Friday, 2 February 2024

ബിംബീകരണം




സമൂഹത്തില്‍  ഇന്ന്  ബിംബീകരണങ്ങള്‍  കൂടി  വരുന്നു.  ഈ  "ബിംബീകരണം" ആണ് അന്നും ഇന്നും മനുഷ്യരുടെ പരാജയങ്ങളുടെയും അടിസ്ഥാനം. പൊള്ളയായ ഉള്ളുകള്‍ക്ക് പുറമേ മനോഹരമായ ബിംബങ്ങളെ സൃഷിക്കുമ്പോള്‍  മനുഷ്യന്‍  മറക്കുന്നത്  ഉള്‍കാമ്പ്കളാണ്.  എന്നിലെ  നിശ്ചലതയാണ്  എന്നിലെ  ഉള്‍ക്കാമ്പ് എന്ന  തിരിച്ചറിവ്  മനുഷ്യന്  നഷ്ടമായി. അതിവേഗം  ഒഴുകുന്ന  പുഴയോട്  എന്റെ  പ്രതിബിംബങ്ങളെ  സൃഷ്ടിക്കു  എന്ന്  കേഴുന്നവര്‍ അറിയാതെ പോകുന്ന  ഒരു സത്യം ഉണ്ട്  നിശ്ചലമായ ജലാശയങ്ങല്‍ക്കെ വ്യക്തമായ  പ്രതിബിംബങ്ങളെ  സൃഷ്ടിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യ ബോധം. ശാന്തമായ  പ്രകാശത്തിന്റെ  സാന്നിധ്യത്തില്‍  മാത്രമേ വ്യക്തമായ  പ്രതിബിംബങ്ങള്‍  ഉണ്ടാകൂ. ആ  പ്രകാശം  ഉത്ഭവിക്കേണ്ടത്  പുറമേ നിന്നുമാണ്. അത്  തട്ടി  പ്രതിഫലിക്കാന്‍  അവസരം കൊടുക്കുക അത്  മാത്രം ആണ്  മനുഷ്യന്‍ ചെയ്യേണ്ടത്.  ഉള്ളില്‍ നിന്നുള്ള  പ്രകാശ വിസ്ഫോടനം ചിലപ്പോള്‍  നിഴലുകളെ  സൃഷ്ടിക്കാം. അല്ലെങ്കില്‍ അതൊരു  ആത്മനാശത്തിനു  തുടക്കവും  ആകാം. പുറം വെളിച്ചത്തില്‍  നിഴലുകള്‍  അപ്രത്യക്ഷമാകുന്നത് പോലെ  നീ  നിന്റെ  നിഴലായി  കൊണ്ട് നടക്കുന്ന  അഹം ഒരു സുപ്രഭാതത്തില്‍ മറ്റുള്ളവരുടെ ബോധോദയപ്രകാശ വികിരണത്തില്‍ നിഷ്പ്രഭമാകാം.  ബിംബമാകാനും,  ബിംബങ്ങള്‍ക്ക്  പിന്‍തുണയാകാനും, ബിംബങ്ങളെ  രൂപപ്പെടുത്താനും ഉള്ള  പരക്കം  പാച്ചിലാണ്  നാം എവിടെയും  കാണുന്നത്.  ഈ പാച്ചിലിനിടയില്‍  ചിലപ്പോള്‍  നാം അറിയാതെ  തന്നെ  കാമ്പില്ലാത്ത ബിംബസൃഷ്ടികള്‍  നടത്തിയിരിക്കാം.  അത്  പിന്നാലെ വരുന്ന ഒരു ജനതയ്ക്ക്  അല്ലെങ്കില്‍ തലമുറയ്ക്ക്  അര്‍ത്ഥം  തിരിയാത്ത ഒരു നോക്ക്കുത്തിയായി  അവിടെയും  ഇവിടെയും ഉയര്‍ന്നു നില്‍ക്കാം.  അത്  കണ്ടു  വളരുന്നവര്‍  പിന്നീട്  അതെ സ്ഥാനം സ്വന്തമാക്കാനും  മറ്റൊരു നോക്കുകുത്തി  ബിംബമാകാനും  അവബോധ മനസിനെ പരുവപ്പെടുത്തും.   അതിനു  ഒരു മാറ്റം ഉണ്ടാവണം  എങ്കില്‍ മനുഷ്യന്‍ തന്റെ  നിശ്ചലതയുടെ ജലപ്പരപ്പിലേക്ക് തിരിയേണ്ടതുണ്ട്. 

No comments:

Post a Comment