Tuesday, 14 January 2025

ചൊവ്വയിലേക്ക് ഒരു യാത്രയാകാം !



മനുഷ്യന് മറ്റൊരു പുറപ്പാടിന് സമയമായി

നാം അധിവസിക്കുന്ന ഭൂമി പ്രപഞ്ചത്തിന്റെ ഒരു പ്രത്യേക സന്തുലിതാവസ്ഥയുടെ ഭാഗമായി ഉദയം ചെയ്തതാണ്. ഇപ്പോള്‍ അറിവുള്ള ശാസ്ത്രജ്ഞാനം വച്ച് ഭൂമി മാത്രം ആണ് ജീവന്‍ എന്ന അവസ്ഥക്ക് സാധ്യതയുള്ള പ്രപഞ്ചത്തിലെ ഏക സന്തുലിതാവസ്ഥയുടെ  കേന്ദ്രം. ഒരു മതത്തിനും അവരുടെ ദൈവത്തിന്റെ കഴിവ് കൊണ്ട് ഭൂമി ഉണ്ടായി എന്ന് പറയുവാന്‍ കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാത്തിനും അതിന്റെതായ തനതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. കാലത്തിനൊത്തു അതിനു പരിണാമം സംഭവിക്കുകയും ചെയ്യും. പ്രപഞ്ചത്തെ മനുഷ്യന്‍ അവന്റെ  സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി അമിത ചൂഷണം ചെയ്യുമ്പോള്‍  ഭൂമിയുടെ സന്തുലിതാവസ്ഥക്കും കോട്ടം സംഭവിക്കും. അതുകൊണ്ട് പ്രപഞ്ചത്തിന്റെ നീക്കങ്ങൾക്കൊത്ത്  മുന്‍പോട്ടു പോവുകയാണ് മനുഷ്യന് നല്ലത്.

എല്ലാം സൃഷ്ടിച്ചത് തങ്ങളുടെ മതങ്ങളുടെ ദൈവങ്ങള്‍ ആണെന്ന മിഥ്യാധാരണ മനുഷ്യന്റെ മസ്തിഷ്കത്തില്‍ ഒരു പ്രളയമായി അലയടിക്കുമ്പോള്‍ അവന് അവന്റെ സൃഷ്ടാവിനെ സംരക്ഷിക്കേണ്ടത് ഒരു കടമ എന്നതിലുപരി ഒരു ദൌത്യം കൂടി ആണ്. വിശ്വാസ പ്രളയത്തില്‍ വിലയം പ്രാപിച്ച മനുഷ്യന്റെ കുഞ്ഞു മസ്തിഷ്കം അവനോടു മന്ത്രിക്കും നിന്റെ സൃഷ്ടാവിന് ശക്തിയില്ല അതുകൊണ്ട് വിശ്വാസിയായ നിന്റെ പിന്തുണ നിന്റെ സൃഷ്ടാവിന് അനിവാര്യം ആണ് എന്ന്.

മതവും വിശ്വാസവും ദൈവങ്ങളും ഒരു വലിയ വ്യവസായവും സാമ്പത്തിക സ്രോതസ്സും ആയി മാറിയപ്പോള്‍ അതിന്റെ നിലനില്പ് മതമേധാവികളുടെ ഒരു ആവശ്യം കൂടി ആയി മാറി. തന്മൂലം ഒരു മസ്തിഷ്കപ്ര ഷാളന ക്രീയയിലൂടെ മനുഷ്യന്‍ നിര്‍ബന്ധിതമായി ദൈവവിശ്വാസ പരിണാമത്തിനു വിധേയനാവുകയും തങ്ങളുടെ ദൈവങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്തില്ലെങ്കില്‍ തങ്ങുടെ ദൈവങ്ങള്‍ നിലനില്‍ക്കില്ല എന്ന് തങ്ങളുടെ ഉപബോധ മനസ്സിനെ പഠിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഇന്ന് ഭൂമിയില്‍ മതബന്ധിതമായ സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കായി മനുഷ്യന്‍ പരിണാമം കൈവരിക്കുകയും, ഭൂമിയില്‍ ജനിച്ചു ജീവിച്ചു മരിച്ചു ഭൂമിയുടെ ഭാഗം ആകണ്ടവര്‍ ഭൂമിക്ക് ഒരു ദുരന്തം ആയി മാറുകയും ചെയ്തു.

മനുഷ്യന്‍ ഒരു സാര്‍വത്രിക സന്തുലിതാവസ്ഥയുടെ ഭാഗമായി രൂപപ്പെട്ടവര്‍ ആകയാല്‍ അവനില്‍ സമാധാനം, സഹകരണം, കൊടുക്കല്‍ വാങ്ങല്‍ തുടങ്ങിയ ഒത്തിരി നല്ല ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ മതങ്ങള്‍ അവരെ മത്സരങ്ങളിലേക്ക് നയിച്ചു. ആരാണ് തങ്ങളില്‍ ശക്തിമാന്‍, ഏതു മതങ്ങളുടെ ദൈവതിനാണ് കൂടുതല്‍ ശക്തി, ഏതു മതദൈവം ആണ് ശരി എന്നിങ്ങനെയുള്ള ചിന്താ സരണികള്‍ രൂപപ്പെടുകയും അത് സാമൂഹികവും രാഷ്ട്രീയവും ആയ നിലപാടുകളെ സ്വാധീനിക്കുകയും ചെയ്തു. അങ്ങനെ ഒരു തെറ്റായ മനുഷ്യവംശസംസ്കാരം  രൂപപ്പെടുകയും അതിന്റെ തിരുത്തലുകള്‍ അസാധ്യമായി വരികയും ചെയ്യുന്നു. അത് ഒരു തെറ്റായ ഊര്‍ജ്ജം ആണ്. അതിന്റെ അതിപ്രസരം ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നതുപോലെ ഈ സര്‍വ്വപ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും താറുമാറാക്കും.

ഒരു ചെറിയ ശതമാനം ആളുകളുടെ ഊര്‍ജ്ജം പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയുമായി രമ്യതയില്‍ ആണ്. എന്നാല്‍ അത് സ്വയം പ്രതിരോധിക്കാന്‍ മാത്രം കെല്‍പ്പുള്ള ഒന്നല്ല. അത് വെറും പൊട്ടുന്ന അണുബോംബിന്റെ പ്രഹരണ ശക്തിയില്‍ കെടാതെ നില്‍ക്കുന്ന ചെറിയ തിരിനാളം പോലെയാണ്. തീര്‍ച്ചയായും നൂറു ശതമാനം അസാധ്യമായ ഒന്ന്.
അതുകൊണ്ട് മനുഷ്യന്‍ ഭൂമി ഉപേക്ഷിക്കേണ്ട സമയം ആയി എന്നാണ് എന്റെ നിലപാട്. എവിടേക്ക് എന്ന്‍ എനിക്കറിയില്ല. വെറുതെ പുറപ്പെടുക. അല്ലെങ്കില്‍ സ്വയം മാറ്റത്തിന് തയ്യാറാവുക.

നമുക്ക് സ്വയം നന്നായി  ജീവിക്കാം അതുപോലെ തന്നെ മറ്റുള്ളവരും നന്നായി ജീവിക്കട്ടെ.  എല്ലാവര്ക്കും  മനുഷൻ എന്ന നിലയിൽ തുല്യമായ അവകാശങ്ങളോടും കൂടി. ഒരുവന് എല്ലാ അവകാശങ്ങളും എന്നാല്‍ മറ്റൊരുവന് ഒരു അവകാശങ്ങളും ഇല്ലാത്ത അവസ്ഥ. അത്  യഥാര്‍ത്ഥ സന്തുലിതാവസ്ഥ അല്ല. അത് സമാധാനം നേടിത്തരില്ല. മതം ഒരു അവകാശം അല്ല. നിങ്ങള്ക്ക് വിശ്വസിക്കാം, മതങ്ങളിലോ, ദൈവങ്ങളിലോ, രാഷ്ട്രീയങ്ങളിലോ അല്ല മറിച്ച് നിങ്ങളില്‍ തന്നെ. ഈ സര്‍വ്വപ്രപഞ്ചത്തിന്റെ ഭാഗമായ നിങ്ങളില്‍ തന്നെ. അവിടെ സമാധാനത്തിന്റെ ഊര്‍ജ്ജം ഉണ്ട്, സഹകരണത്തിന്റെ ഊര്‍ജ്ജം ഉണ്ട്. ആ ഊര്‍ജ്ജത്തില്‍ ആണ് നിങ്ങള്‍ ഭാഗഭാക്കുകള്‍ ആകേണ്ടത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അതിനു സാധ്യം ആകുന്നില്ല എങ്കില്‍ ഈ ഭൂമിയില്‍ നിന്ന് ഒരു പുറപ്പാടിന് സമയം ആയി!!! നമുക്ക് ചൊവ്വയിലേക്ക് യാത്രയാകാം!