Saturday, 21 February 2026

മതം ഒരു പൊറാട്ടു നാടകം


ആറു ദിവസം ജോലി ചെയ്ത് ഏഴാം ദിവസം ഉറങ്ങിയ ദൈവം പിന്നീട് ഉണര്‍ന്നില്ല. അതുകൊണ്ട് മനുഷ്യന്‍ അവനു തോന്നിയ പോലെ ദൈവങ്ങളെ ഉണ്ടാക്കി. പുതിയ ദൈവങ്ങള്‍ പഴയ ജോലി ചെയ്യുന്നുമില്ല പഴയ ദൈവങ്ങള്‍ പുതിയ ജോലി തേടുന്നുമില്ല.

മതങ്ങളുടെ ദൈവങ്ങളും മനുഷ്യനും  തമ്മില്‍  ഒരു വലിയ വ്യത്യാസം ഉണ്ട്. മനുഷ്യന് ദൈവങ്ങളെപ്പറ്റി  അവന്റെ ചിന്താധാരയില്‍ ഉയര്‍ന്നു വന്ന എന്തൊക്കെയോ അറിയാം. എന്നാല്‍ ദൈവങ്ങള്‍ക്ക് മനുഷ്യനെപ്പറ്റി  ഒന്നുമറിയില്ല. കാരണം മനുഷ്യ ചിന്തയില്‍ ഉള്ള  ദൈവം  ഒരു ദൈവമേ അല്ല. ആ ദൈവം മനുഷ്യന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവനും അവനു ദു:ഖങ്ങളും ദുരിതങ്ങളും  കൊടുത്ത് തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നവനും, ഭൂമിയില്‍ നിന്ന്  ദുഖങ്ങളും ദുരിതങ്ങളും പൂര്‍ണമായി മാറ്റാന്‍ കഴിവില്ലാത്തവനും ആണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലനങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹത്തില്‍ കാണാന്‍ കഴിയും.  മതങ്ങളിലെ ദൈവത്തിനു  മനുഷ്യ ചിന്തയോളമേ വളരാന്‍ കഴിയൂ. ഓരോ മനുഷ്യനും സ്വയം ഒരു ദൈവം ആണെന്ന ചിന്തയിലേക്ക് വളരാന്‍ കഴിയണം. അതിനു സാധിക്കാതെ വരുമ്പോള്‍ അവന്‍ പൌരാണികവും കാലഹരണപ്പെട്ടതുമായ മത ചിന്തകളുടെ വള്ളിക്കെട്ടുകളില്‍ ജീവിതം ഹോമിക്കും. മതത്തിന്റെ പേരില്‍ ഇനിയും തല്ല് കൂടുന്നവര്‍ ഒന്നോര്‍ക്കുക പാഴാക്കി കളയുന്ന നിങ്ങളുടെ  ജീവിതങ്ങള്‍ക്ക് പിന്നെയൊരു പുനര്‍ജന്മം ഇല്ല. പുനര്‍ജ്ജന്മങ്ങളില്‍ വിശ്വസിക്കുന്നവര്‍ കുറഞ്ഞത്‌ ഒരു നായോ, നരിയോ, പുഴുവോ, പൂമ്പാറ്റയോ  ആയി എങ്കിലും വീണ്ടും ഈ ഭൂമിയില്‍ ഒരു തുടര്‍ ജീവിതത്തിനു നിന്റെ  ജീവ ശക്തിക്ക് അവസരം ഉണ്ടാകണം എങ്കില്‍ അത് വെറുതെ പൊള്ളമതങ്ങളുടെ പോഴത്തരങ്ങളില്‍ ജീവന്‍ ഹോമിച്ചാല്‍ സാധിക്കില്ല..! മതങ്ങളും മതവിശ്വാസങ്ങളും വെറും തലമുറകളായി കൈമാറി വന്നു കിട്ടുന്ന  മാസ്മരികത ആണ്. ഒരു തലമുറ അവസാനിക്കുമ്പോള്‍ അടുത്ത തലമുറ അതിനെ വീണ്ടും മുന്‍പോട്ടു തള്ളിക്കൊണ്ടേയിരിക്കും. അങ്ങനെ അതിന് ഇന്ന് നിങ്ങള്‍ കാണുന്ന വിധേനയുള്ള ഒരു ശാശ്വതസ്വഭാവം കൈവന്നു. പഴയ പല പൊടിപ്പുകളും തൊങ്ങലുകളും പലതും മതങ്ങള്‍ക്ക് വലിച്ചെറിയേണ്ടി വന്നു. എന്നാല്‍ ആധുനിക കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനും സാമ്പത്തിക മുതലെടുപ്പിനും വേണ്ടി തിരുകി ചേര്‍ത്ത തൊങ്ങലുകള്‍ ഇന്നും പുതിയ അലങ്കാരമായി മനുഷ്യന്‍ കൊണ്ട് നടക്കുന്നു. വെറും സാധാരണ മനുഷ്യന് അത് തിരിച്ചറിയാന്‍ ഉള്ള വിവേകബുദ്ധി മതങ്ങളുടെ മസ്തിഷ്കപ്രഷാളന ക്രീയകളില്‍ അന്യമായി. മതബന്ധങ്ങളുടെ ചേറ്റുകുഴിയില്‍ നിന്ന്  കരകയറിയ കുറച്ചെങ്കിലും മനുഷ്യന്‍ അത് തിരിച്ചറിഞ്ഞു മാറി നടക്കേണ്ട വഴികള്‍ തിരഞ്ഞു തുടങ്ങി..!

മനുഷ്യന്‍  മാറി  ചിന്തിക്കാന്‍  തുടങ്ങുമ്പോള്‍ മതങ്ങള്‍ അന്യമാകും. മതങ്ങള്‍ അന്യമാകുമ്പോള്‍ മതബന്ധികള്‍ ആയ ദൈവങ്ങളും ഇല്ലാതാകും. ദൈവങ്ങള്‍ക്ക് മനുഷ്യന്‍ ഒരു ആവശ്യം അല്ല.  ആണെങ്കില്‍ ആ ദൈവം ഒരു ദൈവം അല്ല. എല്ലാത്തിനും അതീതന്‍ ആയിരിക്കണം ദൈവം. അല്ലാത്തവന്‍ ദൈവം ആകാന്‍ അര്‍ഹതയില്ല. നിങ്ങളുടെ ദൈവം നിങ്ങളുടെ ചിന്തകള്‍ക്കുള്ളില്‍ തളക്കപ്പെട്ടവന്‍ ആണ്. അത് സ്വതന്ത്രന്‍ അല്ല. അതുകൊണ്ട് ആ ദൈവം നിങ്ങളുടെ അടിമ ആണ്..  അടിമയെ ആരും ദൈവം ആയി കണക്കാക്കാറില്ല. അടിമ ദൈവങ്ങള്‍ക്ക് അടിയറവു വയ്ക്കാന്‍ ഉള്ളതല്ല നിങ്ങളുടെ ഈ ചെറിയ ഭൂമിജീവിതം.

അന്യമായിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗ നരക ചിന്തകള്‍ ഇനിയും ആരും പൊടിതട്ടി എടുക്കേണ്ടതില്ല. അത്തരം ചിന്തകള്‍ മനുഷ്യന്‍ സാവധാനം ഉപേക്ഷിച്ചു തുടങ്ങി. കാരണം അങ്ങനെ ഒരു സ്ഥലം ഇല്ല എന്നുള്ള വസ്തുത അല്പം വിവരവും വിജ്ഞാനവും ഉള്ളവര്‍ക്കെല്ലാം അറിയാം. സ്വര്‍ഗ്ഗത്തിലേക്കുള്ള ദൂരം എത്ര? അതിനു എത്ര പ്രകാശ വര്ഷം സഞ്ചരിക്കണം? അത് എത്ര നൂറ്റാണ്ടുകള്‍ എടുക്കും? നൂറ്റാണ്ടുകള്‍ എടുത്ത് എത്തിച്ചേരേണ്ട ഒരു സ്ഥലത്തിനു വേണ്ടിയാണോ നൂറു വര്ഷം പോലും ജീവിക്കാന്‍ കഴിയാത്ത മനുഷ്യന്‍ വേവലാതിപ്പെടുന്നത്! ഏതായാലും മനുഷ്യന് അറിവായ പ്രകാശവര്‍ഷദൂരങ്ങളില്‍ എങ്ങും  അങ്ങനെ ഒരു സ്ഥലം ഇല്ല. അതെല്ലാം വികസനം പ്രാപിക്കാത്ത ഒരു കാലഘട്ടത്തില്‍ വെറും മാനുഷിക ചിന്തകളില്‍ രൂപപ്പെട്ട സ്വപ്നലോകം മാത്രം. ഇനിയും ഇതൊക്കെ പറഞ്ഞു മനുഷ്യനെ അവന്റെ ശാസ്ത്രീയ വികസന വഴികളില്‍ നിന്ന് മാറ്റരുത്. അങ്ങനെ ഒരു സ്ഥലം ഇല്ല എങ്കില്‍ പിന്നെ  എന്തിനു വേണ്ടി വേണ്ടി മതങ്ങളുടെ പുറകെ പോകണം? വെറും പുസ്തക താളുകളിലെ ദൈവങ്ങളും സ്വര്‍ഗ്ഗങ്ങളും നരകങ്ങളും മനുഷ്യ മസ്തിഷകത്തിന്റെ അതി സങ്കീര്‍ണതകളിലേക്ക് നുരഞ്ഞും നുഴഞ്ഞും  കയറി അവിടെ കൂട് കെട്ടിയപ്പോള്‍ മനുഷ്യന് നഷ്ടമായത് ഒരു സ്വതന്ത്ര ചിന്തയുടെ വികസന ജീവിതമാണ്. 

സ്വര്‍ഗ്ഗനരക ചിന്തകളെ മതങ്ങളും സാവധാനം ഉപേക്ഷിച്ചു തുടങ്ങി. കാരണം ഇനിയും അത് പറഞ്ഞു ശാസ്ത്രീയമായി മുന്‍ നൂറ്റാണ്ടുകളെ അപേക്ഷിച്ച് വളരെയേറെ മുന്‍പോട്ടു പോയിരിക്കുന്ന മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ ആവില്ല എന്ന തിരിച്ചറിവാണ്. ഈ ഭൂമി ജീവിതത്തിന് അപ്പുറത്തേക്ക് ഒരു ജീവിതമുണ്ട് എന്ന ഒരു വിഭാവന സ്വപ്നലോകത്തില്‍ മനുഷ്യനെ തളച്ച് ഇടേണ്ടത് പലരുടേയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ ഒരു മുതല്‍ക്കൂട് ആണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത കാലത്തോളം മത മേധാവിത്വം മനുഷ്യനെ അടിമ ആക്കി നിലനിര്‍ത്തും.

സൂര്യനോ ചന്ദ്രനോ ഇല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മദിക്കില്ല. കാരണം അല്പം വിവരവും വിദ്യാഭ്യാസം ഉള്ള എല്ലാവര്ക്കും അറിയാം അത് വളരെ വസ്തുനിഷ്ടം ആയ ഒരു സംഗതി ആണ് എന്നത്. അതിനു രണ്ടു പക്ഷം ഇല്ല. എന്നാല്‍ സ്വര്‍ഗ്ഗം ഉണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാം അങ്ങനെയൊന്ന് വസ്തുനിഷ്ടം അല്ല അത് വെറും വിശ്വാസം ആണ്. വിശ്വാസികള്‍ ഉണ്ടെന്നും വിശ്വാസികള്‍ അല്ലാത്തവര്‍ ഇല്ലെന്നും പറയുന്ന സ്വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ്‌ തന്നെ വിശ്വാസത്തിന്റെ ബലത്തിലാണ്. എന്നാല്‍ ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു വരുത്തി തീര്‍ക്കേണ്ടത് മതങ്ങളുടെ നിലനില്‍പിന്റെ ആവശ്യം ആണ്. അങ്ങനെ അല്ല എങ്കില്‍ മത നേതൃത്വം വളരെ ആധികാരികമായി ഒന്ന് പറയട്ടെ സ്വര്‍ഗ്ഗവും നരകവും ഇല്ല, അങ്ങനെ ഒന്നിനു വേണ്ടി നിങ്ങളുടെ ജീവിതം ഹോമിക്കേണ്ട എന്ന്. അവിടെ തുടങ്ങും മതങ്ങളുടെ പതനം. മതപഠനം നിര്‍ത്തി മതപതനത്തിനുവേണ്ടിയാണ് ഇനി ക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവ നടത്തേണ്ടത്.

സ്വര്‍ഗ്ഗത്തില്‍ ആളുകള്‍ എങ്ങിനെയാണ്? നില്‍ക്കുകയാണോ, ഇരിക്കുകയാണോ, കിടക്കുകയാണോ. ഇതൊന്നും അല്ല എങ്കില്‍ ഇതൊന്നും ഇല്ലാത്ത  അവിടെ ചെന്നിട്ടു എന്ത് കാര്യം? സ്വര്‍ഗ്ഗം എന്നത് ഒരു അവസ്ഥയാണ്!! ഏത് അവസ്ഥ ഖരം, ദ്രാവകം, വാതകം, പ്ലാസ്മ? ഇതൊന്നുമല്ലാത്ത, അറിയാന്‍ പാടില്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിട്ട് എന്ത് നേടാന്‍? മരണാന്തര ജീവിതം പ്രതീക്ഷിച്ചു ആരും മതങ്ങളുടെ പുറകെ പോകണ്ട. അത്  വെറും വിഡ്ഢിത്തം ആണ്.
ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ അതിനു മതങ്ങളുടെ ആവശ്യം ഇല്ല. നല്ല ഒരു സാമൂഹിക വ്യവസ്ഥിതി മതി. മറ്റുള്ളവര്‍ക്ക് തന്റെ ചുറ്റുമുള്ള സഹജീവികള്‍ക്ക്  നന്മ ചെയ്യാന്‍ മാത്രം മനുഷ്യന്‍ അറിഞ്ഞാല്‍ മതി. 

പിരിവില്ലാത്ത പള്ളികള്‍ ഉണ്ടോ? കാണിക്ക വഞ്ചി ഇല്ലാത്ത അമ്പലങ്ങള്‍ ഉണ്ടോ? ഏത് ദൈവത്തിനു വേണം നിങ്ങളുടെ പണം? പണമില്ലാതെ ജീവിക്കാന്‍ ഗതിയില്ലെങ്കില്‍ പിന്നെ അത് എന്ത് ദൈവം?  പണം മനുഷ്യന്‍ കണ്ടു പിടിച്ച ഒരു മാധ്യമം ആണ്.  അത് കൊടുത്ത് അദൃശ്യ ശക്തിയെ തൃപ്തിപ്പെടുത്താന്‍ ,  അവനെ പ്രേരിപ്പിക്കുന്നത്  ഭയം മാത്രം ആണ്. വെറും മരണഭയം.  ജീവികള്‍ ജനിച്ചാല്‍ മരിക്കും എന്നത്  പ്രകൃതി നീയമം.   

ഇനിയും മാറി നടക്കേണ്ട വഴികള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍  ആയില്ലെങ്കില്‍  ഇതുവരെയുള്ള നിങ്ങളുടെ ജീവിതവും ഇനിയുള്ള നിങ്ങളുടെ ജീവിതവും  കന്നുകാലികള്‍ക്ക് കലക്കികൊടുക്കുന്ന കാടിവെള്ളം പോലെയേ കരുതേണ്ടതുള്ളൂ! 

സ്വര്‍ഗ്ഗം വരെ നീളുന്ന ഒരു ലിഫ്റ്റ്‌ ഉണ്ടെന്നു പറഞ്ഞാല്‍ അതില്‍ കയറാന്‍ തയ്യാറായ എത്ര വിശ്വാസികള്‍ നമ്മുടെ ഇടയില്‍ ഉണ്ട്? അത്ര കഷ്ടപ്പെട്ടുള്ള വിശ്വാസം ഒന്നും എനിക്ക് വേണ്ട എന്ന് അവന്‍ പറയും. അത്ര ഒക്കെയേ ഉള്ളൂ വിശ്വാസം എന്ന് പറയുന്നത്. 

ഞാന്‍ തിരിച്ചു വരും കൂടുതല്‍ ചോദ്യങ്ങളുമായി. ഉത്തരം പറയേണ്ടത് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലൂടെയാണ്..!

Friday, 13 February 2026

ആരാണ് ഞാന്‍ ആരാണ് നീ

 




ആരാണ് ആരാണ് ആരാണ് നീ

ആരാണ് ആരാണ് ആരാണ് ഞാന്‍

ആരാണ് ഞാനെന്ന്‍ നീയൊന്നറിഞ്ഞാല്‍

ആരാണ് നീയെന്ന് ഞാനൊന്നറിഞ്ഞാല്‍

ഞാനാണ് നീയെന്ന് നീയൊന്നറിഞ്ഞാല്‍

ഞാനാണ് നീയെന്ന്‍ ഞാനൊന്നറിഞ്ഞാല്‍

നീയാണ് ഞാനെന്ന് ഞാനൊന്നറിഞ്ഞാല്‍

നീയാണ് ഞാനെന്ന് നീയൊന്നറിഞ്ഞാല്‍

ആരാണ് ആരാണ് നീയെന്ന ചോദ്യവും

ആരാണ് ആരാണ് ഞാനെന്ന ചോദ്യവും

അപ്പാടെ ഇല്ലാതെ ഈലോകമുണ്ടാവും

നാമെല്ലാം ഒന്നെന്ന സത്യവുമൊന്നാകും

അവിടെ ആണെന്നുടെ ആനന്ദമഖിലവും


ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍

Monday, 19 January 2026

മുല്ലപ്പെരിയാറിന് ഒരടിക്കുറിപ്പ്

 

ആരാണ് മലയാളി


ആയിരത്തെക്കാളും വലുത് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് ആണെന്ന് തമിഴനെ പറഞ്ഞു പറ്റിച്ച് സ്വന്തം സമ്പത്ത് അവന് തീറെഴുതിക്കൊടുത്ത ബുദ്ധിമാന്‍ മലയാളി.

മൂപ്പ് കൂടിയാല്‍ ബലം കൂടും എന്ന സൂര്‍ക്കി മിശ്രിതത്തിന്റെ തത്വം മനസ്സിലാക്കി അതിന്റെ ഒലിച്ചു പോയ ഓട്ടയില്‍ സിമന്‍റ് പൊത്തി വയ്ക്കാന്‍ അനുവാദം കൊടുക്കാന്‍ മാത്രം ശുദ്ധ മനസ്സുള്ളവന്‍ മലയാളി.

അറുപതിനെ രണ്ടു കൊണ്ട് ഗുണിച്ചാല്‍ നൂറ്റിമുപ്പത് ആക്കാം എന്ന് ലോകത്തെ കാണിച്ചു കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവന്‍ മലയാളി.

അഞ്ചു വയസ്സുള്ള പാര്‍ട്ടിക്ക് ആയിരം കോടിയുടെ കടം വരുത്താന്‍ രാവിലെ മുതല്‍ രാത്രി വരെ വോട്ട് ചെയ്ത് തീരുമാനിക്കാന്‍ കഴിവുള്ളവന്‍ മലയാളി.

പ്രകൃതി ദുരന്ത സമയങ്ങളില്‍ റേറ്റ് കൂട്ടാന്‍ മരണ നിരക്ക് ഫ്ലാഷ് സ്ക്രീനില്‍ മിന്നിമറച്ചു സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ കഴിവുള്ളവന്‍ മലയാളി.

പ്രളയത്തില്‍ ഒലിച്ചു പോയവര്‍ക്ക് ദൈവകൃപ ഇല്ലന്നും, ഒലിച്ചു പോകാത്തവര്‍ക്ക് ദൈവകൃപ ഉണ്ടെന്നും വിശ്വസിക്കാന്‍ മനസ്സിനെ പരുവപ്പെടുത്തിയവന്‍ മലയാളി.

കോടികള്‍ മറിയുമ്പോള്‍ കോടതികള്‍ മൂകമാകും എന്ന് കൂടെക്കൂടെ തെളിയിച്ചു നീയമസംഹിതകള്‍ തിരുത്തിയെഴുതാന്‍ കഴിവുള്ളവന്‍ മലയാളി.

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ക്ക് അത് രണ്ടും ഇല്ലാത്ത അണികളെക്കൊണ്ട് ആകാശ ഗോപുരങ്ങള്‍ പണിയാന്‍മാത്രം സമ്പന്നരാകാം എന്ന് എല്ലാ അഞ്ചു വര്‍ഷവും വിരലില്‍ മഷി തേച്ച് ഉറപ്പിക്കാന്‍ കഴിവുള്ളവന്‍ മലയാളി.

മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഒരിക്കലും പൊട്ടില്ല എന്നുറപ്പുള്ള ഡാമുകളുടെ കീഴെ വീട് പണിയാന്‍ ചങ്കുറപ്പ് ഉള്ളവന്‍ മലയാളി.

വിദ്യാഭ്യാസം അന്യനാട്ടില്‍ ചെയ്താലേ വിലയുള്ളൂ എന്ന് മനസ്സില്‍ ഉറപ്പിച്ചു അതിനു വേണ്ടി കിടപ്പാടം വിറ്റും കടം വാങ്ങിയും മക്കളെ അവിടേക്ക് അയയ്ക്കാന്‍ കഴിവുള്ളവന്‍ മലയാളി.

മതരാഷ്ട്രീയ കെട്ടുപാടുകള്‍ വെറും ഊരാകുടുക്കുകള്‍ ആണെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാന്‍ അവസരം കൊടുക്കാതെ അവര്‍ക്ക് ജയ്‌ വിളിച്ചും സ്തുതി പാടിയും അവര്‍ക്കൊപ്പം താളംതുള്ളാന്‍ കഴിവുള്ളവന്‍ മലയാളി.

മത രാഷ്ട്രീയ അധികാര വര്‍ഗ്ഗത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ അവരെ അഴികള്‍ക്ക് പിന്നിലാക്കണം എന്ന് ഉള്‍ബോധം ഇല്ലാതെ ചങ്കുറപ്പോടെ പറയാന്‍ കഴിവുള്ളവന്‍ മലയാളി.

ദൈവത്തെ തൊട്ടാല്‍ കൈവെട്ടും എന്നും, രാഷ്ട്രീയത്തെ തൊട്ടാല്‍ അമ്പത്തൊന്ന് വെട്ടും എന്ന് തെളിയിക്കാന്‍ ക്വോട്ടഷന്‍ സംഘത്തെ പണം കൊടുത്ത് ഊട്ടി വളര്‍ത്താന്‍ കഴിവുള്ളവന്‍ മലയാളി.

നികുതിപ്പണം കൊണ്ട് റോഡിലെ കുഴികള്‍ നികത്താതെ അതില്‍ വെള്ളം നിറച്ചു അവിടെ മീന്‍ വളര്‍ത്താം എന്ന് പലവട്ടം തെളിയിച്ചവന്‍ മലയാളി.

മന്ത്രി അല്ലായിരുന്നെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ ചികിത്സ തേടേണ്ടവര്‍ ഖജനാവ് അരിച്ചു പെറുക്കി വിദേശ സുഖചികിത്സ തേടാന്‍ പഞ്ചനക്ഷത്ര സൗകര്യം ഒരുക്കാന്‍ കഴിവുള്ളവന്‍ മലയാളി.

സദാചാര വിഷയങ്ങളില്‍ ശ്വാസംമുട്ടി ജീവിക്കുമ്പോഴും അവസരം കിട്ടിയാല്‍ അമ്മയെപ്പോലും തിരിച്ചറിയാന്‍ കഴിവില്ലാത്തവിധം ആത്മ നീയന്ത്രണം കയ്യിലെടുത്തു അമ്മാനമാടാന്‍ കഴിവുള്ളവന്‍ മലയാളി.

ഏതു വഴിവക്കിലും തുണിപൊക്കി മൂത്രമൊഴിക്കുന്നവന്‍ കന്നിമൂലയില്‍ കക്കൂസ് വച്ചാല്‍ കഷ്ടകാലം ഉണ്ടാകും എന്ന് പറഞ്ഞു പഠിപ്പിക്കാന്‍ കഴിവുള്ള അസാധ്യ പ്രതിഭാസം മലയാളി.

അച്ചടക്കം പരിശീലിപ്പിക്കാന്‍ നാട് നീളെ സര്‍ക്കാര്‍ ചിലവില്‍ ബിവരേജുകള്‍ സ്ഥാപിച്ച് അതിലൂടെ അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്നവന്റെ അവസാനത്തെ ചില്ലിക്കാശും തിരിച്ചു പിടിച്ചു അവനെ നിത്യദരിദ്രന്‍ ആക്കാന്‍ കഴിവുള്ള നാട്ടില്‍ ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവന്‍ മലയാളി.

ഇനി സമയം കിട്ടുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങളും എഴുതി ചേര്‍ക്കുക...

ഓം മലയാള സമൂഹായ: നമ:


ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍ 

 First published on 12/08/2024