ഇന്ന് മതേതരത്വം ഒരു മൂല്യം അല്ല. മതം ഇല്ലായ്മയാണ് യഥാര്‍ത്ഥ മൂല്യം. ഒരു
കാലത്ത് മതങ്ങള്‍ സമൂഹത്തിനു അനിവാര്യം ആയിരുന്നു. ഇന്ന് മതങ്ങള്‍ സമൂഹത്തില്‍
ഒരു അനാവശ്യം എന്നതില്‍ ഉപരി അപകീര്‍ത്തികരവും അപകടകരവും ആണ്. അനുമാനങ്ങളിലും,
പാരമ്പര്യങ്ങളിലും, കെട്ടുകഥകളിലും, നിന്ന് മെനഞ്ഞെടുത്ത ദൈവത്തെ പ്രീതിപ്പെടുത്താനുള്ള അവന്റെ പരക്കം പാച്ചിലിനിടയില്‍ അവനു നഷ്ടം ആകുന്നത് സന്തോഷത്തോടെയും സമാധാനത്തോടെയും അതിവിശിഷ്ടവും മനോഹരവും ആയ ഈ
ഭൂമിയില്‍ അല്പകാലം ജീവിക്കാന്‍ പ്രപഞ്ചം അവനു ഒരുക്കിയിരിക്കുന്ന അവസരമാണ്. തെളിവുകള്‍
ഇല്ലാത്ത സ്വര്‍ഗ്ഗം ലക്ഷ്യം വച്ചുള്ള അവന്റെ പ്രയാണത്തില്‍ സ്വപ്രയത്നം കൊണ്ട് സ്വപ്നം
അല്ലാത്ത യഥാര്‍ത്ഥ സ്വര്‍ഗ്ഗത്തെ അവനു ഈ ഭൂമിയില്‍ സൃഷിട്ക്കാന്‍ കഴിയും.
മനുഷ്യന് അവന്റെ പ്രാര്‍ത്ഥനകൊണ്ടും, കൃതജ്ഞത, നന്ദിപ്രകടനം എന്നിവ കൊണ്ടും
അവന്റെ ചിന്താശ്രേണിയില്‍
രൂപപ്പെടുത്തിയിരിക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്താം എന്നുള്ളത് അവന്റെ ഉള്ളിലുള്ള
മൂഡമായ ഒരു കണ്ടെത്തലാണ്.
പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇണങ്ങി ചേരല്‍
ആകണം അവന്റെ മതം. അല്ലാതെ മരത്തിലും
കല്ലിലും തീര്‍ത്ത ശില്പങ്ങള്‍ക്ക് മുന്‍പില്‍ ഉള്ള ഭക്താഭ്യാസങ്ങള്‍ ആകരുത്
അവന്റെ ആത്മീയത. പ്രകൃതിയിലേക്കുള്ള അവന്റെ മടക്കത്തില്‍ അവനു ഫലസമൃദ്ധിയുടെയും, സമാധാനത്തിന്റെയും
ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ചെണ്ടമേളങ്ങളും,
വാദ്യഘോഷങ്ങളും കൊണ്ട് അവന്റെ സങ്കല്പത്തില്‍ ഉള്ള ദൈവങ്ങളെ പ്രീതിപ്പെടുത്തി അവന്‍റെ ആവശ്യങ്ങള്‍ നേടാനാവും എന്നുള്ള തെറ്റായ ചിന്താഗതി എന്ന് മനുഷ്യനില്‍ രൂപപ്പെട്ടോ അന്ന് അവനു പ്രപഞ്ചശക്തിയെ അവന്റെ വരുതിയില്‍
നിര്‍ത്താന്‍ ഉള്ള കഴിവ് നഷ്ടപെട്ടു.
പ്രകൃതിരഹസ്യങ്ങള്‍ തിരിച്ചറിയാന്‍ ഉള്ള മനുഷ്യന്റെ കഴിവാണ് അവന്റെ ബുദ്ധിവികാസം എന്ന് പറയുന്നത്. ഈ കഴിവ് പക്ഷിമൃഗാധികള്‍ക്കും ഉണ്ട്. പക്ഷെ ആ കഴിവ്
അവയ്ക്ക് ഉണ്ടെന്നുള്ള തിരിച്ചറിവ് അവയ്ക്കില്ല.
മനുഷ്യന് അത് ആനേകവര്‍ഷങ്ങളുടെ
പരിണാമത്തില്‍കൂടി സായത്തം ആയിരിക്കുന്നു.
മനുഷ്യന് സായത്തമായ ഈ സ്ഥലകാലജീവജാലപ്രകൃതിബോധം കൂടുതലായി വളര്‍ത്തിയെടുക്കാന്‍
കഴിഞ്ഞാല്‍ ഇന്നത്തെ സമൂഹത്തിന്റെ പല പ്രശ്നങ്ങളും ദൂരീകരിക്കാന്‍ കഴിയും. മതാധിഷ്ടിതം ആയ മനുഷ്യന്റെ
നന്മപ്രവര്തികളില്‍ ഇന്ന് യാന്ത്രികതയും മുരടിപ്പും വളര്‍ന്നിരിക്കുന്നു. സ്വാര്‍ത്ഥലാഭങ്ങളുടെയും
സമ്പത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ മതങ്ങള്‍ ഇന്ന് മത്സരിക്കുന്നു.
അധികമൊന്നും ചിന്തിക്കാന്‍ ശേഷിയില്ലാത്ത മനുഷ്യരെ അടിമകളാക്കി മതമേധവിത്വം അവരുടെ
സുഖലോലുപതക്ക് മാറ്റ് കൂട്ടുന്നു. ദൈവങ്ങളെ വെറും നോക്കുകുത്തികള്‍ ആക്കി ഭണ്ടാരങ്ങളുടെ
കെട്ടുറപ്പ് ഭദ്രമാക്കുന്നതില്‍ മനുഷ്യന് ഇന്ന് ഒരു നല്ല വളര്‍ച്ച
ഉണ്ടായിട്ടുണ്ട്.
എല്ലാ മുക്കിലും മൂലയിലും മതമെന്ന ഓലപ്പാമ്പിനെ കാട്ടി,
കണ്ണുരുട്ടി, പേടി വളര്‍ത്തി പണം പിടുങ്ങാന്‍ ഇന്ന് മിടുക്കന്മാര്‍ ഏറെ. എന്നാല്‍ മതത്തിനു അധികം പ്രസക്തി
ഇല്ലാത്ത സ്ഥലങ്ങളില്‍, അതിന്റെ അതിപ്രസരം ഇല്ലാത്ത സമൂഹങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ഉണ്മയില്‍
നിന്ന്, അവന്റെ സ്വയ അവബോധത്തില്‍ നിന്ന് രൂപപ്പെട്ടവയാണ്. അത് ശാശ്വതവും കളങ്കം
ഇല്ലാത്തതും ആണ്.
മനുഷ്യന്റെ ബുദ്ധിവികാസത്തിന്റെ ബാഹ്യപ്രകടനങ്ങള്‍ ആണ് ഇന്നത്തെ ശാസ്ത്രവികസനം.
കണ്ടുപിടുത്തങ്ങള്‍ കണ്ടെത്തലുകളിലെക്കും, കണ്ടെത്തലുകള്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ
ആവശ്യകതയിലേക്കും മനുഷ്യനെ നയിക്കുന്നു. ഈ പ്രക്രീയകള്‍ക്കാണ് മനുഷ്യന്‍ ഇന്ന്
മുന്‍തൂക്കം കൊടുക്കേണ്ടത്. മതങ്ങള്‍
ഇന്ന് അതിനു പലപ്പോഴും ഒരു മാര്‍ഗ്ഗതടസ്സം
ആയി നിലകൊള്ളുന്നു. മനുഷ്യകുലത്തിന്റെ മാറ്റങ്ങളെ
അന്ഗീകരിക്കാന്‍, അതിനനുസരിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കു മാറ്റം വരുത്തി പുതിയ
സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വളരുന്നതിന് പകരം അദ്ധ്വാനിക്കുന്ന
മനുഷ്യരുടെ അപ്പം ഭക്ഷിക്കാന്‍ സൂത്രങ്ങള്‍ മെനയുന്ന അലസരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍
ഇന്നത്തെ മതങ്ങള്‍ക്ക് പ്രത്യേകിച്ച് മതമേധാവികള്‍ക്ക് ഒത്തിരിയേറെ സ്വാധീനം
ഉണ്ട്.
പ്രശ്നപരിഹാരങ്ങള്‍ക്കായി മതത്തെ ആശ്രയിക്കുന്നത് ഇന്നത്തെ സമൂഹത്തില്‍
എത്രമാത്രം അനിവാര്യം ആണെന്ന് ഒരു വിചിന്തനം നടത്തേണ്ടത് ആവശ്യം ആണ്. ആകാശങ്ങളില്‍
കണ്ണിമയ്ക്കാതെ മനുഷ്യനെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു ദൈവം എന്ന മതത്തിന്റെ സങ്കല്‍പം
മാറി സ്വന്തം ഉണ്മയില്‍ നിക്ഷിപ്തം
ആയിരിക്കുന്ന ദൈവീകതയുടെ ആവിഷക്കാരങ്ങള്‍ തിരിച്ചറിഞ്ഞു സമൂഹത്തിന്റെ
നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതാകണം മനുഷ്യജീവിതം അല്ലെങ്കില്‍ അവന്റെ മതങ്ങള്‍.
അവിടെ അവന്‍ സിതാന്തങ്ങളുടെയോ മതമേലധികാരികലുടെയോ വാക്ചാതുരിയില്‍
വശീകരിക്കപ്പെട്ടു വ്യക്തിത്വം നഷടമായ, ചിന്താശേഷി നഷ്ടമായ ഒരു ഭോഷസമൂഹത്തിന്റെ ഭാഗം ആയി മാറേണ്ടതില്ല.
നന്മയ്യെന്നത് എല്ലാ ജീവജാലങ്ങളുടെയും ഉണ്മയില്‍ നിക്ഷിപ്തം ആയിരിക്കുന്ന ഒരു രഹസ്യം ആണ്. അതിന്റെ ബാഹ്യാവിഷകാരങ്ങള്‍ ആവണം മനുഷ്യ
ജീവിതങ്ങള്‍ എന്ന് പറയുന്നത്. മനുഷ്യന്റെ ചിന്താധാരകളെ വരിഞ്ഞുകെട്ടി ഭക്തിയുടെയും മതഭ്രാന്തിന്റെയും ലേപനം പുരട്ടി
ഏതോ ഒരു മായിക ലോകത്തിന്റെ വിജ്രുംഭിച്ച കൊട്ടും പാട്ടും ഹാലേലൂയ വിളികളും കൊണ്ട് ഒരു സമൂഹത്തെ മുഴുവന്‍ നിര്‍ജീവവും
നിര്‍വീര്യവും ആക്കുന്ന മതഭോഷ്കുകള്‍ കൂടിവരുന്നതിനനുസരിച്ച് ഒരു സമൂഹത്തിന്റെ അധ:പതനം തുടങ്ങുകയായി.
No comments:
Post a Comment