മതങ്ങളുടെ ദൈവങ്ങളും മനുഷ്യനും തമ്മില്‍ ഒരു വലിയ വ്യത്യാസം ഉണ്ട്. മനുഷ്യന് ദൈവങ്ങളെപ്പറ്റി അവന്റെ ചിന്താധാരയില്‍ ഉയര്‍ന്നു വന്ന എന്തൊക്കെയോ അറിയാം. എന്നാല്‍ ദൈവങ്ങള്‍ക്ക് മനുഷ്യനെപ്പറ്റി ഒന്നുമറിയില്ല. കാരണം മനുഷ്യ ചിന്തയില്‍ ഉള്ള ദൈവം ഒരു ദൈവമേ അല്ല. ആ ദൈവം മനുഷ്യന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവനും അവനു ദു:ഖങ്ങളും ദുരിതങ്ങളും കൊടുത്ത് തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നവനും, ഭൂമിയില്‍ നിന്ന് ദുഖങ്ങളും ദുരിതങ്ങളും പൂര്‍ണമായി മാറ്റാന്‍ കഴിവില്ലാത്തവനും ആണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലനങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹത്തില്‍ കാണാന്‍ കഴിയും. മതങ്ങളിലെ ദൈവത്തിനു മനുഷ്യ ചിന്തയോളമേ വളരാന്‍ കഴിയൂ. ഓരോ മനുഷ്യനും സ്വയം ഒരു ദൈവം ആണെന്ന ചിന്തയിലേക്ക് വളരാന്‍ കഴിയണം. അതിനു സാധിക്കാതെ വരുമ്പോള്‍ അവന്‍ പൌരാണികവും കാലഹരണപ്പെട്ടതുമായ മത ചിന്തകളുടെ വള്ളിക്കെട്ടുകളില്‍ ജീവിതം ഹോമിക്കും. മതത്തിന്റെ പേരില്‍ ഇനിയും തല്ല് കൂടുന്നവര്‍ ഒന്നോര്‍ക്കുക പാഴാക്കി കളയുന്ന നിങ്ങളുടെ ജീവിതങ്ങള്‍ക്ക് പിന്നെയൊരു പുനര്‍ജന്മം ഇല്ല. പുനര്‍ജ്ജന്മങ്ങളില്‍ വിശ്വസിക്കുന്നവര്‍ കുറഞ്ഞത് ഒരു നായോ, നരിയോ, പുഴുവോ, പൂമ്പാറ്റയോ ആയി എങ്കിലും വീണ്ടും ഈ ഭൂമിയില്‍ ഒരു തുടര്‍ ജീവിതത്തിനു നിന്റെ ജീവ ശക്തിക്ക് അവസരം ഉണ്ടാകണം എങ്കില്‍ അത് വെറുതെ പൊള്ളമതങ്ങളുടെ പോഴത്തരങ്ങളില്‍ ജീവന്‍ ഹോമിച്ചാല്‍ സാധിക്കില്ല..! മതങ്ങളും മതവിശ്വാസങ്ങളും വെറും തലമുറകളായി കൈമാറി വന്നു കിട്ടുന്ന മാസ്മരികത ആണ്. ഒരു തലമുറ അവസാനിക്കുമ്പോള്‍ അടുത്ത തലമുറ അതിനെ വീണ്ടും മുന്‍പോട്ടു തള്ളിക്കൊണ്ടേയിരിക്കും. അങ്ങനെ അതിന് ഇന്ന് നിങ്ങള്‍ കാണുന്ന വിധേനയുള്ള ഒരു ശാശ്വതസ്വഭാവം കൈവന്നു. പഴയ പല പൊടിപ്പുകളും തൊങ്ങലുകളും പലതും മതങ്ങള്‍ക്ക് വലിച്ചെറിയേണ്ടി വന്നു. എന്നാല്‍ ആധുനിക കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനും സാമ്പത്തിക മുതലെടുപ്പിനും വേണ്ടി തിരുകി ചേര്‍ത്ത തൊങ്ങലുകള്‍ ഇന്നും പുതിയ അലങ്കാരമായി മനുഷ്യന്‍ കൊണ്ട് നടക്കുന്നു. വെറും സാധാരണ മനുഷ്യന് അത് തിരിച്ചറിയാന്‍ ഉള്ള വിവേകബുദ്ധി മതങ്ങളുടെ മസ്തിഷ്കപ്രഷാളന ക്രീയകളില്‍ അന്യമായി. മതബന്ധങ്ങളുടെ ചേറ്റുകുഴിയില്‍ നിന്ന് കരകയറിയ കുറച്ചെങ്കിലും മനുഷ്യന്‍ അത് തിരിച്ചറിഞ്ഞു മാറി നടക്കേണ്ട വഴികള്‍ തിരഞ്ഞു തുടങ്ങി..!
സ്വര്‍ഗ്ഗം വരെ നീളുന്ന ഒരു ലിഫ്റ്റ് ഉണ്ടെന്നു പറഞ്ഞാല്‍ അതില്‍ കയറാന്‍ തയ്യാറായ എത്ര വിശ്വാസികള്‍ നമ്മുടെ ഇടയില്‍ ഉണ്ട്? അത്ര കഷ്ടപ്പെട്ടുള്ള വിശ്വാസം ഒന്നും എനിക്ക് വേണ്ട എന്ന് അവന്‍ പറയും. അത്ര ഒക്കെയേ ഉള്ളൂ വിശ്വാസം എന്ന് പറയുന്നത്.


