Wednesday, 22 February 2017

ഇനിയും എന്തിനീ തുരുമ്പ് കറകള്‍?


ഇനിയും എന്തിനീ തുരുമ്പ് കറകള്‍?

ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ അത് തിരിച്ചു ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവന് കൂടുതല്‍ നല്‍കട്ടെ ഇല്ലാത്തവന്‍ ഉള്ളവനില്‍ നിന്ന് കൂടുതല്‍ എടുക്കട്ടെ!

ഇന്നലെയുടെ ഇരബലുകളിലും, ചിലബലുകളിലും, പുലബലുകളിലും നിന്ന് ഇന്നിനെ രക്ഷിക്കാന്‍ നീയമിതമായിരിക്കുന്ന നാളെയുടെ പ്രവാചകശബ്ദം ആണ് നീ! നിന്റെ ശബ്ദം ഇടിനാദം പോലെ മുഴങ്ങേണ്ടതില്ല. എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ നീ വായിട്ടലക്കേണ്ടതില്ല. ശബ്ദവാഹിനികളിലൂടെ നീ ഘോരഘോരം പ്രഘോഷിക്കേണ്ടതില്ല. നീ നിന്നിലേക്ക്‌ തിരിഞ്ഞ് നിശബ്ദനായി, നിര്‍ഭയനായി നിനക്ക് മുന്നില്‍ തുറന്നു കിടക്കുന്ന പ്രകൃതിയുടെ വാതായനങ്ങളിലേക്ക് പ്രവേശിച്ച് അവിടെ നിന്ന് നിര്‍ഗളമായി പ്രവഹിക്കുന്ന ശക്തിസ്രോതസ്സിന്റെ വക്താവാകുക. അവിടെ നിനക്ക് ജ്ഞാനത്തിന്റെയും അറിവിന്റെയും ചെപ്പുകള്‍ തുറന്നു കിട്ടും. പിന്നെ നീ ആരുടേയും അടിമയല്ല. അടിമത്തത്തിന്റെ തുരുമ്പിച്ച ചങ്ങലക്കെട്ടുകള്‍ ഏതോ ദിവ്യപുസ്തകതാളുകളിലൂടെ പകര്‍ന്നു തന്ന നിന്റെ പൂര്‍വികര്‍ക്ക് നഷ്ടമായ സമാധാനത്തിന്‍റെ തടാകങ്ങളിലേക്ക് നിനക്ക് നടന്നടുക്കാന്‍ ആവും. എന്താണ് നിന്നെ മുന്നോട്ടു നയിക്കുന്നത്? മനുഷ്യ മൂല്യങ്ങളോ മതമൂല്യങ്ങളോ? മനുഷ്യത്വം നഷ്ടം ആയിക്കൊണ്ടിരിക്കുന്ന മതമൂല്യങ്ങള്‍ ആണ് നിന്നെ നയിക്കുന്നതെങ്കില്‍ നീ നിന്റെ തുരുമ്പിച്ച അടിമച്ചങ്ങല ആഭരണം ആക്കി അണിയാന്‍ ആഗ്രഹിക്കുന്നു. അതില്‍ എനിക്കൊന്നും പറയാന്‍ ഇല്ല. പക്ഷെ നിന്റെ തുരുമ്പിന്‍ കറ എന്റെ പുതുവസ്ത്രങ്ങളിലേക്ക് പകര്‍ത്താതിരിക്കുക. മനുഷ്യനായി ജനിച്ച നിന്നെ മനുഷ്യന്‍ ആയി തന്നെ ജീവിക്കുന്നത് കാണാന്‍ ആണ് എന്റെ ആഗ്രഹം. അതാണ്‌ എന്റെ നിയതിയും നിയോഗവും.

%%%%%%%%%%%%

Wednesday, 15 February 2017

ക്ണാപ്പും കോണസ്റ്റും





ക്ണാപ്പും കോണസ്റ്റും

മലയാളത്തിലെ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന രണ്ടു പദങ്ങള്‍ ആണ് ക്ണാപ്പും കോണസ്റ്റും. ഒരു കാലത്ത് ഈ രണ്ടു പദങ്ങള്‍ വളരെയധികം ആളുകള്‍ തങ്ങളുടെ നിത്യജീവിതത്തില്‍ അനായാസം കൈകാര്യം ചെയ്തിരിന്നു. ഈ പദങ്ങളുടെ ചരിത്രത്തിലേക്ക് ഒന്നും ഞാന്‍ നിങ്ങളെ കൊണ്ട്പോകുന്നില്ല. മറിച്ച് ഇതിന്റെ ഏറ്റവും ഉപകാരപ്രദമായ ചില പ്രയോഗങ്ങളിലേക്ക് മാത്രം നിങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നു. ഈ പദങ്ങള്‍ക്കു തനതായ അര്‍ത്ഥം ഇല്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് പല അര്‍ത്ഥങ്ങളും കൊടുക്കാന്‍ കഴിയുന്ന വളരെ ചുരുക്കം ആയ ചില പദങ്ങളില്‍ ചിലതാണ്.
നിങ്ങളുടെ ജീവിതയാത്രയില്‍ ചിലപ്പോഴെങ്കിലും കേട്ടിട്ടുള്ളതോ അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഉപയോഗിച്ചിട്ടുള്ളതോ ആയ ഒരു പ്രയോഗം ആണ് “ഇത് എന്തൊരു കൊണസ്റ്റ് പിടിച്ച വഴി” എന്നത്. ഇവിടെ ഇതുകൊണ്ട് അര്‍ത്ഥം ആക്കുന്നത് വഴി വളരെ ദുര്‍ഘടം പിടിച്ചതാണ് എന്നാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതും ലക്ഷ്യം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതുമായ അവസരങ്ങളില്‍ ഈ പദം വളരെ ലാളിത്യത്തോടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
പരീക്ഷകള്‍ എഴുതി പരിചയമുള്ളവര്‍ക്ക് ചിലപ്പോഴെങ്കിലും ഉപയോഗിക്കേണ്ടി വന്ന ഒരു പ്രയോഗം ആണ് “കൊണസ്റ്റ് പിടിച്ച ചോദ്യം” എന്നത്. ഇവിടെ പരീക്ഷാര്‍ത്ഥി ചോദ്യം കണ്ടു വെറുതെ മിഴിച്ചിരുന്നിരിക്കണം. ഒന്നും പിടികിട്ടിയെന്നു മാത്രം അല്ല ഉത്തരം ഒട്ട് ആറിയാനും പാടില്ല. അങ്ങനെയുള്ള അവസരത്തില്‍ പരീക്ഷ കഴിഞ്ഞതിനു ശേഷം മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ഈ പദപ്രയോഗം സര്‍വ്വസാധാരണം ആണ്. ഇങ്ങനെ പരീക്ഷ എഴുതി തോറ്റ ഒത്തിരി സഹോദരീസഹോദരന്മാര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും വിലസുന്നുണ്ട്.
ചില ആളുകള്‍ ചിലപ്പോള്‍ ചില സാധനങ്ങള്‍ വാങ്ങുകയും എന്നാല്‍ അതിന്റെ ഉപയോഗത്തെക്കുറിച്ച് വലിയ പിടി ഇല്ലാതെ വരികയും ചെയ്യുന്ന അവസരത്തില്‍ പറയുന്ന ഒരു പ്രയോഗം ആണ് “ഈ കൊണസ്റ്റ് പിടിച്ച സാധനം”. ഒരു സാധനം വാങ്ങിച്ചതിന് ശേഷം അത് കൊറേ നേരം ഇട്ടു പണിയും എന്നിട്ട് സംഗതി ശരിയാക്തെ വരുമ്പോള്‍ സാധനത്തെ കുറ്റം പറയുവാനും തന്റെ കഴിവില്ലായ്മയെ പുറത്തു കാണിക്കാതിരിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണിത്.
കുന്ത്രാണ്ടം എന്നത് പലര്‍ക്കും അറിയാവുന്ന ഒരു പദം ആണ്. എന്നാല്‍ ഈ പദത്തിന് പിന്നില്‍ “കൊണസ്റ്റ് പിടിച്ച” എന്ന ആലങ്കാരികത ചേര്‍ക്കുമ്പോള്‍ അത് “കൊണസ്റ്റ് പിടിച്ച കുന്ത്രാണ്ടം” ആകും. ഒരു തരത്തിലും ഉപയോഗിക്കാനും ശരിയാക്കാനും പറ്റാത്ത അവസ്ഥയില്‍ മാത്രമേ ഇത്രയും കടന്ന ഒരു പ്രയോഗം മലയാളികള്‍ നടത്താറുള്ളൂ.
ഒരു പ്രയോഗത്തെക്കുറിച്ച് കൂടി സൂചിപ്പിച്ചിട്ടു അടുത്ത പദത്തിലേക്ക് കടക്കാം. ചിലപ്പോഴൊക്കെ നമ്മള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണ് “ഈ കൊണസ്റ്റ് പിടിച്ച ഏര്‍പ്പാട്”. അതായതു പുലിവാല് പിടിപ്പിക്കുന്ന പരിപാടികള്‍ എന്ന്. ഈ കൊണസ്റ്റ് പിടിച്ച ഏര്‍പ്പാടും കൊണ്ട് എന്റെ അടുത്തു വരരുത് എന്ന് ഒരിക്കല്‍ എങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം.
അടുത്തതായി “ക്ണാപ്പ്” എന്ന പദം പുതിയ തലമുറ മറന്നു തുടങ്ങിയിരിക്കുന്നു. ക്ണാപ്പ് പോസിട്ടീവായും നെഗട്ടീവായും ഉപയോഗിക്കാവുന്ന ഒരു പദം ആണ്.
“അവനെന്നാ ഒരു ക്ണാപ്പനാ” എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ഒരു കഴിവ് കേടിന്റെ പ്രതിധ്വനി നമ്മുക്ക് കേള്‍ക്കാനാകും.
“ഇതെന്നാ ഒരു ക്ണാപ്പ് ആടെ ഇത്” എന്ന് ചിലപ്പോള്‍ നിങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചിട്ട് ഉണ്ടാകാം. അതിന്റെ അര്‍ത്ഥം അതിനകത്ത് വലിയ കഴകത്തൊന്നും ഇല്ലാന്ന്.
ചിലപ്പോള്‍ ഇത് പോസിറ്റീവായി ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകാം “അവനു ഏതാണ്ട് ക്ണാപ്പൊക്കെ അറിയാം”.
“അവന്റെ ഈ ക്ണാപ്പ് കൊണ്ട് ഇതൊന്നും നടക്കില്ല” എന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ അതിന്റെ അര്‍ത്ഥം എന്തോ ലോട്ടിലോടുക്ക് പരിപാടി ആണെന്നാണ്.
ഞാന്‍ ഈ എഴുതിയത് വായിക്കുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നതും “ഇതെന്നാ ഒരു ക്ണാപ്പ്” എഴുത്ത് ആണെന്നാണ്.
ഇതിനു കമന്ടടിക്കുന്നവര്‍ ദയവായി കിടുതാപ്പ് എന്നാ പദം ഉപയോഗിക്കാതിരിക്കുക.
ഏതെങ്കിലും ഭാഷാ പണ്ഡിതര്‍ എന്നെ കൈകാര്യം ചെയ്യാന്‍ പ്ലാന്‍ ഉണ്ടെകില്‍ ആദ്യം ഒരു മെയില്‍ അയക്കുക. ഞാന്‍ നേരിട്ട് വന്നു സംസാരിച്ചോളാമ്മേ!


Saturday, 4 February 2017

പൂര്‍ണതയിലേക്ക്‌ ഒരു ജീവിതം


ഞാന്‍ ക്രിസ്തുവോ, കൃഷ്ണനോ, ബുദ്ധനോ, നബിയോ അല്ല. ഇവരാരും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചിട്ടോ, പറഞ്ഞിട്ടോ ഇല്ല. ഇവരാരും പറഞ്ഞിട്ടോ പഠിപ്പിച്ചിട്ടോ അല്ല ഞാന്‍ മറ്റുള്ളവരെ സ്നേഹിക്കുന്നത്. മറ്റുള്ളവരെ സ്നേഹിക്കുക എന്നുള്ളത് എന്റെ അസ്ഥിത്വത്തിന്റെ ഭാഗം ആണ്. അതുകൊണ്ട് ഞാന്‍ നല്ലവനെങ്കില്‍, മറ്റുള്ളവരെ സ്നേഹിക്കുന്നെങ്കില്‍, അത് എന്റെ മാത്രം സ്വകാര്യതയാണ്. അതില്‍ മതങ്ങള്‍ക്ക് ഒരു അവകാശവും പറയാന്‍ ഇല്ല. ഇത് അപൂര്‍ണതയില്‍ ഉള്ള എന്റെ തിരിച്ചറിവാണ്. അത് അതിന്റെ പൂര്‍ണതയില്‍ എത്തുമ്പോള്‍ ഞാനും പൂര്‍ണനാകും. നിങ്ങള്‍ക്കും അതില്‍ അഭിമാനിക്കാം. കാരണം ഞാനും നിങ്ങളെപ്പോലെ സാധാരണ ഒരു മനുഷ്യന്‍ ആണ്. മനുഷ്യനായി ജനിച്ചവന്‍ സമ്പൂര്‍ണ മാനുഷികതയിലേക്ക് വളരുമ്പോള്‍ അവന്റെ ജീവിതം പൂര്‍ണം ആകുന്നു. അതാണ്‌ എന്റെ ലക്ഷ്യവും. അത് തന്നെയാവണം നിങ്ങളുടെയും ലക്ഷ്യം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ സമാധാനം ഈ ഭൂമിയില്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ!

                        ജോ