ജി. എസ്. എല്‍. വി. എഫ്. പതിനാലില്‍ ശ്രീഹരിക്കൊട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന് അതിവിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കി ഇന്ത്യയുടെ തനതായ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തില്‍ എത്തിച്ച സംഭവം അതിന്റെ ചൂട് ആറുന്നതിനു മുന്‍പേ മറ്റൊരു വിജയം ആഘോഷിക്കുകയാണ് ഞാന്‍. നിരീക്ഷണ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ ചുറ്റാന്‍ തുടങ്ങുമ്പോള്‍ അത് മറ്റൊരു നാഴികക്കല്ലായി ഇന്ത്യയുടെ ശൂന്യാകാശ വിജയഗാഥയില്‍ ഇടം കുറിക്കുമ്പോള്‍ അതിന്റെ വിജയത്തിന്റെ ആഘോഷമെന്നോണം ഞാന്‍ അതിരാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊട്ടു കേരളത്തിന്റെ സ്വന്തം അഭിമാനം ആയ പുട്ടും കടലക്കറിയും ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
നെതര്‍ലണ്ടില്‍ അറിയപ്പെടുന്ന ഒരു പ്രാന്തപ്രദേശങ്ങളില്‍ ഒന്നായ മാസ്ട്രിക്റ്റില്‍ ആദ്യമായി പുട്ടിന്റെ ഉത്പാദനം സാധ്യമാണെന്ന് തെളിയിച്ചത് എന്റെ അടുക്കളയിലാണ്. കേരളത്തില്‍ നിന്ന്‍ തന്നെ ഇറക്കുമതി ചെയ്ത ആട്ട പുട്ടുപൊടി പിന്നെ അന്ന അലുമിനിയം കമ്പനിയുടെ കൂക്കര്‍ അതില്‍ വയ്ക്കാന്‍ പാകമായ സ്റ്റീല്‍ കുറ്റിയും കയ്യില്‍ ഉള്ളപ്പോള്‍ അത് ഇവിടെ എന്റെമാത്രം സ്വതന്ത്ര അഹങ്കാരമായ കേരളത്തിലെ ഗോതമ്പ് പുട്ടിനെ പുനരാവിഷ്കരിക്കാനുള്ള എന്റെ ശ്രമം ഫലവത്താകുന്നതില്‍എനിക്ക് അഭിമാനത്തിന്റെ നിമിഷമാണ്.
ഗോതമ്പ് പൊടി നന്നായി വറുത്തെടുത്ത് ചെറു ചൂടോടെ തന്നെ ആവശ്യത്തിന് ഉപ്പു ചേര്‍ത്തു പച്ചവെള്ളം തളിച്ച് നനച്ചു പുട്ട് പരുവത്തില്‍ ആക്കുന്ന വിദ്യ കേരളീയര്‍ക്ക് മാത്രം കൈവശമുള്ള ഒരു അതി വിശിഷ്ട കൂക്കിംഗ് ടെക്നോളജി ആണ്. പുട്ടിനുള്ള ഉതിര്‍ പൊടിയുടെ ഫിസിക്സ് ഒരു പ്രത്യേക സംഗതി ആണ്. ഒരു കൈ വാരി എടുത്ത് ഒന്നമര്‍ത്തിയാല്‍ ഒന്നിച്ചിരിക്കുകയും ഒന്നുകൂടി അമര്‍ത്തിയാല്‍ വീണ്ടും പഴയ ഉതിര്‍ പൊടി ആവുകയും ചെയ്യുന്ന ഒരു വല്ലാത്ത ഫിസിക്സ്. അമേരിക്കന്‍ ശാസ്ത്രലോകത്തിന്റെ അഭിമാനം ആയ നാസ ഇപ്പോള്‍ കേരളത്തിന്റെ പുട്ട് നിര്‍മാണ വൈദഗ്ദ്യത്തിലെ ഫിസിക്സിനെക്കുറിച്ച് ഗംഭീരമായ ഒരു ഗവേഷണം നടത്തിക്കൊണ്ടിരിക്കുയാണ്. അവരുടെ ഇനിയുള്ള ചന്ദ്ര യാത്രയില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങി ഇരിക്കുന്ന റോക്കറ്റിന്റെ നിര്‍മാണത്തിന് ഏതെങ്കിലും രീതിയില്‍ ഇത് പ്രയോജനപ്പെടുത്താനാവും എന്ന പ്രതീക്ഷയോടെ.
പുട്ടിനുള്ള ഉതിര്‍ പൊടി തയ്യാറാക്കിയ ശേഷം നാലടുപ്പുള്ള ഇന്ടക്ഷന്‍പ്ലേറ്റില്‍ വിരല്‍ അമര്‍ത്തി സ്ഥിരം ഉപയോഗിക്കുന്ന അടുപ്പ് ഓണാക്കി. ഗ്ലാസിന്റെ അടിയില്‍ കത്തിത്തിളങ്ങുന്ന കൊയിലിനു മുകളില്‍ അരഭാഗം വെള്ളം നിറച്ചു അന്നയുടെ കുക്കര്‍ വച്ച് ആവി വന്നപ്പോള്‍ ഒന്നാമത്തെ കുറ്റി പുട്ട് തട്ടിന് മുകളില്‍ തേങ്ങാപ്പീര (ഉണക്കപ്പീര വെള്ളത്തില്‍ കുതിര്‍ത്തത്) പുട്ടുതിര്‍ തേങ്ങാപ്പീര പുട്ടുതിര്‍ എന്നിങ്ങനെയുള്ള തലമുറകളായി കൈമാറിക്കിട്ടിയ പുട്ട് നിര്‍മാണത്തിലെ കുറ്റി നിറയുടെ തത്വം അപ്പാടെ പകര്‍ത്തി അത് വക്കോളം നിറച്ചു മൂന്നു തുളയുള്ള അടപ്പും വച്ച് മൂടി ആവിയും വരുന്നത് നോക്കി അല്പ നേരം അങ്ങനെ നിന്നു. അല്‍പനേരത്തിനുശേഷം മൂന്ന് തുളയിലൂടെ ചീറ്റിവരുന്ന ആവി കണ്ടപ്പോള്‍ റോക്കറ്റ് വിക്ഷേപണ വിജയം ആവേശപൂര്‍വ്വം ആഘോഷിച്ചവരെപ്പോലെ തന്നെ എന്റെ പുട്ടു വിക്ഷേപണത്തിലെ വിജയവും ഞാന്‍ പുഞ്ചിരിയോടെ ആഘോഷിച്ചു.
അതങ്ങനെ ഒരു നാല് തവണ വിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍ തയ്യാറാക്കി വച്ചിരുന്ന പുട്ട് പൊടിയും തേങ്ങാപ്പീരയും തീര്‍ന്നു.
തല്ക്കാലം വിക്ഷേപണം നിര്‍ത്തിവച്ചു കടലക്കറി നിര്‍മാണത്തിന്റെ സാങ്കേതിക മികവു തിരിച്ചറിയുന്നതിലെക്ക് കടന്നു. നേരത്തെ പുഴുങ്ങി ടിന്നില്‍ അടച്ചിരിക്കുന്ന വാങ്ങിക്കുന്ന കടല്യ്ക്ക് അധികം വേവില്ല. അതുകൊണ്ട് രണ്ടു സവോള നന്നായി കനം കുറച്ചരിഞ്ഞു റെഡിയാക്കി. തിളച്ചുമറിയുന്ന എണ്ണയില്‍ പൊട്ടിത്തെറിച്ചു കളിക്കുന്ന കടുക് കുട്ടന്മാരോടോപ്പം ഒരു സ്പൂണ്‍ കറിപ്പൌടറും രണ്ടു സ്പൂണ്‍ മല്ലിപ്പൊടിയും കുറെ ഉണക്ക കറിവേപ്പിലയും ഒക്കെ കൂട്ടി വഴറ്റി ആവശ്യത്തിനു ഉപ്പും ചേര്‍ത്തു ടിന്നിലിരുന്ന കടല നന്നായി കഴുകി സവോളക്കൂട്ടിന്റെ ഒപ്പം ചേര്‍ത്തു അല്പം വെള്ളവും ചേര്‍ത്തു. ഇടയ്ക്ക് ഇടയ്ക്ക് അല്പം രുചി നോക്കി. ഒന്ന് കുറുകി കിട്ടാന്‍ അല്പം കുറുക്കുപൊടി വെള്ളത്തില്‍ കലക്കി അതിനോട് ചേര്‍ത്തു ഒന്ന് തിളച്ചു മറിഞ്ഞപ്പോള്‍ കടലക്കറിയും റെഡി.
പിന്നെ ഒരു കുറ്റി പുട്ടും ഉണ്ടാക്കിയ കടലക്കറിയും ചേര്‍ത്ത് നന്നായി ഒരു പിടിപിടിച്ചു. ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം അതിന്റെ ഓര്‍ബിറ്റില്‍ തിരിയുന്നത് പോലെ പുട്ടും കടലയും അതിന്റെ ഓര്‍ബിറ്റില്‍ കൂടി നിര്‍ഗളമായി യാത്ര ചെയ്തു. ഇനി ആ യാത്ര അങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും. അവസാനം ഇന്ധനം തീര്‍ന്നു താഴേക്കു പതിയ്ക്കും വരെ!