Wednesday, 7 December 2016

എന്താണ് ധ്യാനം?



നിന്റെ ജീവിതത്തിലെ ഇരുട്ടാകരുത് നിന്നെ  ധ്യാനത്തിലേക്ക് നയിക്കുന്നത്. മറിച്ച് നിന്റെ ഉള്ളിന്റെ ഉള്ളിലെ വെളിച്ചമാകണം നിന്റെ ധ്യാനത്തിന്റെ കേന്ദ്രം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ഒരു കവാടം  ആകണം നിന്റെ ധ്യാനം. ജീവിതത്തിലെ ഇരുട്ടിനെ വെളിച്ചമാക്കുന്നതാകണം നിന്റെ ധ്യാനനിമിഷങ്ങള്‍. നീ കണ്ണടച്ച് ധ്യാനനിരതന്‍ ആകുമ്പോള്‍ നിന്റെ ഉള്ളിലുള്ള ആത്മാവിന് നിന്റെ ശരീരത്തിന് പുറത്തുള്ള  നിന്റെ സ്വത്വത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞാല്‍ നിന്റെ ധ്യാനം പൂര്‍ണമായി. അത് ഒരുതരം ബോധോദയം ആണ്. അതാണ്‌ ശ്രീബുദ്ധനില്‍ സംഭവിച്ചത്.
നിന്റെ ജീവന്‍ എന്ന് പറയുന്നത് വെറും നിന്റെ ശരീര പ്രവര്‍ത്തനങ്ങളെ നീയന്ത്രിക്കുന്ന ശ്വാസോച്ഛ്വാസം മാത്രമല്ല. അത് നിന്റെ ആത്മാവിനെ ഇഹത്തില്‍ സൂക്ഷിക്കുന്ന ശരീരത്തിന്  സംരക്ഷണം നല്‍കുന്ന അത്യപൂര്‍വമായ  ഒരു ശക്തി ആണ്. ഇത് അത്യപൂര്‍വ്വം എന്ന് പറഞ്ഞത് അത് ഓരോ വ്യക്തികള്‍ക്ക് സ്വന്തം ആയത്കൊണ്ട് ആണ്. ആ യഥാര്‍ത്ഥ ജീവന്റെ കണ്ടെത്തലാകണം ധ്യാനഫലം എന്ന് പറയുന്നത്.
ആ യഥാര്‍ത്ഥ ജീവന്‍  നിന്റെ ശരീരത്തിന്റെ പുറത്താണ്. നിന്റെ ആ ജീവന്റെ ആത്മാംശം ആണ് നിന്റെ ശരീരത്തിന് ഉള്ളില്‍ ഉള്ളത്. ഈ അത്മാംശവും ശരീരവും തമ്മിലുള്ള സംവാദങ്ങള്‍ ആണ് നിന്റെ ജീവിതം എന്ന് പറയുന്നത്. ശരീരം ആകുന്ന  മാധ്യമം ഈ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു എന്ന് മാത്രം. ജീവിതവ്യതിയാനങ്ങള്‍ സംഭവിക്കുന്നത്‌ ശരീരത്തിന്റെ വികലപ്രവര്‍ത്തനങ്ങള്‍ ആത്മാവിനും ജീവനും തമ്മിലുള്ള സംവാദങ്ങള്‍ക്ക് വിലങ്ങുതടി ആകുമ്പോള്‍ ആണ്.
ആത്മാവിനെയും ശരീരത്തെയും തമ്മില്‍ സംയോജിപ്പിക്കാനും ഐക്യത്തില്‍ എത്തിക്കാനും കഴിയുന്ന ഒരു ശരീരം ഉണ്ടാകുമ്പോള്‍ മനുഷ്യനു വിശുദ്ധി ആയി. ഈ അത്മജീവസംയോഗത്തിന്റെ ആകെത്തുകയാണ് ജീവിതവിശുദ്ധി എന്ന് പറയുന്നത്. ആത്മാവ്‌ പൂര്‍ണമാണ് അതുപോലെ തന്നെ ജീവനും പൂര്‍ണമാണ്. അവ രണ്ടിലും കളങ്കം ഇല്ല. അപൂര്‍ണം ആയത് ശരീരവും അതിനോട് ബന്ധപ്പെട്ട എല്ലാം ആണ്.
ബുദ്ധിയും മനസ്സും ശരീരത്തിന്റെ സാധ്യതകള്‍ക്കും, ഏറ്റക്കുറച്ചിലുകള്‍ക്കും പാകപ്പിഴകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു. ചൈതന്യവും ഓജ്ജസ്സും ജീവന്റെ ഭാഗങ്ങള്‍ ആണ്. അത് അതിന്റെ പാരമ്യത്തില്‍ എത്തുന്നത് ഒരുവന്‍ ധ്യാനമാര്‍ഗ്ഗം വഴി ബോധോദയത്തില്‍ എത്തുമ്പോള്‍ ആണ്.
ലൈന്ഗീകത എന്നത് ശരീരത്തിന്റെ ഭാഗം ആണ്. ആത്മാവിലും ജീവനിലും ലൈന്ഗീകത ഇല്ല. ആത്മാവിനെയും ജീവനെയും തമ്മില്‍ സംയോജിപ്പിക്കുന്ന ശരീരത്തിന്റെ കരുത്താണ് ലൈന്ഗീകത. അത് ആത്മാവിനെയോ ജീവനേയോ കളങ്കപ്പെടുത്തുന്നില്ല. അത് ശരീരത്തിന്റെ ഏറ്റവും വലിയ കരുത്തു  ആയതിനാല്‍  അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാവും ജീവനും തമ്മിലുള്ള സംയോജനത്തിനു തടസ്സം ആകാം എന്ന് മാത്രം. അതുകൊണ്ടാണ് അത്മജീവസംയോജനത്തിനു അഥവാ വിശുദ്ധിക്ക് ലൈന്ഗീകതയെ നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത്. എന്നാല്‍ ലൈഗീകതയെ ഒരു ദുഷ്കരുത്തു  ആയി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാടില്ല. അത് ശരീരത്തിന്റെ സത്കരുത്തിന്റെ പ്രഥമ അടയാളം ആണ്.

വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ശരിയായ ധ്യാനത്തില്‍ ലൈന്ഗീകതക്ക് വലിയ പ്രാധാന്യം ഇല്ല. ശരിയായ ധ്യാനത്തിലൂടെ ബോധോദയത്തില്‍ എത്തുന്നവന് ലൈന്ഗീകത ഒരു നിന്ത്രണ വിധേയമായ വരം ആണ്. അത് അപൂര്‍ണമായ ശരീരത്തെ പൂര്‍ണതയുടെ വക്കിലേക്കു എത്തിക്കാന്‍ ഒരുവനെ സഹായിക്കുന്നു. അതുകൊണ്ട് ശരിയായ ധ്യാനം, ശരീരത്തിനും, മനസ്സിനും, ബുദ്ധിക്കും, ജീവനും ആത്മാവിനും വളരെ അധികം ഉപയുക്തമാണ്. 

Thursday, 1 December 2016

മാങ്ങാത്തൊലി


അങ്ങനെ മാങ്ങാത്തൊലിയെ അധികം ആരും പുശ്ചിക്കണ്ട.. മാങ്ങാത്തൊലി എന്ന പദത്തിന്റെ ഉപയോഗം  അധികം പേര്‍ക്ക് അറിയില്ല  എന്ന് തോന്നുന്നു! പുരാതനകാലത്ത് വളരെയധികം പ്രചാരത്തിലിരുന്നതും എന്നാല്‍ ഇന്ന് ന്യുജന്‍ ഉദയത്തോടെ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നതും ആയ ഈ പദത്തെക്കുറിച്ച് ചെറിയ ഒരു അവലോകനം.
ചുവടെ ചേര്‍ക്കുന്ന ചില ഉദാഹരണങ്ങളില്‍ നിന്നും ഇതിന്റെ പ്രാധാന്യം എത്രയെന്നു നിങ്ങള്ക്ക് ഊഹിക്കവുന്നതേ ഉള്ളൂ.

“ഇതെന്നാ മാങ്ങാത്തൊലിയാ” എന്ന്  ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം...അത് ഒന്നിനും കൊള്ളാത്തത് എന്നാണ്.

“ഈ മാങ്ങാത്തൊലി എടപാട്കൊണ്ട്” എന്റെ അടുത്തു വരണ്ട എന്ന് പറഞ്ഞാല്‍ വളരെ മോശം ആയിട്ടുള്ള പരിപാടികൊണ്ട് എന്നെ സമീപിക്കണ്ട എന്നാണ്.

“ഈ മാങ്ങാത്തൊലി പോലെ ഇരിക്കുന്ന” ഇവനെ അല്ലേല്‍ ഇവളെ എന്തിനു കൊള്ളാം എന്ന് പറഞ്ഞാല്‍ തീരെ മെലിഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം.

“ഈ മാങ്ങാത്തൊലി എടുത്തുകൊണ്ടു കളയടെ” എന്ന് പറഞ്ഞാല്‍ ഇത് വര്‍ക്ക് ചെയ്യുന്നില്ല അതുകൊണ്ട് എടുത്തുകൊണ്ടു പോകാന്‍ പറയുന്നു.

“ഇതെന്നാ മാങ്ങാത്തൊലി വര്‍ത്തമാനമാ നീ പറയുന്നത്” എന്നതിന്റെ അര്‍ത്ഥം നീ പറയുന്നതില്‍  വലിയ  കാര്യം ഒന്നുമില്ല എന്നാണ്. കാര്യമാത്രപ്രസക്തം അല്ലാത്ത സംഗതികള്‍ വെറുതെ പറയുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ശൈലി.

“ഈ മാങ്ങാത്തൊലി കൊണ്ടുപോയി കന്നുകാലിക്ക് കൊടുക്ക്‌” എന്ന് പറഞ്ഞാല്‍  അത് ശരിക്കും ഉള്ള  മാങ്ങാത്തൊലിയേ കുറിച്ചാണ്.

“നിന്റെ മാങ്ങാത്തൊലി ചെത്തി ഞാന്‍ ഉപ്പിലിടും” എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പലര്‍ക്കും അറിയാം!

“ഈ മാങ്ങാത്തൊലി ഏര്‍പ്പാട്” എന്ന് പറഞ്ഞാല്‍ അത് “ഈ മുടിഞ്ഞ ഏര്‍പ്പാട്” എന്നതിന്റെ മറ്റൊരു രൂപഭേദം ആണ്. ചിലപ്പോള്‍ ചില സംഗതികള്‍ ആവര്‍ത്തിച്ചു ജീവിതത്തില്‍ വരികയും അത്കൊണ്ട് ജീവിതം കുട്ടിച്ചോറാകും എന്ന ഒരു അവസ്ഥയില്‍ എത്തിചേരുമ്പോള്‍ ചിലര്‍ ഉപയോഗിക്കുന്ന ഒരു ശൈലി ആണ് ഇത്.

“ഈ മാങ്ങാത്തൊലിയന്റെ ഒരു കാര്യം” എന്നാണെങ്കില്‍ അല്പം വിവരകുറവ് എന്നേ അര്‍ത്ഥംആക്കുന്നുള്ളൂ. വലിയ കഴകത്ത് ഇല്ലാത്തവന്‍ എന്ന് പറയുന്നതിനെ അല്പം ലഘൂകരിച്ചു ഉപയോഗിക്കുന്ന  ഒരു ശൈലി.

ഇത്രയും ഒക്കെ  ഞാന്‍ ഇപ്പോള്‍  ഓര്‍ക്കുന്നുള്ളൂ.. ഇനിയുള്ളത് നിങ്ങള്‍ക്ക് അടിയില്‍ ചേര്‍ത്ത് ആഘോഷിക്കാം!
   


Sunday, 27 November 2016

മതേതരത്വം ഒരു മൂല്യം അല്ല



ഇന്ന് മതേതരത്വം ഒരു മൂല്യം അല്ല. മതം ഇല്ലായ്മയാണ് യഥാര്‍ത്ഥ മൂല്യം. ഒരു കാലത്ത് മതങ്ങള്‍  സമൂഹത്തിനു  അനിവാര്യം ആയിരുന്നു. ഇന്ന് മതങ്ങള്‍ സമൂഹത്തില്‍ ഒരു അനാവശ്യം എന്നതില്‍ ഉപരി അപകീര്‍ത്തികരവും അപകടകരവും ആണ്. അനുമാനങ്ങളിലും, പാരമ്പര്യങ്ങളിലും, കെട്ടുകഥകളിലും, നിന്ന് മെനഞ്ഞെടുത്ത  ദൈവത്തെ പ്രീതിപ്പെടുത്താനുള്ള  അവന്റെ പരക്കം പാച്ചിലിനിടയില്‍ അവനു  നഷ്ടം  ആകുന്നത് സന്തോഷത്തോടെയും  സമാധാനത്തോടെയും അതിവിശിഷ്ടവും മനോഹരവും ആയ ഈ ഭൂമിയില്‍ അല്പകാലം ജീവിക്കാന്‍ പ്രപഞ്ചം അവനു ഒരുക്കിയിരിക്കുന്ന അവസരമാണ്. തെളിവുകള്‍ ഇല്ലാത്ത സ്വര്‍ഗ്ഗം ലക്ഷ്യം വച്ചുള്ള  അവന്റെ പ്രയാണത്തില്‍ സ്വപ്രയത്നം കൊണ്ട് സ്വപ്നം അല്ലാത്ത യഥാര്‍ത്ഥ സ്വര്‍ഗ്ഗത്തെ അവനു ഈ ഭൂമിയില്‍ സൃഷിട്ക്കാന്‍ കഴിയും.

മനുഷ്യന് അവന്റെ പ്രാര്‍ത്ഥനകൊണ്ടും, കൃതജ്ഞത, നന്ദിപ്രകടനം എന്നിവ കൊണ്ടും അവന്റെ  ചിന്താശ്രേണിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ദൈവത്തെ  പ്രീതിപ്പെടുത്താം എന്നുള്ളത് അവന്റെ ഉള്ളിലുള്ള  മൂഡമായ ഒരു കണ്ടെത്തലാണ്. പ്രകൃതിയുമായുള്ള  മനുഷ്യന്റെ ഇണങ്ങി ചേരല്‍  ആകണം അവന്റെ മതം. അല്ലാതെ മരത്തിലും കല്ലിലും തീര്‍ത്ത ശില്പങ്ങള്‍ക്ക് മുന്‍പില്‍ ഉള്ള ഭക്താഭ്യാസങ്ങള്‍ ആകരുത് അവന്റെ ആത്മീയത. പ്രകൃതിയിലേക്കുള്ള അവന്റെ മടക്കത്തില്‍  അവനു ഫലസമൃദ്ധിയുടെയും, സമാധാനത്തിന്റെയും ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ചെണ്ടമേളങ്ങളും,  വാദ്യഘോഷങ്ങളും കൊണ്ട് അവന്റെ സങ്കല്പത്തില്‍ ഉള്ള  ദൈവങ്ങളെ പ്രീതിപ്പെടുത്തി അവന്‍റെ ആവശ്യങ്ങള്‍  നേടാനാവും  എന്നുള്ള  തെറ്റായ  ചിന്താഗതി എന്ന്  മനുഷ്യനില്‍ രൂപപ്പെട്ടോ  അന്ന് അവനു പ്രപഞ്ചശക്തിയെ അവന്റെ വരുതിയില്‍ നിര്‍ത്താന്‍ ഉള്ള  കഴിവ് നഷ്ടപെട്ടു. 

പ്രകൃതിരഹസ്യങ്ങള്‍ തിരിച്ചറിയാന്‍ ഉള്ള  മനുഷ്യന്റെ കഴിവാണ്  അവന്റെ ബുദ്ധിവികാസം  എന്ന്  പറയുന്നത്. ഈ  കഴിവ് പക്ഷിമൃഗാധികള്‍ക്കും ഉണ്ട്. പക്ഷെ  ആ  കഴിവ് അവയ്ക്ക് ഉണ്ടെന്നുള്ള  തിരിച്ചറിവ്  അവയ്ക്കില്ല.  മനുഷ്യന് അത്  ആനേകവര്‍ഷങ്ങളുടെ പരിണാമത്തില്‍കൂടി സായത്തം  ആയിരിക്കുന്നു. മനുഷ്യന് സായത്തമായ ഈ സ്ഥലകാലജീവജാലപ്രകൃതിബോധം കൂടുതലായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്നത്തെ  സമൂഹത്തിന്റെ  പല പ്രശ്നങ്ങളും ദൂരീകരിക്കാന്‍  കഴിയും. മതാധിഷ്ടിതം ആയ മനുഷ്യന്റെ നന്മപ്രവര്തികളില്‍ ഇന്ന് യാന്ത്രികതയും  മുരടിപ്പും വളര്‍ന്നിരിക്കുന്നു. സ്വാര്‍ത്ഥലാഭങ്ങളുടെയും സമ്പത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ മതങ്ങള്‍ ഇന്ന് മത്സരിക്കുന്നു. അധികമൊന്നും ചിന്തിക്കാന്‍ ശേഷിയില്ലാത്ത മനുഷ്യരെ അടിമകളാക്കി മതമേധവിത്വം അവരുടെ സുഖലോലുപതക്ക് മാറ്റ് കൂട്ടുന്നു. ദൈവങ്ങളെ വെറും നോക്കുകുത്തികള്‍ ആക്കി ഭണ്ടാരങ്ങളുടെ കെട്ടുറപ്പ് ഭദ്രമാക്കുന്നതില്‍ മനുഷ്യന് ഇന്ന് ഒരു നല്ല വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 

എല്ലാ മുക്കിലും മൂലയിലും മതമെന്ന ഓലപ്പാമ്പിനെ കാട്ടി, കണ്ണുരുട്ടി, പേടി വളര്‍ത്തി പണം പിടുങ്ങാന്‍ ഇന്ന് മിടുക്കന്മാര്‍ ഏറെ. എന്നാല്‍  മതത്തിനു അധികം പ്രസക്തി ഇല്ലാത്ത സ്ഥലങ്ങളില്‍, അതിന്റെ അതിപ്രസരം  ഇല്ലാത്ത സമൂഹങ്ങളില്‍ മാനുഷികമൂല്യങ്ങള്‍  കാണുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ഉണ്മയില്‍ നിന്ന്, അവന്റെ സ്വയ അവബോധത്തില്‍ നിന്ന് രൂപപ്പെട്ടവയാണ്. അത് ശാശ്വതവും കളങ്കം ഇല്ലാത്തതും  ആണ്.

മനുഷ്യന്റെ ബുദ്ധിവികാസത്തിന്റെ  ബാഹ്യപ്രകടനങ്ങള്‍ ആണ് ഇന്നത്തെ ശാസ്ത്രവികസനം. കണ്ടുപിടുത്തങ്ങള്‍ കണ്ടെത്തലുകളിലെക്കും, കണ്ടെത്തലുകള്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ ആവശ്യകതയിലേക്കും മനുഷ്യനെ നയിക്കുന്നു. ഈ പ്രക്രീയകള്‍ക്കാണ് മനുഷ്യന്‍ ഇന്ന് മുന്‍‌തൂക്കം  കൊടുക്കേണ്ടത്. മതങ്ങള്‍ ഇന്ന്  അതിനു പലപ്പോഴും ഒരു മാര്‍ഗ്ഗതടസ്സം  ആയി  നിലകൊള്ളുന്നു. മനുഷ്യകുലത്തിന്റെ മാറ്റങ്ങളെ അന്ഗീകരിക്കാന്‍, അതിനനുസരിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കു മാറ്റം വരുത്തി പുതിയ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വളരുന്നതിന് പകരം അദ്ധ്വാനിക്കുന്ന മനുഷ്യരുടെ അപ്പം ഭക്ഷിക്കാന്‍ സൂത്രങ്ങള്‍ മെനയുന്ന അലസരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഇന്നത്തെ മതങ്ങള്‍ക്ക് പ്രത്യേകിച്ച് മതമേധാവികള്‍ക്ക് ഒത്തിരിയേറെ സ്വാധീനം ഉണ്ട്.
പ്രശ്നപരിഹാരങ്ങള്‍ക്കായി മതത്തെ ആശ്രയിക്കുന്നത് ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം അനിവാര്യം ആണെന്ന് ഒരു വിചിന്തനം നടത്തേണ്ടത് ആവശ്യം ആണ്. ആകാശങ്ങളില്‍ കണ്ണിമയ്ക്കാതെ മനുഷ്യനെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു ദൈവം എന്ന മതത്തിന്റെ സങ്കല്‍പം മാറി സ്വന്തം ഉണ്മയില്‍ നിക്ഷിപ്തം  ആയിരിക്കുന്ന ദൈവീകതയുടെ ആവിഷക്കാരങ്ങള്‍ തിരിച്ചറിഞ്ഞു സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതാകണം മനുഷ്യജീവിതം അല്ലെങ്കില്‍ അവന്റെ മതങ്ങള്‍. അവിടെ അവന്‍ സിതാന്തങ്ങളുടെയോ മതമേലധികാരികലുടെയോ വാക്ചാതുരിയില്‍ വശീകരിക്കപ്പെട്ടു വ്യക്തിത്വം നഷടമായ, ചിന്താശേഷി നഷ്ടമായ ഒരു ഭോഷസമൂഹത്തിന്റെ  ഭാഗം  ആയി മാറേണ്ടതില്ല.


നന്മയ്യെന്നത് എല്ലാ ജീവജാലങ്ങളുടെയും ഉണ്മയില്‍ നിക്ഷിപ്തം ആയിരിക്കുന്ന ഒരു രഹസ്യം ആണ്.  അതിന്റെ ബാഹ്യാവിഷകാരങ്ങള്‍ ആവണം മനുഷ്യ ജീവിതങ്ങള്‍ എന്ന് പറയുന്നത്. മനുഷ്യന്റെ ചിന്താധാരകളെ വരിഞ്ഞുകെട്ടി ഭക്തിയുടെയും മതഭ്രാന്തിന്റെയും ലേപനം പുരട്ടി ഏതോ ഒരു മായിക ലോകത്തിന്റെ വിജ്രുംഭിച്ച കൊട്ടും പാട്ടും  ഹാലേലൂയ  വിളികളും കൊണ്ട് ഒരു സമൂഹത്തെ മുഴുവന്‍ നിര്‍ജീവവും നിര്‍വീര്യവും ആക്കുന്ന മതഭോഷ്കുകള്‍ കൂടിവരുന്നതിനനുസരിച്ച്‌  ഒരു സമൂഹത്തിന്റെ അധ:പതനം തുടങ്ങുകയായി. 

Wednesday, 16 November 2016

തിരക്കഥ


ഞാന്‍ തിരക്കിലാണ്, ഞാന്‍ ഒരു തിരക്കഥ എഴുതുന്ന  തിരക്കിലാണ്. എനിക്കൊരു പ്രൊഡിയൂസറെ ആവശ്യം  ഉണ്ട്. ആര്‍ക്കും ഇതില്‍ തല  വച്ചു  കൊടുക്കാം. കിട്ടുന്ന വരുമാനം  മുഴുവന്‍  എടുക്കുകയും  ആവാം എന്നാല്‍  തുടങ്ങാം  അല്ലെ!

കഥ ഇങ്ങനെ!
ടൈറ്റില്‍ കലാപരിപാടികള്‍ക്ക് ശേഷം ഒരു കറുത്ത സ്ക്രീനില്‍ ഇങ്ങനെ ആദ്യം എഴുതികാണിക്കുന്നു “ഈ കഥയും ഇതിലെ കഥാപാത്രങ്ങള്‍ക്കും തമ്മില്‍ നിത്യജീവിതത്തിലെ സംഭവങ്ങളും ആളുകളും  ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നു  എങ്കില്‍ അത്  വെറും യാദൃശ്ചികം മാത്രം”

സീന്‍ ഒന്ന്
കഥ  ആരംഭിക്കുന്നത് ഒരു വലിയ ജനക്കൂട്ടം സ്റ്റെജിനു മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്നത് കാണിച്ചു കൊണ്ടാണ്. ബഹളം, ജയ്‌ വിളികള്‍..  അങ്ങനെ പലതും.. ഒരു തടിമാടന്‍ പരിവാരങ്ങളും ഒത്തു സ്റെജിലേക്ക് കയറി വരുന്നു.  കൂട്ടത്തില്‍ ഒരു ഉറക്കത്തില്‍ നിന്ന് എണീറ്റ്‌ വന്ന കുട്ടിയും.  ഇടയ്ക്കു കുട്ടി വായിക്കോട്ട വിടുന്നുണ്ട്.. തടിമാടന്‍ എന്തൊക്കെയോ പറയുന്നു.. എവിടെയോ മതില് കെട്ടുന്ന കാര്യം..

സീന്‍ രണ്ട്
പാതിരാത്രി സമയം താടി ഉള്ള  ഒരു മനുഷ്യന്‍ പ്രസംഗിക്കുന്നു. ചുറ്റും ആരെയും കാണാന്‍ ഇല്ല. എന്തൊക്കെയോ റദ്ദു ചെയ്യാന്‍ പോകുന്നു എന്ന്. കേട്ടിട്ട് ആര്‍ക്കും ഒന്നും  മനസ്സിലാകുന്നില്ല. പാന്ജ് സൌ രൂപയെ ഓര്‍ ഹജാര്‍ രൂപയെ എന്ന്  മാത്രം  വ്യക്തം.

സീന്‍ മൂന്ന്
ഒരു വെളുത്ത സ്ത്രീ സോഫയില്‍ ഇരുന്നു കരയുന്നു.. എന്തോ നഷ്ടം ആയത് പോലെ. ഇനിയെങ്ങനെ ആളുകളുടെ മുഖത്ത് നോക്കും എന്ന്  ഇടയ്ക്ക് പറയുന്നുണ്ട്.

സീന്‍ നാല്
നേരം വെളുത്തു  വരുന്നു.  ആളുകള്‍ എങ്ങും നെട്ടോട്ടം ഓടുന്നു. കയ്യില്‍ നിറയെ നോട്ടുകെട്ടുകള്‍... എല്ലായിടത്തും  നീണ്ട നിര. പട്ടിയെ പേടിച്ചു വഴിയില്‍ ഇറങ്ങാത്ത എല്ലാവരും ഇപ്പോള്‍ പെരുവഴിയില്‍.

ഇടയ്ക്കു ചില സീനുകള്‍  അവിടെ മതില് കേട്ട് ഇവിടെ നോട്ടു റദ്ദ് ആക്കല്‍ ..ഇവിടെ നോട്ടു റദ്ദ് ആക്കല്‍ ..അവിടെ മതില് കെട്ടു!

സീന്‍ അഞ്ച്
ചാനലുകള്‍ ചുമ്മാ വാചക കസരത്തു നടക്കുന്നു. ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. എല്ലാരും എല്ലാവരെയും തെറി പറയുന്നു.

സീന്‍ ആറു
സോഷ്യല്‍ മീഡിയ ജിമ്നാസ്സ്ടിക്! എല്ലാ ചളിയും വാരി എറിയുന്നു.

സീന്‍ ഏഴ്
എല്ലാം പതുക്കെ ശാന്തം ആകുന്നു. ഇലക്ഷന്‍ സമയം വരുന്നു. എല്ലാം പഴയപോലെ വീണ്ടും തുടങ്ങുന്നു.

കലാശകൊട്ട്
സംവിധായകന്‍ വിളിച്ചു പറയുന്നു..  ഇതിലൊരു നല്ല വില്ലനെ വേണം... ആരാണ് തയ്യാര്‍? എല്ലാവരും പരസ്പരം നോക്കുന്നതോടെ പടം അവസാനിക്കുന്നു.


Tuesday, 25 October 2016

നൂല്‍പ്പാലങ്ങള്‍





എല്ലാ ജീവിത പ്രയാണങ്ങള്‍ക്കും ഇടയില്‍ ഒരു ചെറിയ നൂല്‍പ്പാലം എങ്കിലും ഉണ്ടാവണം.

കാരണം അക്കരെ ഇക്കരെ സന്ധിക്കേണ്ടത് പ്രകൃതിയുടെ നീയമം ആണ്!

മനുഷ്യന്‍ അതിനെ അവന്റെ സുഖയാത്രക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം. 

വിദ്യയും സ്വത്തും തേടിയുള്ള അവന്റെ യാത്രയില്‍ അവന് ചിലപ്പോള്‍ ആ നൂല്‍പ്പാലത്തിന്റെ വിട്ടുപോയ കണ്ണികള്‍ കാഴ്ചയില്‍പ്പെട്ടു എന്ന് വരില്ല. കാരണം അക്കരെ കണ്ണും നട്ടുള്ള യന്ത്രപ്പാച്ചിലിനിടയില്‍  നടന്നു നീങ്ങുന്ന വഴികളിലെ കുറവുകള്‍ നോക്കാന്‍, അത് പരിഹരിക്കാന്‍ അവന്‍ മിനക്കെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

ഈ നൂല്‍പ്പാലത്തിന്റെ കണ്ണികള്‍  ബന്ധങ്ങള്‍ ആണ്. പരസ്പരം കൈകോര്‍ത്തും കൂട്ടിപ്പിടിച്ചും ഒന്നിച്ചു നില്‍ക്കേണ്ട അവസ്ഥ. ഈ ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുമ്പോള്‍ അതിന്റെ അകല്‍ച്ച കൂടി വരുമ്പോള്‍ ഉണ്ടാകാവുന്ന തകര്‍ച്ച പ്രതീക്ഷിക്കുന്നതിലും വലുതാകാം. നിങ്ങള്‍ ഈ നൂല്‍പ്പാലത്തിലൂടെ ഉള്ള  യാത്രയില്‍ ആണെങ്കില്‍  ചിലപ്പോള്‍  വീണു പോകുന്നത് അഗാധമായ ഗര്‍ത്തത്തിലേക്ക് ആകാം. അല്ലെങ്കില്‍ ചിലപ്പോള്‍ ആഴം അറിയാത്ത വെള്ളപ്പാച്ചിലേക്കായിരിക്കാം. അതുകൊണ്ട് ജീവിത യാത്രയില്‍ നൂല്‍പ്പാലങ്ങളുടെ കണ്ണികള്‍ കൂട്ടി ബന്ധിക്കേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യം ആണ്. 

ചിലപ്പോള്‍ അനേക മനുഷ്യരുടെ പ്രയത്ന ഫലമായി രൂപപ്പെടുത്തിയ നൂല്‍പ്പാലം ഏതോ ഒരുവന്റെ അഹന്തയില്‍ മുറിക്കപ്പെടാം. അതിന്റെ നഷ്ടം ഒരാള്‍ക്ക് മാത്രം അല്ല. അത് മുറിക്കുന്നവനും അതിന്റെ ഫലം അനുഭവിക്കുന്നവനും ഒരു പോലെയാണ്. നൂല്‍പ്പാലങ്ങള്‍ മുറിക്കപ്പെടുമ്പോള്‍ മുറിവേല്‍ക്കപെടുന്നത്  അനേകരാണ്. നൂല്‍പ്പാലത്തിന്റെ കണ്ണികള്‍ മുറിക്കുന്നതിനെക്കാള്‍ അത് കൂടുതല്‍ മുറുക്കുവാനാകണം മനുഷ്യന്റെ ശ്രമങ്ങള്‍. മതങ്ങള്‍ മനുഷ്യരെ മസ്തിഷ്കപ്രഷാളനത്തിന്റെ മതില്‍ക്കെട്ടുകളില്‍ തളച്ചിട്ടു മനുഷ്യത്വം മരവിപ്പിച്ചപ്പോള്‍ നഷ്ടമായത് ജീവിത നൂല്‍പ്പാലത്തിന്റെ കണ്ണികളാണ്. 

അതിനെ കൂട്ടിക്കെട്ടുവാന്‍ ഇനി  നമുക്ക് വേണ്ടത് മതത്തിന്റെ, രാഷ്ട്രീയത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്  സ്വതന്ത്രരായ ഊര്‍ജമുള്ള വ്യക്തികളെയാണ്. അതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക അല്ല  വേണ്ടത് പ്രവര്‍ത്തിക്കുകയാണ്. 

Sunday, 23 October 2016

അതിക്രൂര പീഡനം ഏറ്റവള്‍



അതിക്രൂര പീഡനം ഏറ്റവള്‍


അവിടെയും ഇവിടെയുമെല്ലാം കയറ്റിയും ഇറക്കിയും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു വ്യക്തിത്വം ഉണ്ട് നമ്മുടെ സമൂഹത്തില്‍. പണ്ട് ഗാന്ധിജിയുടെ കാലം മുതല്‍ അല്പം വീറോടും വാശിയോടും  കൂടി പടപൊരുതിയിട്ടും ഒന്നും നേടാനാകാതെ ഇന്ന് അടുക്കളയിലേക്കു ഒതുങ്ങിക്കൂടെണ്ടി വന്ന അപൂര്‍വ പ്രതിഭ. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും എന്നാല്‍ വീണ്ടും തിരിച്ചു അടുക്കളയിലേക്കും തിരിച്ചു പോകാന്‍ വിധിക്കപ്പെട്ട  ഒരു ഹതഭാഗ്യ. സ്വന്തം ജീവിതത്തെ  കലക്കിതെളിച്ചും അടിച്ചു പരത്തിയും മറ്റുള്ളവര്‍ ജീവിതം ആസ്വദിച്ചപ്പോള്‍ ഒന്നും ഉരിയാടാനാകാതെ വെറും കയ്യോടെ അവരുടെ ഇന്ഗിതങ്ങള്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വന്നവള്‍. എന്നിട്ടും  അവളില്ലാതെ അവര്‍ക്കാര്‍ക്കും ജീവിക്കാന്‍ കഴിഞ്ഞില്ല എന്നത് എത്രയും ഖേദകരവും അവിശ്വസനീയവും ആണ്. 

അവളുടെ ഇടപെഴകിലൂടെ വിവാഹമോചനത്തോളം എത്തിയ എത്ര കുടുംബങ്ങള്‍. എന്നിട്ടും അവര്‍ക്കാര്‍ക്കും  അവളെ മാറ്റിനിര്‍ത്തിയുള്ള  ഒരു ജീവിതത്തെ ക്കുറിച്ച് ചിന്തിക്കാന്‍ ആയില്ല. ഓരോ കയറ്റത്തിനും ഓരോ ഇറക്കത്തിനും അവളുടെ പേരില്‍ അസഭ്യം കേള്‍ക്കേണ്ടി വന്നവര്‍ അനവധിയാണ്. പണ്ഡിതന്‍ എന്നോ പാമരന്‍ എന്നോ ഭേദമില്ലാതെ എല്ലാവരും  അവളുടെ മേല്‍ കുതിര കയറി. ഇതെല്ലാം സഹിക്കാന്‍ അവള്‍ നിന്ന് കൊടുത്തത് ഇന്നും തിരിച്ചറിയാത്ത ഒരു സത്യമാണ്. രാഷ്ട്രീയക്കാരുടെ വിലപേശലുകള്‍ അവളെ തളര്‍ത്തിയില്ല വഴിയരികിലും ചന്തയിലും അവളെ വിറ്റ് കശുണ്ടാക്കിയവര്‍  അനവധി. എന്നിട്ടും ഇന്നും  അവളെ  ആര്‍ക്കും മുഴുവനായി ഒരു നേരം ആസ്വദിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അതിനുള്ള ദൈര്യം ആരും കാട്ടുന്നില്ല എന്നതാണ്  സത്യം. ചിലപ്പോള്‍ കഠിനഹ്രുദയ ആയ അവളെ തണുത്ത വെള്ളത്തില്‍ മുക്കി സുഖം കണ്ടെത്തിയവര്‍ മറ്റു ചിലപ്പോള്‍ ആസ്വാദ്യതയുടെ ചുടുനീറ്റിലേക്ക് വാരി എറിഞ്ഞപ്പോള്‍, അവള്‍ ഒന്നും മിണ്ടാതെ മറ്റുള്ളവരുടെ സന്തോഷത്തിനായി അവളെ സമര്‍പ്പിച്ചു. 

ചിലര്‍ ചില കേറ്റി ഇറക്കത്തിന്റെ കഥകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു  ചിരിക്കാനും സ്വന്തം ജീവിതത്തിലെ അനുഭവങ്ങളോട് താരതമ്യം ചെയ്യാനും  ശ്രമിച്ചു. ഇവിടെ ഒന്നും  അവള്‍ പരാജയം അറിഞ്ഞില്ല. അവള്‍ ഇന്നും എല്ലാവര്ക്കും പിന്നാലെ അവരുടെ സന്തോഷആസ്വാദനത്തിനായി ഒപ്പമുണ്ട്. അതിനു ഒരു മാറ്റം ഉണ്ടാക്കാന്‍ അവള്‍ക്കു കഴിയും എന്നും എനിക്ക് തോന്നുന്നില്ല. ഇത്രയും ഒക്കെ  പറഞ്ഞിട്ടും  അവളുടെ പേര് വെളിപ്പെടുത്താന്‍ എനിക്കാകുന്നില്ല. 

ആധുനിക മീഡിയ ഇതൊരു ആഘോഷം ആക്കും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ രഹസ്യം വെളിപ്പെടുത്തുന്നത്. കാരണം മറ്റൊന്നല്ല ചിലപ്പോള്‍  നിങ്ങളും ഞാനും എല്ലാം അവള്‍ക്കു ഒരിക്കലെങ്കിലും അടിമപ്പെട്ടിട്ടുണ്ടാകാം! സത്യം പുറത്തായാല്‍ ചിലപ്പോള്‍ ഒരു കോളിളക്കം  തന്നെ സംഭവിക്കാം. എല്ലാവരും തന്നിലേക്ക് തിരിഞ്ഞു ഒരു ആത്മശോധന നടത്താന്‍  സമയമായി. പുരുഷന്‍ എന്നോ സ്ത്രീ എന്നോ ഒരു വ്യത്യാസവും അവിടെ ഇല്ല. സ്ത്രീകള്‍ ചിലപ്പോള്‍ വെറും ഒരു കൂട്ടികൊടുപ്പിന്റെ വക്താവായി ചിത്രത്തില്‍ തെളിഞ്ഞു വരാം. കൂട്ടികൊടുത്തത് തിരിച്ചറിഞ്ഞപ്പോള്‍ തല്ലു കൊള്ളേണ്ടി വന്ന പല സ്ത്രീകളും ഉണ്ട്. ഇത്രയും ഒക്കെ എഴുതിയത് ആരെയും പഴിചാരാനോ കുറ്റപ്പെടുത്താനോ അല്ല. മറിച്ച് നമ്മുടെ സമൂഹത്തില്‍ നമ്മളറിയാതെ ബലാത്സംഗം ചെയ്യപ്പെട്ട ആ വ്യക്തിയുടെ  മനശാന്തിക്ക് വേണ്ടിയാണ്. നിങ്ങള്ക്ക്  ഇനിയും  അവളെ ആസ്വദിക്കാം  അവള്‍ നിങ്ങള്ക്ക് ഇനിയും വഴങ്ങിത്തരും! 

ഈ സ്ത്രീയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ tkkjohn@gmail.com  എന്ന വിലാസത്തില്‍ ഒരു മെയില്‍ അയക്കുക.

സ്നേഹപൂര്‍വ്വം നിങ്ങളുടെ കത്തുകള്‍ക്കായി കാത്തിരിക്കുന്നു..!

Thursday, 22 September 2016

ജീവനില്ലാത്ത ദൈവം




ജീവനില്ലാത്ത ദൈവം


ദൈവത്തെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ക്ക് ആയിരം നാവുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണ നിശബ്ധത.

അതുകൊണ്ട് ഞാന്‍ പറയും ദൈവം ആയിരം നാവുള്ള കിനാവില്‍ ജീവിക്കുന്ന ഒരു മൂകന്‍ ആണെന്ന്.

അത് കാണാന്‍ അന്ധരായ നിങ്ങള്ക്ക് കഴിയില്ല. അതിനെക്കുറിച്ച് കേള്‍ക്കാന്‍ ബധിരര്‍ ആയ നിങ്ങള്ക്ക് കാതുകളും ഇല്ല.

നിങ്ങള്‍ക്ക് ഒത്തിരിയേറെ ഉത്തരങ്ങള്‍ ഉണ്ടാകാം.  ആ ഉത്തരങ്ങള്‍ എല്ലാം നിങ്ങളുടെത് മാത്രം. 

ഞാനാകുന്ന എന്നിലെ നിത്യതയ്ക്ക് ഊര്‍ജ്ജം പകരുന്നത് പ്രകൃതിയാണ്. പ്രകൃതി പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഞാനും നിങ്ങളും എല്ലാം  അതിന്റെ ഭാഗങ്ങള്‍ തന്നെ. 

അതിനുള്ളില്‍ ദൈവത്തെ ചേര്‍ത്തു വച്ച് എന്നെ ഞാനല്ലാതെ ആക്കുന്ന നിങ്ങളുടെ വിശ്വാസം നിങ്ങള്‍ ആരെന്ന് നിങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതിന്റെ വൈകല്യം മാത്രം. 

Tuesday, 6 September 2016

ആരാണ് വിശുദ്ധര്‍?



ആരാണ് വിശുദ്ധര്‍? എവിടെ എങ്കിലും ഒരു അത്ഭുതം പ്രവര്‍ത്തിച്ചാല്‍ വിശുദ്ധന്‍ ആകുമോ? ശരിയായ വിശുദ്ധര്‍ എന്നാണ് അത്ഭുതം പ്രവര്‍ത്തിച്ചത്? മദര്‍ തെരേസ എന്ന വ്യക്തിയാണ് ഇന്ന് സോഷ്യല്‍ മീഡിയ താരം. മരണ ശേഷം മദര്‍ ഒരു അത്ഭുതവും പ്രവര്‍ത്തിച്ചിട്ടില്ല. ജീവിച്ചിരുന്നപ്പോള്‍ ആണ് ആ വ്യക്തി അത്ഭുതം പ്രവര്‍ത്തിച്ചത്. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന അവരെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും വിശുദ്ധര്‍ ആക്കുന്നില്ല. ഭൂമിയില്‍ ജീവിച്ചിരിക്കാത്ത ഒരു വ്യക്തി അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുക അല്ലാതെ മറ്റെന്തു വഴി. ഞാന്‍ അത് ചെയ്തിട്ടില്ല എന്ന് പറയാന്‍ ആ വ്യക്തി വരില്ല എന്ന പൂര്‍ണ വിശ്വാസം അത് പ്രച്ചരിപ്പിക്കുന്നവര്‍ക്ക് ഉണ്ട്. അത് തന്നെയാണ് ഈ വിശുദ്ധമാക്കലിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്.

വിശുദ്ധം ആക്കിയില്ലെങ്കില്‍ വിഗ്രഹങ്ങള്‍ക്ക് വിലയില്ല. ഒരു ഗാന്ധി പ്രതിമയുടെ മുന്‍പില്‍ ആരും രോഗശാന്തിക്ക് വേണ്ടി നേര്ച്ച ഇടാറില്ല. മരിച്ച വ്യക്തി ആകാശ മേലാപ്പില്‍ എവിടെയോ ഇരിപ്പുറപ്പിച്ചു എന്ന് മനുഷ്യനെ വിശ്വസിപ്പിക്കാന്‍ അത് വഴി മറ്റൊരു സാമ്പത്തിക സ്രോതസ് രൂപപ്പെടുത്തി എടുക്കാന്‍ വളരെ തന്ത്ര പൂര്‍വ്വം മെനഞ്ഞെടുത്ത ഒരു പൌരാണിക സാമ്പത്തിക ശാസ്ത്രം. ഓരോ പുതിയ വിശുദ്ധരെ മെനഞ്ഞെടുക്കുമ്പോഴും ഈ സാമ്പത്തിക ശാസ്ത്രം ഒരു വന്‍ വിജയം ആണ് എന്ന് വീണ്ടും നമ്മളെ ഓര്‍മിപ്പിക്കുകയാണ്. ഇവിടെ ആരാണ് കബളിപ്പിക്കപ്പെടുന്നത്‌? വെറും സാധാരണ വിശ്വാസികള്‍ മാത്രം.

Sunday, 4 September 2016

ഓലപ്പുരയും ചിതയും! (ചെറുകഥ)




(ചെറുകഥ)

ഇതൊന്നു വായിക്കണേ.. 
അമ്മാളു മുത്തശ്ശി ഇത് ഏഴാം ദിവസം ആണ് ഗോപുവിന്റെ  അടുത്ത് ഒരു എഴുത്തുമായി വരുന്നത്. 
മുത്തശ്ശിയോടല്ലേ പറഞ്ഞത് എനിക്ക് പറ്റില്ല  എന്ന്. 
അന്നും പതിവ് പോലെ ഗോപുവിന്റെ മറുപടി രൂക്ഷമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അന്നും മുത്തശ്ശി ഒന്നും മിണ്ടാതെ വലിയ ബംഗ്ലാവിന്റെ പടിയിറങ്ങി തിരിച്ചു പോയി.
അമ്മാളു മുത്തശ്ശിയെ അന്നാട്ടുകാര്‍ക്കെല്ലാം നന്നായി അറിയാം. ആരോരുമില്ലാത്ത ഒരു പാവം മുത്തശ്ശി. ബന്ധുക്കളോ സ്വന്തക്കാരോ ആരും ഉള്ളതായി ആര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് ചോദിച്ചാല്‍ മുത്തശ്ശി  ആരോടും ഒന്നും പറയാറില്ല. ദൂരേക്ക്‌ നോക്കി ഒരേ ഒരു ഇരിപ്പ് മാത്രം. പിന്നെ അന്ന് മുഴുവന്‍ ഒന്നും കഴിക്കില്ല ഒന്നും മിണ്ടില്ല.

ഗോപുവിന്റെ ബംഗ്ലാവിന്റെ അടുത്തുള്ള  ഒരു ഓലപ്പുരയിലാണ് മുത്തശ്ശിയുടെ താമസം. മുത്തശ്ശിയെ കാണുന്ന കാലം തൊട്ടേ മുത്തശ്ശി അതിനുള്ളിലാണ്  താമസിക്കുന്നത്. പകല്‍ മുഴുവന്‍ ഏതെങ്കിലും ഒക്കെ വീടുകളില്‍ കയറി ഇറങ്ങും. ആരെങ്കിലും എന്തെങ്കിലും ഒക്കെ കൊടുത്താല്‍ അത് കഴിക്കും. അന്തി ആകുമ്പോഴേക്കു ഓലപ്പുരക്കുള്ളില്‍ തിരിച്ചു വന്നു തിണ്ണയില്‍ ഒരു വിളക്ക് തെളിച്ചു വയ്ക്കും. പിന്നെ മണിക്കൂറുകള്‍ അവിടെ ഇരുന്നു രാമനാമം ജപിക്കും. ഇത് തന്നെ മുത്തശ്ശിയുടെ ജീവതം. ആരോടും പകയില്ല, വിദ്വേഷമില്ല.

ഗോപുവിന്റെ അച്ഛനും  മുന്‍പ് ഒരു കൂലി വേലക്കാരന്‍ ആയിരുന്നു. അന്നൊക്കെ മുത്തശ്ശിയും അവരുടെ വീട്ടിലെ ഒരു അംഗത്തെപോലെ ആയിരുന്നു. അവര്‍ക്കും മുത്തശ്ശിയെ വലിയ കാര്യം ആയിരുന്നു. ഒത്തിരി ദിവസങ്ങളില്‍  മുത്തശ്ശിയുടെ കഥ കേട്ടാണ് ഗോപു ഉറങ്ങിയിരുന്നത്. പിന്നീട് എന്നോ ഗോപുവിന്റെ അച്ഛന്‍  വലിയ ഒരു പണക്കാരന്‍ ആയി. വലിയ ബംഗ്ലാവ് പണിതു. പിന്നെപ്പിന്നെ  അമ്മാളു  മുത്തശ്ശി അവിടെ കയറി ചെല്ലുന്നത് തന്നെ ഗോപുവിന്റെ അച്ഛന് ഇഷ്ടമല്ലാതായി. ആ ഇഷ്ടക്കുറവ്  സാവധാനം ഗോപുവിലെക്കും വ്യാപിച്ചു തുടങ്ങി. അതിന്റെ  തുടര്‍ച്ചയായി ഇപ്പോള്‍ മുത്തശ്ശിയുടെ കത്ത് വായിക്കാതിരിക്കാന്‍ ഗോപുവിന് ഒരു പ്രത്യേക കാരണവും ഉണ്ട്. സ്കൂളില്‍ നിന്ന് വരുന്ന വഴി ഗോപു കൂട്ടുകാരുമായി വഴക്കിട്ട വിവരം ഗോപുവിന്റെ അച്ഛന്‍ അറിഞ്ഞു. അമ്മാളു മുത്തശ്ശിയാണ് അത് ഗോപുവിന്റെ അച്ഛനോട് പറഞ്ഞത് എന്നാണ് ഗോപുവിന്റെ വിചാരം. പക്ഷെ സത്യം അതായിരുന്നില്ല.
പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുത്തശ്ശിക്ക് ഇപ്പോഴും ഗോപുവിനെ മാത്രമേ വിശ്വാസം ഉള്ളൂ. അത് കൊണ്ടാണല്ലോ വീണ്ടും വീണ്ടും കത്ത് വായിക്കാന്‍ ഗോപുവിന്റെ അടുത്തു വരുന്നത്. 

ഗോപു ഈ എഴുത്തൊന്നു വായിച്ചു കേള്‍പ്പിക്വോ... ഏഴു ദിവസായില്ലേ ഇതും കൊണ്ട് നിന്റെ അടുത്തു വരണൂ..! 

ഹോ ഇതൊരു ശല്യം ആയല്ലോ.." 
ഗോപു വാതില്‍ വലിച്ചടച്ചു അകത്തേക്ക് പോയി. അമ്മാളു മുത്തശ്ശി അടഞ്ഞു കിടക്കുന്ന വാതിലില്‍ നോക്കി വിതുമ്പിക്കൊണ്ട്, വടിയും കുത്തിപ്പിടിച്ചു ഓലപ്പുര ലക്ഷ്യമാക്കി നടന്നു. അന്ന് പിന്നെ ആരും മുത്തശ്ശിയെ കണ്ടില്ല.
പിറ്റേന്ന് പ്രഭാതത്തില്‍ പാല്‍ക്കാരി പെണ്ണ് വന്നപ്പോള്‍ പറയുന്നത് കേട്ടു: നമ്മുടെ അമ്മാളു മുത്തശ്ശി മരിച്ചു. അത് കേട്ടപ്പോള്‍ ഗോപുവിന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. അവന്‍ പിന്നെ ഒന്നും നോക്കാതെ ഓലപ്പുരയ്ക്ക് നേരെ ഓടി. അവിടെ ഒത്തിരി ആളുകള്‍ കൂടി നില്‍പ്പുണ്ട്. ആളുകളുടെ ഇടയിലൂടെ അവന്‍ തിക്കി തിരക്കി അകത്തു കടന്നു. ഗോപുവിന്റെ കണ്ണുകള്‍ എന്തിനോ വേണ്ടി തിരയുകയായിരുന്നു. അവസാനം അവന്‍ അത് കണ്ടു. മുത്തശ്ശിയുടെ കയ്യില്‍ അപ്പോഴും പിടി വിടാത്ത കത്ത്.  അവന്‍ അത് സാവധാനം മുത്തശ്ശിയുടെ കയ്യില്‍ നിന്ന് എടുത്തു. അവന്‍ അത് പൊട്ടിച്ചു വായിച്ചു. ഗോപുവിന്റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. കണ്ണുകളില്‍ ഇരുട്ട് കയറി.. അത് നിറഞ്ഞു കവിഞ്ഞൊഴുകി. പണ്ടെങ്ങോ നാടുവിട്ട മുത്തശ്ശിയുടെ മകന്റെ കുട്ടി അയച്ചതാണ് ആ കത്ത്.
നാട്ടില്‍ ഇങ്ങനെ ഒരു മുത്തശ്ശിയുന്ടെന്നു കേട്ടറിഞ്ഞ മുത്തശ്ശിയുടെ പേരക്കുട്ടി, മുത്തശ്ശി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നറിയാനും ഉണ്ടെങ്കില്‍ മറുപടി അയക്കണം എന്നും ഉണ്ടെങ്കില്‍ അവരെല്ലാം കൂടി മുത്തശ്ശിയെ കാണാന്‍ വരുന്നെന്നും ഒക്കെ അറിയിച്ചുള്ള അറിയിച്ചൊരു കത്ത്. കത്ത് വായിച്ച ഗോപു പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി. കൂടി നിന്നവര്‍ കാര്യം തിരക്കി അറിഞ്ഞു. 

ഇനിയിപ്പോ അവരെ അറിയിച്ചു വന്നിട്ട് കര്‍മങ്ങള്‍ ചെയ്യാനൊന്നും നേരമില്ല, അറിയിച്ചാല്‍ തന്നെ അവര് വരുമെന്നും എന്താ ഉറപ്പു?. ആരൊക്കെയോ അഭിപ്രായപ്പെട്ടു.
വൈകുന്നേരം ആയപ്പോഴേക്കും ചിത ഒരുങ്ങി. കര്‍മ്മങ്ങള്‍ തുടങ്ങിയപ്പോള്‍ പലരും ഒന്ന് വിതുമ്പി. അമ്മാളു മുത്തശ്ശിയെ അവര്‍ക്കെല്ലാം അത്ര ഇഷ്ടം ആയിരുന്നു. മുത്തശ്ശിയോട് അടുപ്പം ഉണ്ടായിരുന്ന ആരോ ചിതക്ക്‌ തീ കൊളുത്തി. ചിതക്ക്‌ തീ ആളിപ്പടരുംപോഴും ഗോപുവിന്റെ മനസ്സും നീറുകയായിരുന്നു. മുത്തശ്ശിയെ കുറിച്ചുള്ള നൂറു നൂറു ഓര്‍മ്മകള്‍ അവന്റെ മനസ്സിലൂടെ കടന്നു പോയി. താന്‍ കാരണം കത്തിലെ ഉള്ളടക്കം എന്തെന്നറിയാതെ കത്തിയമരുന്ന ചിതയും, കത്തിലെ വിവരങ്ങള്‍ അറിയാതെ മുത്തശ്ശി യാത്രയായ വിവരം അറിയാതെ മുത്തശ്ശിയുടെ പേരക്കുട്ടിയും. എല്ലാം ഓര്‍ത്തപ്പോള്‍ ഗോപു വീണ്ടും വിങ്ങിപ്പൊട്ടി.
അവന്റെ പശ്ചാത്താപത്തിന്റെ നെടുവീര്‍പ്പുകള്‍ വലിയ നീര്‍ത്തുള്ളികളായി നിവര്‍ത്തിപ്പിടിച്ച എഴുത്തില്‍ വീണു കുതിര്‍ന്നു. അപ്പോഴും പേരക്കുട്ടി അയച്ച കത്തിന്റെ പൊരുളറിയാതെ മുത്തശ്ശിയുടെ ചിത എരിഞ്ഞമര്‍ന്നു കൊണ്ടേയിരുന്നു.

Copyright ©️
ജോമോന്‍ തെക്കേക്കുരിക്കാട്ടുകുന്നേല്‍



Thursday, 5 May 2016

നമുക്ക് തുടങ്ങാം, നമ്മില്‍ നിന്ന് തന്നെ!



എല്ലാം ഒരു നിമിത്തം എന്ന് വിശ്വസിക്കുന്നവര്‍ക്കും ഈ പ്രപഞ്ചത്തിന്റെ ശക്തി സ്രോതസ് എന്താണെന്നുള്ള ഒരു തിരിച്ചറിവിലേക്ക് എത്തിപെടാന്‍ കഴിഞ്ഞാല്‍ അവര്‍ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നവരായിരിക്കും. നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക്‌ മറ്റുള്ളവരിലെ നന്മ കണ്ടെത്താന്‍ ഒരു വിഷമവും ഉണ്ടാവില്ല..! എന്താണ് നന്മ, പ്രപഞ്ചത്തോട് ഒപ്പം സഞ്ചരിക്കാന്‍ കഴിയുന്നതാണ് നന്മ. പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയുടെ ചലനത്തിനോപ്പം ചലിക്കാനും കഴിയുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായി മാറും.  ആധുനിക മനുഷ്യന് നഷ്ടമായ ഒരു മൂല്യമാണ് അത്. കോടാനുകോടി വര്‍ഷങ്ങളുടെ പരിണാമങ്ങളിലൂടെ കടന്നു പോയ നമ്മുടെ പ്രകൃതിക്ക് ഇന്നോ ഇന്നലെയോ ഇവിടേയ്ക്ക് കടന്നു വന്ന മനുഷ്യനെക്കാള്‍ കൂടുതല്‍ അറിയാം. അതുകൊണ്ടാണ് നിങ്ങളില്‍ ഉള്ള വിശ്വാസം പ്രകൃതിയില്‍ അര്‍പ്പിക്കേണ്ടത്‌. പ്രകൃതിയില്‍ ഉള്ളതെല്ലാം അവയില്‍ വസിക്കുന്ന ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാനും ആസ്വദിക്കാനും ഉരുവാക്കപ്പെട്ടവയാണ്. അതിന്റെ അമിതോപയോഗം മനുഷ്യന്‍ മാത്രമാണ് ചെയ്യുന്നത്. മറ്റു ജീവജാലങ്ങള്‍ അവയ്ക്ക് ആവശ്യം ആയവ മാത്രം എടുക്കുന്നു. ഇവിടെ മാറേണ്ടത് ബുദ്ധിജീവി എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ മാത്രം. സ്വാര്‍ത്ഥത, എല്ലാം എനിക്ക് വേണ്ടി എന്ന് മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയ നാള്‍ മുതല്‍ പ്രകൃതിയുടെ നാശം തുടങ്ങി. ഇനി അത് തിരുത്താന്‍ നാളേറെ വേണ്ടി  വന്നേക്കാം. എന്നാലും സമയം ഇനിയും അതിക്രമിച്ചിട്ടില്ല. നമുക്ക്  തുടങ്ങാം, നമ്മില്‍ നിന്ന് തന്നെ!