണ്ടതായും വരും. ജീവിതത്തിന്റെ മറുകര എത്തുമ്പോള്‍ വീണ്ടും നിര്‍ലോഭമായ ഒരു കാല്പനികത ജീവിതത്തിലേക്ക് കടന്നു വരാം. ഇതാണ് ജീവിതത്തിലെ ‘സംഭവാമി യുഗേ യുഗേ എന്ന തത്വാവിഷ്കാരം.
തത്വചിന്തകന്‍ അവന്റെ ചാര്കസേരയിലിരുന്നു അയഥാര്‍ത്ഥ്യ പ്രഹേളികകളെ യാഥാര്‍ത്യവല്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെ എന്തോ ഒന്ന് നഷ്ടമാകുന്നു എന്നത് ഒരു കണ്ടെത്തല്‍ അല്ല. അത് മനസ്സിലാക്കാന്‍ ഒരുവന് തത്വശാസ്ത്രം വേണ്ട. ഉള്‍പ്രേരണകളുടെ ഉറവിടമായ ഒരു തുറന്ന മനസ്സ് മതി. ഇന്ന് ലോകത്ത് കുറവുള്ളത് ഉള്പ്രേരണകള്‍ ഉള്ള മനുഷ്യര്‍ ആണ്. ആത്മാവ് എന്ന ജീവന്റെ പുസ്തകം അടച്ച് മനുഷ്യന്‍ തലച്ചോറ് എന്ന ലൈബ്രറിയില്‍ കയറുമ്പോള്‍ അവിടെ അവന്‍ കണക്ക് കൂട്ടലുകളുടെ യന്ത്രവുമായി തന്മയത്വത്തോടെ സമരസപ്പെടാന്‍ പ്രാപ്തന്‍ ആകുന്നു.
മിന്നി മറയുന്ന പൂജ്യങ്ങളും ഒന്നുകളും തിരിച്ചറിയാന്‍ കഴിയുന്നവനെ ബുദ്ധിരാജാവ് എന്ന നാമധേയം നല്‍കി തലപ്പാവ് ധരിപ്പിക്കുമ്പോള്‍ പിന്നെ അവനു എവിടെയും ആരെയും ഭരിക്കാം. അവനെ നീയന്ത്രിക്കാന്‍ ആര്‍ക്കുമാവില്ല. അങ്ങനെ മനുഷ്യരെല്ലാം ഈ സംഖ്യാ ശ്രേണിയിലെ രാജാവും പ്രജകളുമായി കഴിഞ്ഞ് പോകുന്നു. സംഖ്യാരാജാവ് പറയുന്ന അക്കങ്ങള്‍ തിരിച്ചറിയുകയും, അനുകരിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന പ്രജകള്‍ക്ക് അന്നമുണ്ട്. അത് മറ്റൊരു കാല്പനികതയാണ്. രാജാവും പ്രജകളും ഒന്നിച്ച് ഉണ്ട് ഉറങ്ങുന്ന ഒരു റോമാന്റിസം. അങ്ങനെ അന്നം ഉണ്ട് ആത്മനിര്‍വൃതിയില്‍ ആയ പ്രജകള്‍ അറിയാതെ ചൊരിയുന്ന വെള്ളിക്കാശുകള്‍ക്ക് ദശാംശം എന്ന ഓമനപ്പേര് നല്‍കുമ്പോള്‍ സംഖ്യാരാജാവ് സുഭിക്ഷതയുടെ നെറുകയില്‍ മട്ടുപ്പാവിലെ ചാരുകസേരയില്‍ ഇരുന്ന്പുതിയ തത്വശാസ്ത്രം രൂപകല്‍പന ചെയ്യുന്നു. അതാണ് ആധുനിക ലോകത്തിന്റെ കാല്പനികത. കടമെടുത്ത് കടം കൊടുത്ത് ലാഭം കൊയ്യുന്ന സംഖ്യാശ്രേണിയുടെ കാല്പനികത. ആത്മാവ് നഷ്ടമായ കാല്പനികത. അതിനെതിരെ പ്രതികരിക്കുന്നവനെ വിഡ്ഢി എന്നും ഭ്രാന്തന്‍ എന്നും മുദ്ര കുത്തുന്ന കാല്പനികത. മുട്ടാപ്പുകളും വാദപ്രതിവാദങ്ങളും കൊണ്ട് മനസ്സിനെ വിലക്കെടുത്ത് പ്രതിക്കൂട്ടില്‍ ആക്കി നിഷ്കരുണം ബലിനല്‍കുന്ന അത്യന്താധുനികതയുടെ കാല്പനികത. ഇവിടെ ആര് ആരോട് എന്ത് പറയാന്‍. തലച്ചോറ് ഉള്ളവന് അന്നവും ആത്മാവ് ഉള്ളവന് അടിമത്തവും പ്രഖ്യാപിക്കുന്ന സംഖ്യലോകത്തിന്റെ കാല്പനികത. നിനക്ക് ജീവിക്കാം രണ്ടു കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ഒന്നാമതായി കുറെയേറെ പൂജ്യങ്ങളുടെയും ഒന്നുകളുടെയും കയറ്റുമതി, അത് പോലെ തന്നെ ആരൊക്കെയോ എവിടെ നിന്നൊക്കെയോ അനിയന്ത്രിതമായി കയറ്റുമതി ചെയ്യുന്ന ഒന്നുകളുടെയും പൂജ്യങ്ങളുടെയും ഇറക്കുമതി. ഇവിടെ ആര്‍ക്കും ഒന്നും നഷ്ടമാകുന്നില്ല. ആത്മാവും ജീവനും ഇല്ലാത്ത സംഖ്യകളെ കൃത്യമായി ചലിപ്പിച്ച് അതിനു ജീവന്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള അനേകരുടെ ശ്രമങ്ങള്‍ അനസ്യൂതം ഒഴുകുന്ന ഈ ഭൂമിയില്‍ നമുക്കും ജീവിക്കാം. ആത്മാവ് ഇല്ലാത്ത സംഖ്യകളുടെ രാജാവും പ്രജകളുമായി. അവിടെയും കാല്പനികത മരിക്കുന്നില്ല.


