ആരാണ് മലയാളി
ആയിരത്തെക്കാളും വലുത് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് ആണെന്ന് തമിഴനെ പറഞ്ഞു പറ്റിച്ച് സ്വന്തം സമ്പത്ത് അവന് തീറെഴുതിക്കൊടുത്ത ബുദ്ധിമാന്‍ മലയാളി.
മൂപ്പ് കൂടിയാല്‍ ബലം കൂടും എന്ന സൂര്‍ക്കി മിശ്രിതത്തിന്റെ തത്വം മനസ്സിലാക്കി അതിന്റെ ഒലിച്ചു പോയ ഓട്ടയില്‍ സിമന്‍റ് പൊത്തി വയ്ക്കാന്‍ അനുവാദം കൊടുക്കാന്‍ മാത്രം ശുദ്ധ മനസ്സുള്ളവന്‍ മലയാളി.
അറുപതിനെ രണ്ടു കൊണ്ട് ഗുണിച്ചാല്‍ നൂറ്റിമുപ്പത് ആക്കാം എന്ന് ലോകത്തെ കാണിച്ചു കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവന്‍ മലയാളി.
അഞ്ചു വയസ്സുള്ള പാര്‍ട്ടിക്ക് ആയിരം കോടിയുടെ കടം വരുത്താന്‍ രാവിലെ മുതല്‍ രാത്രി വരെ വോട്ട് ചെയ്ത് തീരുമാനിക്കാന്‍ കഴിവുള്ളവന്‍ മലയാളി.
പ്രകൃതി ദുരന്ത സമയങ്ങളില്‍ റേറ്റ് കൂട്ടാന്‍ മരണ നിരക്ക് ഫ്ലാഷ് സ്ക്രീനില്‍ മിന്നിമറച്ചു സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ കഴിവുള്ളവന്‍ മലയാളി.
പ്രളയത്തില്‍ ഒലിച്ചു പോയവര്‍ക്ക് ദൈവകൃപ ഇല്ലന്നും, ഒലിച്ചു പോകാത്തവര്‍ക്ക് ദൈവകൃപ ഉണ്ടെന്നും വിശ്വസിക്കാന്‍ മനസ്സിനെ പരുവപ്പെടുത്തിയവന്‍ മലയാളി.
കോടികള്‍ മറിയുമ്പോള്‍ കോടതികള്‍ മൂകമാകും എന്ന് കൂടെക്കൂടെ തെളിയിച്ചു നീയമസംഹിതകള്‍ തിരുത്തിയെഴുതാന്‍ കഴിവുള്ളവന്‍ മലയാളി.
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ക്ക് അത് രണ്ടും ഇല്ലാത്ത അണികളെക്കൊണ്ട് ആകാശ ഗോപുരങ്ങള്‍ പണിയാന്‍മാത്രം സമ്പന്നരാകാം എന്ന് എല്ലാ അഞ്ചു വര്‍ഷവും വിരലില്‍ മഷി തേച്ച് ഉറപ്പിക്കാന്‍ കഴിവുള്ളവന്‍ മലയാളി.
മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഒരിക്കലും പൊട്ടില്ല എന്നുറപ്പുള്ള ഡാമുകളുടെ കീഴെ വീട് പണിയാന്‍ ചങ്കുറപ്പ് ഉള്ളവന്‍ മലയാളി.
വിദ്യാഭ്യാസം അന്യനാട്ടില്‍ ചെയ്താലേ വിലയുള്ളൂ എന്ന് മനസ്സില്‍ ഉറപ്പിച്ചു അതിനു വേണ്ടി കിടപ്പാടം വിറ്റും കടം വാങ്ങിയും മക്കളെ അവിടേക്ക് അയയ്ക്കാന്‍ കഴിവുള്ളവന്‍ മലയാളി.
മതരാഷ്ട്രീയ കെട്ടുപാടുകള്‍ വെറും ഊരാകുടുക്കുകള്‍ ആണെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാന്‍ അവസരം കൊടുക്കാതെ അവര്‍ക്ക് ജയ് വിളിച്ചും സ്തുതി പാടിയും അവര്‍ക്കൊപ്പം താളംതുള്ളാന്‍ കഴിവുള്ളവന്‍ മലയാളി.
മത രാഷ്ട്രീയ അധികാര വര്‍ഗ്ഗത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ അവരെ അഴികള്‍ക്ക് പിന്നിലാക്കണം എന്ന് ഉള്‍ബോധം ഇല്ലാതെ ചങ്കുറപ്പോടെ പറയാന്‍ കഴിവുള്ളവന്‍ മലയാളി.
ദൈവത്തെ തൊട്ടാല്‍ കൈവെട്ടും എന്നും, രാഷ്ട്രീയത്തെ തൊട്ടാല്‍ അമ്പത്തൊന്ന് വെട്ടും എന്ന് തെളിയിക്കാന്‍ ക്വോട്ടഷന്‍ സംഘത്തെ പണം കൊടുത്ത് ഊട്ടി വളര്‍ത്താന്‍ കഴിവുള്ളവന്‍ മലയാളി.
നികുതിപ്പണം കൊണ്ട് റോഡിലെ കുഴികള്‍ നികത്താതെ അതില്‍ വെള്ളം നിറച്ചു അവിടെ മീന്‍ വളര്‍ത്താം എന്ന് പലവട്ടം തെളിയിച്ചവന്‍ മലയാളി.
മന്ത്രി അല്ലായിരുന്നെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ ചികിത്സ തേടേണ്ടവര്‍ ഖജനാവ് അരിച്ചു പെറുക്കി വിദേശ സുഖചികിത്സ തേടാന്‍ പഞ്ചനക്ഷത്ര സൗകര്യം ഒരുക്കാന്‍ കഴിവുള്ളവന്‍ മലയാളി.
സദാചാര വിഷയങ്ങളില്‍ ശ്വാസംമുട്ടി ജീവിക്കുമ്പോഴും അവസരം കിട്ടിയാല്‍ അമ്മയെപ്പോലും തിരിച്ചറിയാന്‍ കഴിവില്ലാത്തവിധം ആത്മ നീയന്ത്രണം കയ്യിലെടുത്തു അമ്മാനമാടാന്‍ കഴിവുള്ളവന്‍ മലയാളി.
ഏതു വഴിവക്കിലും തുണിപൊക്കി മൂത്രമൊഴിക്കുന്നവന്‍ കന്നിമൂലയില്‍ കക്കൂസ് വച്ചാല്‍ കഷ്ടകാലം ഉണ്ടാകും എന്ന് പറഞ്ഞു പഠിപ്പിക്കാന്‍ കഴിവുള്ള അസാധ്യ പ്രതിഭാസം മലയാളി.
അച്ചടക്കം പരിശീലിപ്പിക്കാന്‍ നാട് നീളെ സര്‍ക്കാര്‍ ചിലവില്‍ ബിവരേജുകള്‍ സ്ഥാപിച്ച് അതിലൂടെ അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്നവന്റെ അവസാനത്തെ ചില്ലിക്കാശും തിരിച്ചു പിടിച്ചു അവനെ നിത്യദരിദ്രന്‍ ആക്കാന്‍ കഴിവുള്ള നാട്ടില്‍ ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവന്‍ മലയാളി.
ഇനി സമയം കിട്ടുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങളും എഴുതി ചേര്‍ക്കുക...
ഓം മലയാള സമൂഹായ: നമ:
ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍
First published on 12/08/2024