വിശുദ്ധ ജീവിതത്തിന് ഒരടിക്കുറിപ്പ്
വിവേക ജീവിതം വിരഹ വിരാമം
വിശുദ്ധ വിശ്രമം വിശ്വൈക വിജയം
നിഗളിപ്പുകള്‍ ഇല്ലാത്ത ഇഹലോക നിര്‍മ്മല ജീവിതത്തിനു വിരാമം
ആയിട്ട് വര്‍ഷം ഒന്ന്! കുട്ടിയമ്മച്ചിയുടെ ഓര്‍മകളില്‍ ഒരിക്കലെങ്കിലും ഒരു
തേങ്ങല്‍ മനസ്സില്‍ ഉണ്ടാകാത്തവര്‍ വളരെ ചുരുക്കം. കുടുംബം എന്ന സഹനസാഗരത്തിലെ
ഏകാന്ത ദ്വീപിലെ കൊടുമുടി കയറി ഒരു മുഴം
പോലും മുന്നോട്ടു പോകാനാകാതെ സ്നേഹത്തിന്റെ അവസാന തരംഗങ്ങള്‍ പോലും മറ്റുള്ളവര്‍ക്കായി
മാറ്റിവച്ചു കടന്നു പോയ ഒരു പൊന്നുജീവിതത്തിന്റെ ഓര്‍മ്മ ദിനം.
സഹനസ്നേഹത്തിന്റെ നല്ല നാള്‍വഴികള്‍ സകലര്‍ക്കുമായി എരിയിച്ച് തീര്‍ത്ത ഒരു ശാന്ത
ജീവിതം. കുടുംബ ജീവിതത്തിലെ സഹനസ്ഥലങ്ങളുടെ കുരിശടികള്‍ ഒന്നിച്ചും ഒറ്റയായും
നടന്നു തീര്‍ത്ത്, അയല്‍ക്കാര്‍ക്ക് കൂട്ടുകാരിയായി, നാട്ടുകാര്‍ക്ക്
മാതൃകയായി,
സാധുക്കള്‍ക്ക് അത്താണിയായി ഉള്ളതില്‍ പങ്കു ദാനം ചെയ്ത് സമ്പത്തിനോടും ആര്‍ഭാടങ്ങളോടും
ഒട്ടും പ്രതിപത്തിയില്ലാതെ മുന്നോട്ട് പോയ ഈ മഹനീയ ജീവിതം ക്രിസ്തീയ അത്മായ
ജീവിതത്തിന്റെ മഹത്തായ മാതൃകയാണ്.
കൊട്ടിഘോഷിക്കപ്പെടെണ്ട കുടുംബ പാരമ്പര്യങ്ങള്‍, അമിത
സമ്പത്തിന്റെ വെള്ളിത്തിളക്കങ്ങള്‍ എന്നിവ ഒന്നുമില്ലാത്തതുകൊണ്ട് അധികം ആരും
അറിയാതെ കടന്നു പോകുന്ന ചില വിശുദ്ധ ജീവിതങ്ങളില്‍ ഒന്നായിരുന്നു അമ്മച്ചിയുടെതും.
ഒരു വിശുദ്ധ ആകാന്‍ സന്യാസമടത്തിന്റെ മതില്‍ക്കെട്ടുകള്‍
ആവശ്യമില്ലെന്ന് ലോകര്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു നന്മ ജീവിതത്തിന്റെ എളിയ
മാതൃകയായിരുന്നു അമ്മച്ചിയുടെ ജീവിതം.
മതവിശ്വാസമെന്ന തലക്കെട്ടിനുള്ളില്‍ ഒരു വിശുദ്ധ
ആകണമെങ്കില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കണം.
എന്നാല്‍ അമ്മച്ചിയുടെ ജീവിതം തന്നെ ഒരു മഹാത്ഭുതം ആയിരുന്നു. ഇതില്‍പരം ഒരു ലളിതമായ ഒരു ജീവിതം നയിക്കുക
എന്ന് പറയുന്നത് തന്നെ മനുഷ്യജീവിതത്തിന് ഒരു വെല്ലുവിളിയാണ്.
മിക്കവാറും ഒരു ചെരുപ്പ് പോലും ധരിക്കാതെ കല്ലിലും, മുള്ളിലും, കാട്ടിലും പറമ്പിലും നടന്നു തഴമ്പിച്ച അമ്മച്ചിയുടെ കാല്‍പാദങ്ങള്‍ തൊട്ടു വണങ്ങാന്‍ നമുക്ക് എന്തിനു മടി തോന്നണം.
സമ്പത്തിന്റെ അതിപ്രസരത്തില്‍ പണിതുയര്‍ത്തിയ മാര്‍ബിള്‍ കുടീരങ്ങളിലെ അസ്ഥി പഞ്ചരങ്ങള്‍ക്ക് മുന്‍പില്‍ തിരികത്തിച്ചു പണം എറിയുമ്പോള്‍ പലരും മറന്നു പോകുന്നത് ഇത്തരം ഉള്ള പുണ്യ പാദങ്ങളുടെ തിരുവന്ദനങ്ങള്‍ ആണ്.
മനസ്സിരുത്തി ഉള്ളു തുറന്നു വിളിച്ചാല്‍ വിളി
കേള്‍ക്കാന്‍ തയ്യാറായി അമ്മച്ചിയുടെ ആത്മാവ് അകലെയല്ലാതെ അരികിലുണ്ട്.
വളര്‍ത്തു മൃഗങ്ങളെപ്പോലും കൂടപ്പിറപ്പുകളെപ്പോലെ നോക്കി
വളര്‍ത്തി പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങിയും ഒന്ന് ചേര്‍ന്നും ജീവിച്ചു തീര്‍ത്ത
മാതൃക ജീവിതം. അങ്ങനെയുള്ള ആത്മീയ വിശുദ്ധര്‍ ജീവിക്കുന്നത് മനുഷ്യ മനസ്സുകളില്‍
ആണ്. അവരാണ് യഥാര്‍ത്ഥ വിശുദ്ധരും. നമ്മുടെ ഓര്‍മകളില്‍ വെളിച്ചം കെടാതെ തിളങ്ങി
തെളിഞ്ഞു നില്‍ക്കുന്ന ജീവിതമാണ് യഥാര്‍ത്ഥ വിശുദ്ധ ജീവിതം.
അമ്മച്ചി നടന്ന വഴിത്താരകള് ആവര്‍ത്തനത്തിന്റെ വഴികള്‍
ആണ്. അതുകൊണ്ട് നമുക്ക് നീണ്ട കഥകള്‍ എഴുതാന്‍ കഴിയില്ല. പക്ഷെ നമ്മള്‍ കഴുത്തില്‍
അണിയുന്ന മാണിക്യം എത്ര തവണ ആവര്‍ത്തിച്ചു ധരിച്ചാലും അതിന്റെ മാധുര്യം
കുറയുന്നില്ല. അതുപോലെ തന്നെ നമ്മുടെ അമ്മച്ചിയുടെ ആവര്‍ത്തന നടച്ചാലുകളുടെ ജീവിത
മാധുര്യവും ഒരിക്കലും കുറയുന്നില്ല.
ഇല്ലായ്മയില്‍ അമ്മച്ചി ഉണ്ടാക്കിത്തന്ന ചക്കക്കുരുമാങ്ങ
കറിയും,
തേങ്ങാചമ്മന്തിയും,
ഉള്ളി തോരനും,
ചേമ്പിന്‍ താളുകറിയും എല്ലാം പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചാലും, അതിന്റെ രുചിയും, മണവും ഒന്നും മനസ്സില്‍
നിന്ന് പോകില്ല. കാരണം അതിലെല്ലാം സ്നേഹത്തിന്റെ ഒരല്പം ഉപ്പുരസം അധികം ചേര്‍ത്തിട്ടുണ്ടാകാം.
വീട്ടില്‍ ഒന്നുമില്ലെങ്കിലും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി വരാം.
ഒന്നുമില്ല എന്ന് പറഞ്ഞു ഇറങ്ങി പോരേണ്ടി വരില്ല. ഉള്ളതില്‍ പങ്ക് ആര്‍ക്കും
കിട്ടും. അതായിരുന്നു അമ്മച്ചിയുടെ ഏറ്റവും വലിയ അത്ഭുതവും.
പുറം ലോകം ശാസ്ത്ര സാങ്കേതിക സാമൂഹിക സ്ഥിതികള്‍ അതിന്റെ
ഉയരങ്ങള്‍ തേടുമ്പോഴും നാട്ടിന്‍പുറത്തിന്റെ നന്മയും അതിന്റെ ലാളിത്യവും നെഞ്ചോട്
ചേര്‍ത്ത് നിര്‍മ്മലമായി ജീവിച്ചു തീര്‍ത്ത കുട്ടിയമ്മച്ചിയുടെ ജീവിതം നമുക്ക്
ഓരോരുത്തര്‍ക്കും മാതൃകയാക്കാം. അമ്മച്ചിയുടെ അനുഗ്രഹങ്ങള്‍ ഇനിയും എല്ലാവര്ക്കും
ഉണ്ടാകട്ടെ!