ആര്‍ക്കും ആരുടേയും ദൈവം ആകാന്‍ കഴിയില്ല. ഓരോരുത്തരും അവരവരുടെ ദൈവമാകണം. അവിടെയാണ് മനുഷ്യന്‍ തന്റെ ഉണ്മയുടെ ശക്തി തിരിച്ചറിയുന്നത്. അത് മനുഷ്യന്റെ ഉണ്മയുടെ തിരിച്ചറിവിലേക്ക് നയിക്കും എന്ന് മാത്രമല്ല അങ്ങനെ ഒരു യാഥാര്‍ത്ഥ്യം ഉണ്ട് എന്ന അവബോധം മനുഷ്യനില്‍ ഉണ്ടാക്കുകയും ചെയ്യും.
ആകാശങ്ങളില്‍ ഇരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ ദൈവത്തിനു പ്രളയം ഉണ്ടാക്കാന്‍ കഴിയും എന്ന വിശ്വാസവും ഉണ്ടാകണം. അത് തന്നെയാണ് ദൈവങ്ങളില്‍ വിശ്വസിക്കുന്നവരുടെ നിഗമനങ്ങളും. എന്നാല്‍ പ്രളയത്തില്‍ ഒലിച്ചു പോയ ജീവനുകളെ തിരികെ കൊണ്ടുവരാന്‍ ഒരാകാശ ദൈവത്തിനും കഴിയില്ല എന്ന യാഥാര്‍ത്ഥ്യം വളരെ തന്മയത്വത്തോടെ മറക്കാനും അതെല്ലാം “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല” എന്ന ചെറിയ പഴഞ്ചൊല്ലില്‍ ചുരുക്കാനും വിശ്വാസികള്‍ തങ്ങളുടെ മികവു കാണിക്കും. നീ പ്രളയത്തില്‍ ഒലിച്ചു പോകാതിരുന്നത് നിന്റെ ദൈവത്തിന്റെ പ്രത്യേക കാരുണ്യം കൊണ്ടാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് മനസ്സിനെ പരുവപ്പെടുത്താനും അവനു കഴിയും.
പ്രളയങ്ങള്‍ വരികയും പോവുകയും ചെയ്യും അത് പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും നീയമങ്ങള്‍. പ്രകൃതി നീയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്ക് അതിന്റെ പ്രതിഫലനങ്ങള്‍ അനുഭവിക്കേണ്ടി വരും. പ്രകൃതി മനുഷ്യര്‍ക്ക് എതിരെ പടയൊരുക്കം നടത്തുമ്പോള്‍ അത് തടയാന്‍ ദൈവങ്ങള്‍ക്കല്ല ഒരു ശക്തിക്കും ആകില്ല എന്ന അവബോധം ഉണ്ടാകുമ്പോള്‍ വിശ്വാസത്തിന്റെ മാറാലകള്‍ അഴിഞ്ഞുവീഴും. അവിടെ ഉള്‍വെളിച്ചം മനുഷ്യന്റെ ബൌദ്ധിക തരംഗങ്ങളില്‍ മാറ്റത്തിന്റെ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയും പുതുയുഗത്തിന്റെ പുതിയ മനുഷ്യനായി ഉയരാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യും.
ഈ അതുല്യമായ മഹാപ്രപഞ്ചത്തില്‍ മറ്റൊരു മായികപ്രപഞ്ചം അതിലോലമായി മെനഞ്ഞെടുത്ത് അതിന്റെ മോഹനവാഗ്ദാനങ്ങളില്‍ ഇഹലോകത്തിനപ്പുറം മറ്റൊരു സ്വർഗലോക ജീവിതമുണ്ടെന്ന മതഭോഷ്ക് കളുടെ മസ്തിഷ്കപ്രഷാളന വായിത്താരിയുടെ ഊരാക്കുടുക്കില്‍ മനുഷ്യനെ കെട്ടിയിട്ട്, കൊട്ടയിട്ടു മൂടിയ കോഴിക്കുഞ്ഞിനെപ്പോലെ ചികയാനും ചിന്തിക്കാനും അവസരം കൊടുക്കാതെ അവനെ വെറും നിഷ്ക്രീയനാക്കി നിരന്തരം വിലപേശപ്പെടുന്ന സിമന്റ് കല്ലറകളില്‍ അടക്കം ചെയ്തു അവസാനിപ്പിച്ച് അതിന്റെ ഓഹരിയുംപറ്റി ജീവിതമാസ്വദിക്കുന്ന മതനേതൃത്വങ്ങള്‍ക്കും അതിനു താങ്ങായി ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ കൊമരങ്ങള്‍ക്കും അടിയറവു വയ്ക്കേണ്ടതാണോ നിങ്ങളുടെ ഇത്തിരിയില്ലാത്ത ഈ ഭൂമിയിലെ ജീവിതം.
ഉപേക്ഷിക്കുക, ഉയിര്‍ത്തെഴുന്നേല്‍ക്കുക. വായിക്കുക, പഠിക്കുക, വിജ്ഞാനമുള്ളവരാകുക, വരും തലമുറകള്‍ക്ക് ഒരു ചോദ്യ ചിഹ്നമായി തെളിഞ്ഞു നില്‍ക്കുക, പറയുകയും, പഠിപ്പിക്കുകയും, പറഞ്ഞുകൊടുക്കുകയും ചെയ്യുക.
കാന്തവും, കണികയും, ഊര്‍ജ്ജവുമായി ഈ മഹാപ്രപഞ്ചത്തിന്റെ ഭാഗമായ നീ പരാചയത്തിന്റെ പടുകുഴിയില്‍ വിഷമിക്കാതെ, വിഷണ്ണന്‍ ആകാതെ ഇനിയും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ജീവന്‍ എന്ന അത്ഭുത പ്രതിഭാസത്തിന്റെ മാസ്മരികതയില്‍ അനുഭവങ്ങളും ആസ്വാദനങ്ങളും ആയി മുന്‍പോട്ടു പോകുക.
നേര്‍ നടപ്പിന്റെ നാള്‍വഴികളില്‍ വിശ്വാസ വികിരണങ്ങള്‍ അസ്തമിക്കുമ്പോള്‍ ഓരോ മനുഷ്യനും അവനവന്റെ ദൈവം ആയി മാറും. അവിടെ ദൈവം എന്ന പദം പോലും അന്യമാകും. നീയും നീയാകുന്ന പ്രപഞ്ചവും മാത്രം. അവിടെ കാലങ്ങളും കാലഭേധങ്ങളും ഇല്ല, രൂപങ്ങളും മന്ത്രോച്ചാരണങ്ങളും ഇല്ല. വെറും ഊര്‍ജ്ജം മാത്രം. ഒരിക്കലും അന്യം നിന്ന് പോകാത്ത വെറും ഊര്‍ജ്ജം മാത്രം. അതാണ് നിന്റെ നിത്യത. ഇവിടെ നീ ഉണ്ട് എന്ന് വിചാരിക്കുന്നതും, ഉണ്ടാക്കി എന്നു വിചാരിക്കുന്നതും എല്ലാം വെറും മിഥ്യ. മഹാപ്രപഞ്ചത്തിലെ ഊര്‍ജ്ജപ്രസരത്തിന്റെ വെറും മായക്കാഴ്ചകള്‍ മാത്രം. ഉണരുക. ഇനിയും ഉണരാൻ നിനക്കാവുന്നില്ലെങ്കിൽ, നീ അറിയാതെ നിൻ്റെ അന്ത്യയാത്രയുടെ മണിമുഴക്കം അകലങ്ങളിലല്ലാതെ നിനക്ക് കേൾക്കാൻ കഴിയും. നീയറിയാതെ നിന്നെ തോളിൽ ഏറ്റുന്നവർ ആറടി മണ്ണിൽ നിന്നെ അടക്കം ചെയ്യുമ്പോൾ, നിനക്ക് നഷ്ടമാവുന്നത് അറിയാതെ പോയ പ്രപഞ്ച രഹസ്യങ്ങൾ മാത്രം. നീ അറിഞ്ഞു, മനസ്സിലാക്കി എന്ന് കരുതുന്ന നിൻ്റെ വിശ്വാസങ്ങളും ദൈവസങ്കൽപ്പങ്ങളും എല്ലാം നിന്നോട് കൂടി മണ്ണിൽ അഴിഞ്ഞ് ചേരും. അവിടെ നന്മ തിന്മകളോ, സ്വർഗ നരക വാഗ്ദാനങ്ങൾ എന്നിവയ്ക്ക് ഒന്നും ഒരു സ്ഥാനവും ഇല്ല. വെറും മണ്ണിൽ അഴിയും ജഡം മാത്രം

