Sunday, 19 October 2025

മതവും, ദൈവവും , ആത്മാവും മണ്ണാങ്കട്ടയും





    തന്റെ കാഴ്ച്ചയ്ക്കുള്ളില്‍ ഒരു യാഥാര്‍ത്ഥ്യ ലോകം ഉണ്ടെങ്കിലും അതിനെ മറച്ചു വച്ച് അതിനുമപ്പുറം അദൃശ്യവും മായികവുമായ സ്വര്‍ഗ്ഗ സങ്കല്പത്തെ പകര്‍ന്നു കൊടുക്കുന്നതാണ് മതതന്ത്രം.  ശാസ്ത്രത്തിനു  എത്തിപ്പെടാവുന്ന പ്രകാശ വര്‍ഷ ദൂരങ്ങളില്‍ എവിടെയും അത്തരം ഒരു മായിക ലോകമോ അവിടെ വസിക്കുന്ന ദൈവങ്ങളെയോ ആത്മാക്കളെയോ കണ്ടെത്താനായിട്ടില്ല. സ്വര്‍ഗ്ഗം എന്ന് പറയുന്നത്  ഈ പ്രകാശവര്‍ഷ ദൂരങ്ങള്‍ക്കും അപ്പുറം ആണ് എന്ന് ബുദ്ധിക്കും, യുക്തിക്കും, ഭക്തിക്കും അനുമാനിക്കാന്‍ സാധ്യമാകുന്നുമില്ല. സ്വര്‍ഗ്ഗവാഗ്ദാനം ലക്ഷ്യമാക്കിയുള്ള മത ചിന്തകളെ വെടിഞ്ഞ് മനുഷ്യന്  അവന്‍ അധിവസിക്കുന്ന  ഭൂമിയില്‍ സമാധാനത്തോടും, സ്വസ്ഥതയോടും, സന്തോഷത്തോടും കൂടി ജീവിക്കാന്‍ അവസരം ഒരുക്കുന്നതായിരിക്കണം എല്ലാ പഠനങ്ങളും. അവിടെ ദൈവങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രപഞ്ചഗോളങ്ങള്‍ ഉണ്ടായതോ ഉണ്ടാക്കപ്പെട്ടതോ ആകട്ടെ. അതിനു പ്രാധാന്യം ഇല്ല. അതിന്റെ പ്രാധാന്യം അതിന്റെ ആരംഭസ്രോതസ്സില്‍ നിന്ന് ഇന്ന്  ജീവിക്കുന്നതോ വരാനിരിക്കുന്ന കാലത്തെയോ മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രകൃതിക്കും ഉപകാരപ്രദമായ എന്തെങ്കിലും നേടിയെടുക്കാന്‍ കഴിയുമോ എന്നതില്‍ മാത്രം ആയിരിക്കും.
അനാദികാലം മുതല്‍ അതായത് മനുഷ്യന് ബുദ്ധി വികാസം സംഭവിച്ച കാലം മുതല്‍ എത്രയോ യുദ്ധങ്ങള്‍ നടന്നു, എത്രയോ ജീവനുകള്‍ പൊലിഞ്ഞു. എന്തിനു വേണ്ടി? അവന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ദൈവത്തെ സംരക്ഷിക്കാന്‍, ദൈവം പറഞ്ഞതെന്ന് കരുതുന്ന വാക്കുകള്‍ക്ക് ശക്തി പകരാന്‍. മനുഷ്യന്റെ പരിണാമദശയില്‍  ഏതോ ഒരു ജീവനില്‍ വന്ന ജനിതക വൈകൃതം ആണ് ദൈവവും , മതങ്ങളും, മത ചിന്തകളും. അതിനു മാറ്റം വരണം എങ്കില്‍ മതത്തില്‍ മുക്കി വളര്‍ത്താത്ത, മതത്തിന്റെ മണവും, വളവും ചെളിയും പുരളാത്ത പുതു തലമുറകള്‍ ഒരു തുടര്‍ക്കഥ ആവണം. അങ്ങനെ മാറി ചിന്തിക്കണം എങ്കില്‍ അല്പം തന്റേടവും, പ്രതിസന്ധി ഘട്ടങ്ങളെ തന്മയത്വത്തോടെ നേരിടാന്‍ ഉള്ള കരുത്തും ഉണ്ടാകണം. എന്നാല്‍ അത്തരം മനുഷ്യര്‍ സമൂഹത്തില്‍ വളരെ വിരളം ആണ്. ഇങ്ങനെയുള്ള മനുഷ്യരുടെ ദൌര്‍ലഭ്യം നിലനില്‍ക്കുന്നിടത്തോളം കാലം മനുഷ്യകുലത്തിന്‌  അമാനുഷികത കൈവരിക്കാന്‍ കഴിയില്ല. മനുഷ്യന്‍ ഭൂമിയുടെ പരിണാമ വ്യവസ്ഥയുടെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ജീവികള്‍ ആണ്. അതിനെ അതിന്റെ അമാനുഷിക തലത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തത് മതങ്ങളുടെയും മതദൈവങ്ങളുടെയും കൂത്താട്ടങ്ങളും പേക്കൂത്തുകളും കൊണ്ടാണ്. അവടെ ആവന്റെ ഉയര്‍ച്ച മതദൈവങ്ങളുടെ ചട്ടക്കൂടിനോളമേ ആകൂ. അതിനും അപ്പുറത്തേയ്ക്ക് പോകാന്‍ അവിടെ അവനു അവസരങ്ങള്‍ ഇല്ല. കഥകളിലൂടെയും, കവിതകളിലൂടെയും, ചിത്രങ്ങളിലൂടെയും, കൊത്തുപണികളിലൂടെയും രൂപവല്‍ക്കരിക്കപ്പെട്ട മതദൈവങ്ങള്‍ക്ക് അടിമത്തം ഏറ്റുചൊല്ലുന്നതാണ് മനുഷ്യന്റെ ധാര്‍മിക കടമയെന്ന അതിപ്രാകൃത ചിന്താഗതി എന്ന് മാറുന്നുവോ അന്നേ മനുഷ്യന്‍ സ്വതന്ത്രന്‍ ആകൂ. അദൃശ്യനായ ഒരു ദൈവത്തില്‍ ചാരി നിന്നാല്‍  മറിഞ്ഞു വീഴും എന്നുള്ള മനുഷ്യന്റെ യുക്തിബോധം ആവണം ദൈവങ്ങളെ ബിംബങ്ങളില്‍ ആക്കാന്‍ അവനെ പ്രേരിപ്പിച്ചത്.
അനര്‍ഗ്ഗളം ആയ ഒരു ഊര്‍ജ്ജ സ്രോതസ്സ് ആണ് ഈ പ്രപഞ്ചം. അതിന്റെ കോടികളില്‍ ഒരംശം പോലും നാമുപയോഗിക്കുന്നില്ല നാമറിയുന്നുമില്ല. ജീവന്‍ ഉദയം ചെയ്യുന്നതും വിലയം പ്രാപിക്കുന്നതും  ഇതേ ഊര്‍ജ്ജ സ്രോതസ്സില്‍ തന്നെ. അവിടെ മനുഷ്യന്‍ എന്നോ മറ്റു ജീവജാലങ്ങള്‍ എന്നോ ഒരു തരം തിരിവില്ല. എല്ലാം ഊര്‍ജ്ജം ആണ്. ഊര്‍ജ്ജത്തിന്റെ ഭാവമാറ്റങ്ങള്‍ ആണ്. മനുഷ്യന്റെ സങ്കല്‍പ്പത്തില്‍ ഉള്ള ആത്മാവും ആതെ ഊര്‍ജ്ജം തന്നെ. ശരീരത്തിന്റെ രാസപ്രവര്‍ത്തനങ്ങളില്‍ ഒരല്പ കാലത്തേയ്ക്ക് തളയ്ക്കപ്പെടുന്ന ആ ഊര്‍ജ്ജം പ്രപഞ്ച ഊര്‍ജ്ജവുമായി ലയിച്ചു ചേരും. ആവിടെ ഊര്‍ജ്ജത്തിനു മരണമില്ല. ഓരോ ഗ്യാലക്സിയും  അതിന്റെ സ്വന്ത ഊര്‍ജ്ജപ്രകരണ പ്രക്രീയയില്‍ വ്യാപരിക്കുന്നത് പോലെ ജീവന്‍ എന്ന ആ ഇത്തിരിപ്പോന്ന ഗ്യാലക്സിയും സ്വയം ഊര്‍ജ്ജപ്രകരണ പ്രക്രീയയില്‍ വ്യാപരിക്കുന്നു. ഗ്യാലക്സികളെ തമോഗര്‍ത്തങ്ങള്‍ ആവാഹിക്കുന്നതുപോലെ ജീവന്‍ എന്ന ഇത്തിരിപ്പോന്ന ഗ്യാലക്സിയെ പ്രപഞ്ച ഊര്‍ജ്ജവും ആവാഹിച്ചെടുക്കുന്നു.
അല്ലാതെ അവിടെ മതവും, ദൈവവും , ആത്മാവും മണ്ണാങ്കട്ടയും ഒന്നുമില്ല. ഞാന്‍ എന്ന ഊര്‍ജ്ജ സത്വം ഈ പ്രപഞ്ചത്തിന്റെ ഇത്തിരിപ്പോന്ന ഒരു കോണിലൂടെ ഒരു മിന്നായം പോലെ കടന്നു വന്ന് കടന്നു പോകും. അതിനവന് അഹങ്കരിക്കാനോ ആര്‍ത്തുല്ലസ്സിക്കാനോ ഒന്നുമില്ല. അര നാഴിക നേരത്തെ ആസ്വാദനം മാത്രം. മത ഭ്രാന്തിന്റെ മരപ്പൊത്തുകളില്‍ പ്രപഞ്ചഊര്‍ജ്ജം എന്ത് എന്നറിയാതെ ഇരുളിന്റെ മറവില്‍ ഇരുവശം നോക്കുന്ന ഒരു കൂമനെപ്പോലെ നാമിന്ന് ഇത്തിരിപ്പോന്ന ജീവിതം പാഴാക്കി കളയുമ്പോള്‍ നഷ്ടം ആകുന്നത് സൌഭാഗ്യമായി പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ ജീവിത ആസ്വാദനത്തിന്റെ ഇത്തിരിപ്പോന്ന മരുപ്പച്ചകളും നീര്‍ച്ചാലുകളും ആണ്. 
"നീ നോക്ക് മാനുഷാ നിന്‍ ചുറ്റുവട്ടം 
നീ നേടിയതൊന്നും നിന്റെതാവില്ല 
നീ തേടുന്നതോന്നും നിനക്കായ്‌ നില്‍ക്കയില്ല 
നീ മാത്രമാണ് നിനക്കായുള്ളത്, നിന്റെ ഊര്‍ജ്ജം 
നീ വന്ന വഴിയിലൂടെയും നീ പോകും വരെയും."
---ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍------

Thursday, 18 September 2025

സ്വര്‍ഗ്ഗം ഭൂമിയില്‍ പണിയുക.. അല്ലെങ്കില്‍ പണി കിട്ടും


ഏകാങ്കനാടകം

സ്വര്‍ഗ്ഗം ഭൂമിയില്‍ പണിയുക.. അല്ലെങ്കില്‍ പണി കിട്ടും

സ്വര്‍ഗ്ഗ കവാടത്തിലെ വിശുദ്ധ പത്രോസ് കേരളത്തില്‍  നിന്നായിരുന്നെങ്കില്‍ എന്ന ക്ഷേക്സ്പീയര്‍ നാടകം!

കഥാപാത്രങ്ങള്‍

പത്രോസ്, വല്യമ്മ, നടന്‍, അച്ചന്‍

 കര്‍ട്ടന്‍ ഉയരുമ്പോള്‍  രംഗം സ്വര്‍ഗ്ഗം. പത്രോസ് വാതുക്കല്‍ നില്‍ക്കുന്നു. ഉച്ചത്തില്‍.

പത്രോസ്: അടുത്ത  കോന്തന്‍  വരണം.

(വളരെ പ്രായമായ  ഒരു വല്യമ്മ  കയറി വന്നു)

പത്രോസ്:  ഈ  ഒടുക്കത്തെ  കാലം  മുഴുവന്‍ നാട്ടില്‍  സുഖമായി  കഴിഞ്ഞിട്ട്  ഇനിയും സുഖിക്കാനാനെങ്കില്‍ നോക്കണ്ട.

വല്യമ്മ: എന്റെ പോന്നു  മോനെ  എന്റെ മരുമോള്‍  എന്നെ തീറ്റി  കൊല്ലിക്കാന്‍ നോക്കി. ഞാനുണ്ടോ വിടുന്നു. ഞാനങ്ങനെ നിരാഹാരോം യോഗയും  ഒക്കെയായി അങ്ങ് പിടിച്ചു നിന്നു. എന്റെ അമ്മായി  അമ്മ എനിക്കിട്ടു കൊറേ പണിതതാ. അതിന്റെ  രണ്ടു പങ്കു മരുമോള്‍ക്കും ഇരിക്കട്ടെ എന്ന് കരുതി. അതൊരു  തെറ്റാണോ കൊച്ചേ?

പത്രോസ്: തള്ളെ സമ്മതിച്ചിരിക്കുന്നു. ഇവിടെ കിടന്നു  മരുമോള്‍ക്കിട്ടു പണിയാമെന്നോന്നും കരുതണ്ട. ഒള്ള കഞ്ഞീം വെള്ളോം  ഒക്കെ  മോന്തി  മര്യാദക്ക് ആ  കോണിലെങ്ങാന് പോയി കെടന്നോണം. ഇല്ലെങ്കില്‍  കോണകശീല പോലെ ഇരിക്കുന്ന തള്ളെ  നാലായി വലിച്ചു കീറി പാതാളത്തില്‍ തട്ടും.
വല്യമ്മ: ഇതേതു പൂഞ്ഞാന്‍  ആണോ ഈ  പണ്ടാരത്തിനെ ഇതിഇന്റെ വാതുക്കല്‍ തന്നെ നിറുത്തിയത്?

പത്രോ: ഇതേ തള്ളേ കൂടുതല്‍  പണിയാതെ വേണേല്‍ കേറിപ്പോ.

വല്യമ്മ: ഇതിനാണോ തമ്പുരാനേ  ഞാന്‍ ചെര്പുങ്കല്‍, അരുവിത്തുറ ഒക്കെ പോയി ഈ കണ്ട എണ്ണഒഴിം തിരികത്തിക്കലും ഒക്കെ നടത്തിയത്

(മനസ്സില്ലാ മനസ്സോടെ ഞെങ്ങി ഞെരുങ്ങി വല്യമ്മ അകത്തേക്ക് കയറിപോയി)

പത്രോസ്: ഇവനേതാ ഈ ഒടങ്ങലി?

(കേരളത്തിലെ പേരു കേട്ട ഒരു സിനിമാ നടന്‍ കയറി വന്നു.)

നടന്‍: ഞാന്‍ പ്രശസ്ത നടന്‍.... എന്നെ അറിയില്ലേ?

പത്രോസ്: നീ ഏതു പെരട്ട നടന്‍? നിന്റെ പേരു പോലും ഈ ബുക്കില്‍ ഇല്ലല്ലോ! ചുമ്മാ ഓസില്‍ കയറിക്കൂടാം എന്ന് വിചാരിച്ചോ?

നടന്‍: അല്ല സാറെ എനിക്ക് ചില അവാര്‍ഡ്  ഒക്കെ കിട്ടിയ ആളാ.

പത്രോസ്: ഏതു കോപ്പന്‍ ആണെങ്കിലും വേണ്ടില്ല. പോയി ആ കോണില്‍ എങ്ങാനും ചെരിഞ്ഞോ. തന്നെ  രണ്ടു മാസം പട്ടിണിക്കിട്ട് ഒന്ന് നന്നാക്കി എടുക്കമോന്നു നോക്കട്ടെ.

(ഇടുങ്ങിയ വാതിലിലൂടെ അകത്തോട്ടു കയറാന്‍ പണിപ്പെടുന്ന നടനെ പത്രോസ് പിന്നില്‍ നിന്ന് ഒരു ചവിട്ടു കൊടുത്തു അകത്തേക്ക് ഇട്ടു.)

പത്രോസ്: എനിക്ക് പണിയുണ്ടാക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും

(പുറത്തേക്ക് നോക്കി)
പത്രോസ്: ആരാ കിളവാ അവിടെ ഒചാനിച്ചു നില്‍ക്കുന്നത്? തന്റെ തിരുമുഖം ഒന്ന് കാണട്ടെ!

(കേരളത്തിലെ വളരെ പേരുകേട്ട ഒരു വൈദികന്‍ കയറി വന്നു)

അച്ചന്‍: അല്പം ബഹുമാനം ഒക്കെ ആകാം

പത്രോസ്: താനെന്നെ മര്യാദ പഠിപ്പിക്കാന്‍ വന്നതാണോ? അതോ ഇവിടെ മര്യാദക്ക് കഴിയാന്‍ വന്നതാണോ? താന്‍ നാട്ടില്‍  ആയിരുന്നപ്പോ കൊറേ ഉണ്ടാക്കിയതല്ലേ എന്നിട്ട് എത്ര എണ്ണം രക്ഷപെട്ടു? തന്റെ പേരു രണ്ടു പ്രാവശ്യം ഇവിടെ വെട്ടി കളഞ്ഞതാ? പിന്നെ മാര്‍പ്പാപ്പ പറഞ്ഞത് കൊണ്ട് മാത്രം ഇങ്ങോട്ട് കൊണ്ട് വന്നതാ. താനെന്നാ ഗുണവതിയാരം ആടോ നാട്ടില്‍ ചെയ്തത്?

അച്ചന്‍: ഞാന്‍ പള്ളി പണിതു, സ്കുള്‍ പണിതു പിന്നെ..

പത്രോസ്: പിന്നെ അതിന്റെ വകേല്‍ കൊറേ അടിച്ചെടുത്തു ബന്ധുക്കള്‍ക്ക് എല്ലാം വീടും പണിതു. എന്നിട്ട് നാട്ടുകാരെ പറഞ്ഞു പറ്റിച്ചു ഇതെല്ലാം ദൈവത്തിന്റെ മഹാദാനം ആണെന്ന്. തന്നെ ഒക്കെ  സൃഷ്ടിച്ചു നാടിലോട്ടു വിട്ട സമയത്ത് ഇവിടെ രണ്ടു വാഴ നട്ടിരുന്നെങ്കില്‍  ഇന്നതിന്റെ കൊലവെട്ടി നാല് പഴം തിന്നാമായിരുന്നു.

അച്ചന്‍: അരുതാത്തത് ഒന്നും പറയരുത്, തമ്പുരാന്‍ കോപിക്കും.

പത്രോസ്: തന്റെ തോന്ന്യാസം എല്ലാം പുണ്യകര്‍മം. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍  അത് പാപം. കൂടുതല്‍ എഴുന്നള്ളിക്കരുത്. തന്നെ വന്ന വഴി ഞാന്‍ തിരിച്ചു വിടും.

അച്ചന്‍: എന്റെ കസേര എവിടെ ആണെന്ന് പറഞ്ഞാല്‍ വല്യ ഉപകാരം ആയിരുന്നു.

പത്രോസ്: താന്‍ തന്റെ കറങ്ങുന്ന കസേരയില്‍ ഇരുന്നു കൊറേ നല്ല മനുഷ്യരെ ഒലത്തിയത് അല്ലേ. തല്‍ക്കാലം ഇരിക്കണ്ട.

അച്ചന്‍: എനിക്കൊരു ടി.വി കമ്പ്യുടര്‍ ഒക്കെ കിട്ടുമോ?

പത്രോസ്: ഈ അമ്പത്തിഅഞ്ചു വര്ഷം താന്‍ തന്നെ അതിന്റെ മുന്‍പില്‍ പ്രതീക്ഷ്ടിച്ചിട്ടു ഇപ്പോഴും അതിന്റെ വ്യാക്കൂണ്‍ തീര്നില്ലേ?

അച്ചന്‍: അതങ്ങ് ശീലിച്ചു പോയി. രാവിലത്തെ കൂദാശ കര്‍മം കഴിഞ്ഞാല്‍ പിന്നെ അതെ ഉണ്ടായിരുന്നുള്ളൂ ഒരു ശരണം.

പത്രോസ്: തന്റെ വര്‍ഗം മുഴുവന്‍ പെഴച്ചു പോയി. ഇനി ഒറ്റ എണ്ണത്തിനെ ഇതിന്റെ പടി കയറ്റില്ല. ഇവിടെ തന്നെപ്പോലെ വല്ല കാലത്തും ഒരുത്തന്‍ വരും തന്റെ വര്‍ഗത്തില്‍ നിന്ന്അതും ഇവിടം മുടിപ്പിക്കാന്‍.

അച്ചന്‍: ഞാനിതൊന്നും പ്രതീക്ഷിച്ചല്ല നാട്ടില്‍ കഴിഞ്ഞത്. ഇതെങ്ങനെയോ അബദ്ധം പറ്റി ഇവിടെ പെട്ടു പോയതാ . ഇനി അങ്ങോട്ട്‌ നന്നായി ജീവിച്ചോളാം.

പത്രോസ്: എന്നാ പോയി അങ്ങോട്ട്‌ പടഞ്ഞോ! എനിക്ക് വേറെ പണി ഉണ്ട്..!


പത്രോസ് പറ്റ്പുസ്തകം അടച്ച് വാതില്‍ കൊട്ടിയടച്ചു ഒരു കൊടുങ്കാറ്റു പോലെ അകത്തേക്ക് പോയി. പിന്നെ ലൈനില്‍ നിന്നവര്‍ ഏതാണ്ട് പോയ അണ്ണാന്റെ കൂട്ട് കീഴോട്ടും നോക്കി നിന്നു. 

കര്‍ട്ടന്‍ 

Wednesday, 3 September 2025

മലയാളം കേക്കുകള്‍

 

മലയാളം കേക്കുകള്‍



മഞ്ഞു പൊഴിച്ചും നക്ഷത്രവിളക്കുകൾ തെളിച്ചും പള്ളിമണികൾ ആരാധനാപൂർവം മുഴക്കിയുമാണ് എല്ലാ വര്‍ഷവും ക്രിസ്മസ് വിരുന്നെത്തുന്നത്. ഇതോടൊപ്പം നാവിൽ അലിഞ്ഞു ചേരുന്ന കേക്കിന്റെ മധുരം കൂടി ചേരുമ്പോഴെ ക്രിസ്മസ് ആഘോഷം പൂർണമാകൂ. ഓരോ വർഷവും കേക്കുകൾ രൂപത്തിലും ഭംഗിയിലും രുചിയിലും വൈവിധ്യം പുലർത്തുന്നു. എന്റെ പ്രീയ വായനക്കാർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത് മുട്ട ചേർക്കാത്ത കേക്കുകളാണ്. രുചിക്കാം ആ മധുരം... 

വാനില കേക്ക് 

ചേരുവകൾ
മൈദ– ഒന്നരക്കപ്പ് 
വെള്ളം – അരകപ്പ് 
ബട്ടർ – അര കപ്പ് 
പഞ്ചസാര – മുക്കാൽ കപ്പ് 
വാനില എസൻസ് – ഒരു ടീസ്പൂൺ 
ബേക്കിംഗ് സോഡ – അര ടീസ്പൂൺ 
ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
തൈര് – നാല് ടേബിൾ സ്പൂൺ
വെള്ളം– ഒരു ടേബിൾ സ്പൂൺ.

തയാറാക്കുന്ന വിധം 
ഒരുബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ഒരുനുള്ള് ഉപ്പും കൂടി തെള്ളി ഇടുക. ബട്ടർ ഒരു പാനിൽ ഇട്ട് ഉരുക്കി വാങ്ങി പഞ്ചസാരയുമായി ചേർക്കുക. നന്നായിളക്കി വാങ്ങുക. ഒരു ചെറിയ ബൗളിൽ ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ വെള്ളവും എടുത്ത് ഇളക്കി യോജിപ്പിക്കുക. മയമാകുമ്പോൾ നാരങ്ങ നീരൊഴിക്കുക. ബേക്കിംഗ് സോഡയിട്ട് ഇളക്കുക. 
ബട്ടർ– പഞ്ചസാര മിശ്രിതം, ഒന്നര കപ്പ് വെള്ളം, തൈര് – ബേക്കിംഗ് സോഡാ മിശ്രിതം എന്നിവ തെള്ളിവച്ച മൈദാകൂട്ടിൽ ചേർക്കുക. വാനിലാ എസൻസ് ചേർത്തിളക്കുക. അവ്ന്റെ താപനില 180 ഡ്രിഗിയിൽ ക്രമീകരിക്കുക. പ്രീഹീറ്റ് ചെയ്യുക. 6–7 ഇഞ്ച് വലുപ്പമുള്ള ബട്ടർ തടവിയ ബേക്കിംഗ് പാൻ തയാറാക്കിവയ്ക്കുക. തയാറാക്കിയ ബേക്കിംഗ് പാനിലേക്ക് ബാറ്റർ പകർന്നു പതിയെ തട്ടി നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്തുവച്ച അവ്നിലേക്ക് ഈ പാൻ മാറ്റുക. 30–35 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

ഫ്രൂട്ട് കേക്ക്

ചേരുവകൾ

വാൾനട്ട് – മുക്കാൽ കപ്പ് 
അണ്ടിപ്പരിപ്പ് – മുക്കാൽ കപ്പ് 
ഈന്തപ്പഴം– അര കപ്പ് 
ആപ്പിൾ ജ്യൂസ് – ഒരു കപ്പ് 
കിസ്മിസ് – രണ്ട് ടേബിൾ സ്പൂൺ 
കറുത്ത മുന്തിരിങ്ങ – രണ്ട് ടേബിൾ സ്പൂൺ 
ബദാം, പിസ്റ്റ – 2 ടേബിൾ സ്പൂൺ വീതം
കാന്റീസ് ഓറഞ്ച് പീൽ – 40 ഗ്രാം 
ചെറിപ്പഴം – 8–10 എണ്ണം
ഗോതമ്പുമാവ് – രണ്ട് കപ്പ് 
ബേക്കിംഗ് സോഡ – ഒരു ടീസ്പൂൺ
ബേക്കിംഗ് പൗഡർ – അര കപ്പ് 
പട്ട പൊടിച്ചത് – കാൽ ടീസ്പൂൺ 
ജാതിക്കാ പൊടിച്ചത് – കാൽ ടീസ്പൂൺ 
ഏലയ്ക്കാ പൊടിച്ചത്– കാൽ ടീസ്പൂൺ 
ഗ്രാമ്പൂ പൊടിച്ചത് – 1/8 ടീസ്പൂൺ
കരാമലിന് 
പഞ്ചസാര – അര കപ്പ് 
വെള്ളം – ഒരു കപ്പ് + 2 ടേബിൾ സ്പൂൺ

മറ്റു ചേരുവകൾ 
ഒലിവെണ്ണ – 1/3 ടേബിൾ സ്പൂൺ
നാരങ്ങാ നീര്– ഒന്നര ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ അര കപ്പ് പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അടുപ്പത്ത് വച്ച് നന്നായി ഇളക്കുക. ചെറുതീയാക്കുക. കടും ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക. ഒരു കപ്പ് വെള്ളം ഇതിലേക്കൊഴിക്കുക. വീണ്ടും അടുപ്പത്ത് വയ്ക്കുക. കരാമൽ ആറുമ്പോൾ 1/3 കപ്പ് ഒലിവെണ്ണ ഒഴിക്കുക. ഇനി നാരങ്ങാ നീരൊഴിക്കുക.
ഇനി കേക്കിന്റെ ബാറ്റർ തയാറാക്കാം. എട്ട് ഇഞ്ച് വൃത്താകൃതിയിലുള്ള ബേക്കിംഗ് പാനിൽ ബട്ടർ തടവി വയ്ക്കുക. അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. 
ഒരു അരിപ്പയിൽ രണ്ട് കപ്പ് ഗോതമ്പുമാവ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ,അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, പട്ടപൊട്ടിച്ചത്, ജാതിക്കാ പൊടിച്ചത്, ഏലയ്ക്കാപൊടിച്ചത് എന്നിവ കാൽ ടീസ്പൂൺ വീതം, 1/8 ടീസ്പൂൺ ഗ്രാമ്പു പൊടിച്ചത് എന്നിവയെടുത്ത് നന്നായി തെള്ളി ഒരു ബൗളിലിടുക. ഇതിലേക്ക് ഡ്രൈഫ്രൂട്ട്സ് – ആപ്പിൾ ജ്യൂസ് മിശ്രിതം ചേർക്കുക. നന്നായി ഇളക്കുക. കരാമൽ ലായനി ചേർത്ത് വീണ്ടും ഇളക്കുക. (മാവ് മിശ്രിതം) കേക്കിന്റെ കൂട്ട് ഇതിലേക്കിടുക. ഇളക്കി ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് പകരുക. ഈ ബേക്കിംഗ് ടിൻ പ്രീഹീറ്റ് ചെയ്ത അവ്നിൽ വയ്ക്കുക. ഒരു മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. 

മാർബിൾ കേക്ക് 

ചേരുവകൾ
ബട്ടർ – 150 ഗ്രാം 
പൊടിച്ച പഞ്ചസാര – 150 ഗ്രാം 
മൈദ – 150 ഗ്രാം 
പാൽ – 3/4 കപ്പ്
വിനാഗിരി – മൂന്നു ടീസ്പൂൺ
വാനിലാ എസൻസ് – ഒരു ടീസ്പൂൺ
ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ
കൊക്കോപ്പൊടി – ഒരു ടേബിൾസ്പൂൺ
ഐസിംഗിന്
ബട്ടർ – 50 ഗ്രാം 
ഐസിംഗ് ഷുഗർ – 100 ഗ്രാം 
മെൽറ്റഡ് ചോക്കേളറ്റ് 
കൊക്കോപ്പൊടി – രണ്ടു ടീസ്പൂൺ

തയാറാക്കുന്ന വിധം
ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും എടുത്തു മയമാകും വരെ ഇളക്കുക. ഒരു ടേബിൾസ്പൂൺ മൈദ മാറ്റി വയ്ക്കുക. മിച്ചമുള്ള മാവ് ഇതിൽ ചേർക്കുക. പാലും വിനാഗിരിയും ചേർത്ത് നന്നായിളക്കുക. ഈ ബാറ്റർ രണ്ടാക്കി ഭാഗിച്ചു വയ്ക്കുക. ഒരു പങ്കിൽ ഒരു ടേബിൾ സ്പൂൺ മൈദ ചേർക്കുക. മറ്റൊരു പകുതിയിൽ കൊക്കൊപ്പൊടിയും ചേർക്കുക.ബട്ടർ പുരട്ടിയ എട്ട് ഇഞ്ച് കോക്കോ ടിന്നിലേക്ക് രണ്ടുതരം മാവും ഇടവിട്ടിടവിട്ട് ഇടുക. അവ്ന്റെ താപനില 180 ഡ്രിഗ്രിയിൽ ക്രമീകരിച്ച് ചൂടാക്കുക. കേക്ക് ടിൻ ഇതിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ആറിയശേഷം ഐസിംഗ് നടത്താം. ഇതിനായി ഐസിംഗ് ഷുഗർ, ബട്ടർ, മെൽറ്റഡ് ചോക്കളേറ്റ്, കൊക്കൊപ്പൊടി എന്നിവ തമ്മിൽ നന്നായി യോജിപ്പിക്കുക. ഇത് തയാറാക്കിയ കേക്കിന് മീതെ ഒരേ കനത്തിൽ വ്യാപിപ്പിക്കുക. 

ട്രിപ്പിൾ കേക്ക് 

ചേരുവകൾ സ്പോഞ്ചിന്
എണ്ണ – 150 മില്ലി
പഞ്ചസാര – 275 ഗ്രാം 
മിൽക്ക് മെയ്ഡ് – 185 ഗ്രാം 
തൈര് – 375 ഗ്രാം 
മൈദ – 375 ഗ്രാം 
ബേക്കിംഗ് സോഡ, 
ബേക്കിംഗ് പൗഡർ– ഒൻപതു ഗ്രാം വീതം 
സിറപ്പിന് 
ഡാർക്ക് ചോക്ലേറ്റ് – 500 ഗ്രാം 
ഫ്രഷ് ക്രീം – 250 ഗ്രാം 

തയാറാക്കുന്നവിധം 

സ്പോഞ്ച് തയാറാക്കാൻ
പഞ്ചസാര, മിൽക്ക്മെയ്ഡ്, തൈര്, മൈദ,ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ എന്നിവ ഒരു ബൗളിലെടുക്കുക. നന്നായി ഇളക്കിയശേഷം എണ്ണ ചേർക്കുക. പതിയെ ഇളക്കി ബട്ടർ തടവിയ ബേക്കിംഗ് ട്രേയിലേയ്ക്ക് പകരുക. അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രീഹിറ്റ് ചെയ്യുക. ബേക്കിംഗ് ട്രേ ഇതിൽ 35–40 മിനിറ്റ് വച്ച് ബേക്ക് ചെയ്യുക. 

ട്രഫിൾ തയാറാക്കൽ
ഡാർക്ക് ചോക്കളേറ്റ് ചെറുതായി മുറിക്കുക. ഒരു ബൗളിലിടുക. ഒരു സോസ്പാനിൽ ഫ്രഷ്ക്രീം എടുത്തു തിളപ്പിക്കുക. ഇതു ചോക്കളേറ്റിന് മീതെ ഒഴിക്കുക. ചോക്കളേറ്റ് അലിയും വരെ ഇളക്കുക. ഇതു ആറാൻ അനുവദിക്കുക. 

സിറപ്പിന് 
വെള്ളം തിളപ്പിച്ച് പഞ്ചസാരയിടുക. സിറപ്പാക്കി വാങ്ങി ആറാൻ വയ്ക്കുക. 
തയാറാക്കിയ കേക്ക് ഒരേ കനമുള്ള മൂന്നു കഷ്ണങ്ങൾ ആക്കുക. ഒരു കഷണത്തിൽ പഞ്ചസാരപ്പാനി തേയ്ക്കുക. ഇനി ട്രഫിൾ തേയ്ക്കുക. മീതെ മറ്റേ കഷണം വയ്ക്കുക. ഇതേ കാര്യങ്ങൾ ആവർത്തിക്കുക. മുകൾവശത്തും വശങ്ങളിലുമെല്ലാം ട്രഫിൾ തേച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.


ബനാന കേക്ക് 

ചേരുവകൾ
മൈദ – 280 ഗ്രാം 
വാൾനട്ട് – 100 ഗ്രാം 
ഏത്തപ്പഴം – 280 ഗ്രാം 
ബട്ടർ – 70 ഗ്രാം 
ബേക്കിംഗ് പൗഡർ – 1.2 ഗ്രാം 
പട്ടപൊടിച്ചത് – 5 ഗ്രാം 
തൈര് – 100 മി ലി
പാൽ– 150 മി ലി

തയാറാക്കുന്നവിധം 
മൈദയും ബേക്കിംഗ് പൗഡറും കൂടി തെളളി ഒരു ബൗളിലിടുക. ഇതിൽ പട്ടപൊടിച്ചതും വാൾനട്ടും കൂടി ചേർക്കുക. പഴം നന്നായി ഉടച്ചതും ഉരുക്കിയ ബട്ടറും തമ്മിൽ നന്നായി യോജിപ്പിക്കുക. തൈരും ചേർക്കുക. മറ്റു ചേരുവകൾ എല്ലാം കൂടി ഇതിൽ ചേർത്തിളക്കി നെയ്യ് തടവിയ ബേക്കിംഗ് ടിന്നിലേയ്ക്ക് പകർന്ന് പ്രീഹീറ്റ് ചെയ്ത അവ്നിൽ വയ്ക്കുക. അവ്ന്റെ താപനില 170 ഡ്രിയിൽ ക്രമീകരിച്ചിരിക്കണം. 50–60 മിനിറ്റ് ബേക്ക് ചെയ്യുക. 

വാൾനട്ട് – ബദാം കേക്ക് 

ചേരുവകൾ
ബദാം പൊടിച്ചത് – കാൽ കപ്പ് 
വാൾനട്ട്– കാൽ കപ്പ് 
മൈദ – അര കപ്പ്, + 1 ടീ സ്പൂൺ 
പഞ്ചസാര – കാൽ കപ്പ് 
പാൽ – അര കപ്പ് 
നെയ്യ് – മൂന്നു ടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കൊപ്ര ഗ്രേറ്റ് ചെയ്തത് – ഒരു ടീസ്പൂൺ

തയാറാക്കുന്നവിധം 
അവ്ന്റെ താപനില 350 ഡ്രിഗിയിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് പാനിൽ നെയ്യ് തടവി വയ്ക്കുക. വശങ്ങളിലും തേയ്ക്കുക. 
ഒരു ബൗളിൽ ബദാം, വാൾനട്ട് എന്നിവ പൊടിച്ചതിൽ മൈദ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക.
മറ്റൊരു ബൗളിൽ നെയ്യ് എടുത്തു നന്നായി ഇളക്കി പതപ്പിക്കുക. പഞ്ചസാരയിട്ട് വീണ്ടും ഇളക്കുക. രണ്ടു ബൗളിലേയും ചേരുവകൾ തമ്മിൽ യോജിപ്പിച്ച് നെയ്യ് തടവിയ ബേക്കിംഗ് പാനിലേയ്ക്ക് പകരുക.
കൊപ്ര ഗ്രേറ്റ് ചെയ്തതിൽ ഒരു ടീസ്പൂൺ മൈദയിട്ടിളക്കി കേക്കിന്റെ കൂട്ടിന് മീതെ വിതറുക. 20–25 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

ഗോതമ്പുമാവ് – ശർക്കര കേക്ക് 

ചേരുവകൾ
ഗോതമ്പുമാവ് – രണ്ടുകപ്പ് 
ശർക്കര – രണ്ട് കപ്പ് 
സോഡാപ്പൊടി – ഒന്നരടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ – അരടേബിൾ സ്പൂൺ
പട്ട പൊടിച്ചത് – രണ്ട് ടേബിൾ സ്പൂൺ
തൈര് – ഒരു കപ്പ്
റിഫൈൻഡ് ഓയിൽ – മുക്കാൽ കപ്പ് 
വെള്ളം– ബാറ്റൻ കലക്കാൻ പാകത്തിന് 
കിസ്മിസ്, വാൾനട്ട് – ഒരുപിടി (രണ്ടുംകൂടി) 

തയാറാക്കുന്നവിധം 
അവ്ന്റെ താപനില 200 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രിഹീറ്റ്ചെയ്യുക.
തൈരും എണ്ണയും ഒരു ബൗളിലെടുത്ത് ഇളക്കുക. മറ്റൊരു ബൗളിൽ ഗോതമ്പുമാവ്, സോഡാപ്പൊടി, ബേക്കിംഗ് പൗഡർ , പട്ടപൊടിച്ചത് എന്നിവ തെള്ളിയിടുക. ശർക്കര ചീകിയതും, പാകത്തിന് വെള്ളവും ചേർത്തിളക്കുക. കിസ്മിസും വാൾനട്ടും ചേർത്തിളക്കുക. ഇത് തൈര് – എണ്ണ മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. ഒരു ബേക്കിംഗ് ഡിഷിൽ എണ്ണ തടവുക. കേക്കിന്റെ ബാറ്റർ ഇതിലേയ്ക്ക് പകർന്ന് പ്രിഹീറ്റ് ചെയ്ത അവ്നിൽ വച്ച് 170 ഡിഗ്രിയിൽ ഒരു മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. ആറിയതിന് ശേഷം മുറിച്ച് വിളമ്പുക.


സ്പോഞ്ച് കേക്ക് 

ചേരുവകൾ
മൈദ –ഒന്നേകാൽ കപ്പ് + കേക്ക് ടിന്നിൽ വിതറാൻ
കണ്ടൻസ്ഡ് മിൽക് – മുക്കാൽ കപ്പ്
ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ
സോഡാപ്പൊടി– അര ടീസ്പൂൺ
വാനില എസൻസ് – ഒരു ടീസ്പൂൺ
ബട്ടർ ഉരുക്കിയത് – നാല് ടേബിൾ സ്പൂൺ + കേക്ക് ടിന്നിൽ തേയ്ക്കാൻ

തയാറാക്കുന്നവിധം 
മൈദയും ബേക്കിംഗ് പൗഡറും സോഡാപ്പൊടിയും കൂടി തെള്ളി ഒരു ബൗളിൽ ഇടുക. ഇതിൽ അഞ്ചു ടേബിൾസ്പൂൺ വെള്ളം ഒഴിച്ചിളക്കുക. മറ്റൊരു ബൗളിൽ കണ്ടൻസ്ഡ് മിൽക്, ഉരുക്കിയ ബട്ടർ, വാനില എസൻസ് എന്നിവ എടുത്ത് നന്നായി ഇളക്കുക. മൈദ കൂട്ട് ഇതിൽ ചേർത്തിളക്കുക. ഏഴ് ഇഞ്ച് കേക്ക് ടിന്നിൽ ഉരുക്കിയ ബട്ടർ പുരട്ടി മൈദ വിതറി, നന്നായി തട്ടി പൊടി എല്ലായിടത്തേക്കും വ്യാപിപ്പിച്ച് അധികമുള്ള മാവ് തട്ടിക്കളഞ്ഞ് വയ്ക്കുക. ഇതിലേയ്ക്ക് തയാറാക്കിവച്ച കേക്ക് ബാറ്റർ പകർന്നുവയ്ക്കുക.
അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രിഹീറ്റ് ചെയ്യുക. ഇതിലേയ്ക്ക് കേക്ക് ടിൻ മാറ്റുക. 25
മിനിറ്റബേക്ക്ചെയ്യുക. 

ചോക്കളേറ്റ് കേക്ക് 

ചേരുവകൾ
മൈദ – ഒരു കപ്പ് 
എണ്ണ – കാൽ കപ്പ് 
പഞ്ചസാര – 1/3 കപ്പ് 
ചൂടുവെള്ളം – 3/4 കപ്പ് 
കൊക്കോപ്പൊടി – മൂന്നു ടേബിൾ സ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ 
വാനിലാ എസൻസ് – 1/4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ
സോഡപ്പൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം 
എണ്ണ ഒരു ബൗളിൽ ഒഴിക്കുക. പഞ്ചസാര, ചൂടുവെള്ളം, വാനില എസൻസ് എന്നിവ എടുത്ത് പഞ്ചസാര അലിയും വരെ ഇളക്കുക. ഇതിലേക്ക് ഒരു അരിപ്പവച്ച് അതിൽ മൈദ കൊക്കൊപ്പൊടി, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ (സോഡപ്പൊടി) എന്നിവ എടുത്ത് നന്നായി ഇളക്കുക. നാരങ്ങാനീര് ഒഴിച്ച് ഇളക്കുക. 
ഒരു പ്രഷർ കുക്കർ അടുപ്പത്ത് വച്ച് അഞ്ചുമിനിറ്റ് പ്രീഹീറ്റ് ചെയ്യുക. പ്രഷർ കുക്കറിന്റെ സെപ്പറേറ്റർ എടുത്ത് അതിൽ ബട്ടർ തേയ്ക്കുക. ഇതിലേക്ക് കേക്കിന്റെ ബാറ്റർ ഒഴിച്ച് നന്നായി തട്ടുക.
പ്രഷർ കുക്കറിലേക്ക് ഈ തട്ട് വച്ച് അടയ്ക്കുക. വെയ്റ്റ് വയ്ക്കരുത്. 30–35 മിനിറ്റ് അടുപ്പത്ത് വച്ചശേഷം വാങ്ങുക. ഒരു ടൂത്ത് പിക്ക് കേക്കിൽ കുത്തി നോക്കുക. ഒന്നും ്അതിൽ ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ പാകമായി എന്നുമാനിക്കാം. ഇനി ഇത് ഒരുപാത്രത്തിലേക്ക് കമഴ്ത്തുക.

വാനില സ്പോഞ്ച് കേക്ക് 

ചേരുവകൾ
മൈദ – ഒരു കപ്പ് 
ബട്ടർ ഉരുക്കിയത് – അര കപ്പ്, + ബേക്കിംഗ് ട്രേയിൽ പുരട്ടാൻ
പൊടിച്ച പഞ്ചസാര – 3/4 കപ്പ് 
ബേക്കിംഗ് പൗഡർ, 
വാനില എസൻസ് – ഒരു ടീസ്പൂൺ വീതം 
ബേക്കിംഗ് സോഡ – അര കപ്പ്
പുളിയുള്ള തൈര് – നാല് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 
6
ഇഞ്ച് വ്യാസമുള്ള ഷാലോ മൈക്രോ വേവ് സേഫ് ഡിഷിൽ മയമുള്ള ബട്ടർ തേയ്ക്കുക. ഇതിൽ ഗ്രീസ്പ്രൂഫ് പേപ്പറിടുക. ഇതിൽ ബട്ടർ തേയ്ക്കുക. 
ഒരു ബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും തെള്ളിയിടുക. 
മറ്റൊരു ബൗളിൽ തൈരും ബേക്കിംഗ് സോഡയും എടുത്തു നന്നായി ഇളക്കുക. ഇതു മാറ്റിവയ്ക്കുക.
ബട്ടർ, പഞ്ചസാര, കാൽ കപ്പ് ചൂടുവെള്ളം എന്നിവ ഒരു ബൗളിലെടുത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈര് – ബേക്കിംഗ് സോഡാ മിശ്രിതം, മൈദ – ബേക്കിംഗ് പൗഡർ മിശ്രിതം, വാനില എസൻസ് എന്നിവ ചേർക്കുക. നന്നായി ഇളക്കി മയമുള്ള ബാറ്ററാക്കി വയ്ക്കുക. ഇതു മൈക്രോവേവ് സേഫ് ഗ്ലാസ് ഡിഷിലേക്ക് പകരുക. ‘ഹൈ’യിൽ വച്ച് നാലുമിനിറ്റ് മൈക്രോവേവ് ചെയ്ത് വാങ്ങി ആറാനായി അഞ്ചു മിനിറ്റ് വയ്ക്കുക. ഇനി മറ്റൊരു പ്ലേറ്റിലേക്ക് കമഴ്ത്തുക. ബട്ടർ പേപ്പർ മാറ്റി കഷണങ്ങൾ ആക്കി വിളമ്പുക.

 

അടിക്കുറിപ്പ്:

ഇതൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് എങ്ങനെ ഇരിക്കും എന്ന് എനിക്കറിയില്ല. ഇത് ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഉണ്ടാക്കി വിജയം വരിച്ചാല്‍ എന്നെ അറിയിക്കാന്‍ മറക്കരുത്.