Sunday, 27 August 2017

കഞ്ചാവിനെക്കുറിച്ച് ഒരു വാക്ക്!




കഞ്ചാവിനെക്കുറിച്ച് ഒരു വാക്ക്!



മനുഷ്യന് അല്പം ലഹരിയും അതിലൂടെ ലഭ്യമാകുന്ന സന്തോഷവും സമാധാനവും അതിലുപരി എല്ലാത്തരം രോഗങ്ങള്‍ക്കും ഉപയോഗിക്കാവുന്നതുമായ ഒരു സര്‍വരോഗസംഹാരിയായ കഞ്ചാവിനെ ദൈവം സൃഷ്ടിച്ചു. എന്നാല്‍ അതിലും ലഹരി കൂടിയ സര്‍വനാശകന്‍ ആയ മതങ്ങളെ സൃഷ്ടിച്ചു മനുഷ്യന്‍ ദൈവത്തെ തോല്‍പിച്ചു. ഇനി എനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ദൈവം നാട് വിട്ടു. അപ്പൊ മനുഷ്യന്‍ പള്ളികളും അമ്പലങ്ങളും മോസ്കുകളും ഉണ്ടാക്കി അവിടെ ദൈവത്തിന്റെ പ്രതിമകള്‍ വച്ചു. എന്നിട്ട് അതാണ്‌ ദൈവം എന്ന് പറഞ്ഞു മനുഷ്യനെ മത്തു പിടിപ്പിച്ചു. മത്തു പിടിച്ച മനുഷ്യന്‍ പണം വാരി എറിഞ്ഞു. വീഴുന്ന പണത്തിന്റെ വലിപ്പം കണ്ടപ്പോള്‍ അവന്‍ വീണ്ടും വലിയവ പണിതു. അതങ്ങെനെ ഒരു വലിയ പ്രസ്ഥാനം ആയി വളര്‍ന്നു. ആ വലിയ പ്രസ്ഥാനങ്ങള്‍ക്ക്‌ നിലനില്പിന് വേണ്ടി കെട്ടുകഥകള്‍ മെനയെണ്ടി വന്നു. അങ്ങനെ മനുഷ്യന്‍ അവസാനം കഥയേത് സത്യം ഏത് എന്നറിയാതെ കുഴങ്ങി. അങ്ങനെ അവന്‍ തീരുമാനിച്ചു. ഏതായാലും ഇതില്‍ വീണു. ഇനി ഇതില്‍ തന്നെ കിടന്നു ഉരുണ്ടുകളയാം. വീണത്‌ വിദ്യ ആക്കിയവര്‍ വേണ്ടുവോളം ഉണ്ടാക്കി. അതങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് തീര്‍ച്ചയായും കഞ്ചാവ് നിര്‍ത്തലാക്കണം. അത് സാത്താന്റെ ചപ്പാണ്. അതുപയോഗിച്ചു നിങ്ങള്‍ സന്തോഷവും സമാധാനവും ആസ്വദിക്കരുത്. അത് മൂലം രോഗങ്ങള്‍ ഭേദമാകുന്നത് അനുവദിക്കരുത്. ദൈവങ്ങള്‍ക്ക് ഇനിയും പണം വേണം. പണം കൊടുത്താല്‍ നിങ്ങള്ക്ക് സ്വര്‍ഗ്ഗം കിട്ടും. അത് നിത്യകാലത്തേക്ക് ഉള്ളതാണ്. കഞ്ചാവിനു പണം കൊടുത്താല്‍ അത് കുറച്ചു നേരത്തേക്ക് മാത്രം. അതുകൊണ്ട് കഞ്ചാവിനു വേണ്ടി പണം കളയരുത്. ഇന്ന് മുതല്‍ ആരാധനാലയങ്ങളില്‍ നേര്‍ച്ച ഇടാന്‍ പാടില്ല എന്നൊരു നീയമം  കൊണ്ടുവരണ്ട എന്നാണു എന്റെ ഒരു അഭിപ്രായം. ദൈവങ്ങള്‍ പട്ടിണി കിടന്നു മരിച്ചു പോയാലോ! വേണ്ട. അങ്ങനെ ഒരു കടുംകൈ വേണ്ട. ഉള്ള കഞ്ഞി ഒക്കെ കുടിച്ച് ദൈവങ്ങള്‍ അങ്ങനെ ജീവിക്കട്ടെ അല്ലേ.

               &&&&&&&&&&&


Saturday, 1 July 2017

അകലങ്ങളിലേക്ക് ആരെയോ തേടി!



അകലങ്ങളിലേക്ക് നമുക്ക് ഈശ്വരനെ തേടി പോകാം അല്ലേ?. അടുത്തു നില്‍ക്കുന്ന മനുഷ്യന്റെ ഹൃദയത്തുടിപ്പുകളില്‍ ഉണര്‍ന്നിരിക്കുന്ന ഈശ്വരനെ നമുക്ക് മറക്കാം..എന്നിട്ട് ഈശ്വരന് വേണ്ടി നമുക്ക് പരസ്പരം തല്ലി മരിക്കാം. കാണുന്ന ഈശ്വരനെ കണ്ടില്ലെന്നു നടിച്ചു പള്ളികളും അമ്പലങ്ങളും പണിയാം. എന്നിട്ട് പറയാം ഞാന്‍ വിശ്വാസി ആണെന്ന്. ഞാന്‍ പണിയുന്ന പള്ളികളില്‍ ഈശ്വരന്റെ വികൃതരൂപങ്ങള്‍ വച്ചു പണം കൊയ്യാം. ഇനിയും കണ്ടെത്താത്ത ഒരീശ്വരന്‍ നിങ്ങളാണ് എന്ന തിരിച്ചറിവ് എന്ന് നിങ്ങള്ക്ക് ലഭിക്കുന്നുവോ അന്നാവാം നിങ്ങളുടെ മോക്ഷപ്രാപ്തി. അകലങ്ങളില്‍ നിങ്ങള്‍ക്കായി ഒരു മോക്ഷവും കാത്തിരിക്കുന്നില്ല. നിങ്ങളുടെ മോക്ഷം നിങ്ങളില്‍ തന്നെ ആണ്. മതങ്ങള്‍ നിങ്ങള്ക്ക് മോക്ഷം തരില്ല. മനുഷ്യന്‍ ആകുക അതാണ്‌ പ്രകൃതി നീയമം. മനുഷ്യന്‍ ആകാന്‍ വേണ്ടി ആണ് നിങ്ങളെ മനുഷ്യനായി ജനിപ്പിച്ചത്. മതഭോഷ്ക്കുകളുടെ കോമാളിത്തരങ്ങളില്‍ മനുഷ്യത്വം സാവധാനം നിശ്ചലം ആകുന്നു. ഞാന്‍ ഇനിയും വരും നിങ്ങള്‍ക്കുള്ള മറുപടിയും ആയി! 

Thursday, 15 June 2017

എന്റെ കേട്ടറിവുകള്‍ ഭാഗം രണ്ട്

പ്രകൃതിക്ക് ഒപ്പം ജീവിക്കുക


വൃക്ഷങ്ങളിലേയും പര്‍വ്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്.
പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.
ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെടുത്തി പുശ്ചിച്ചുതള്ളിയപ്പോള്‍ അതിന്‍റെയൊന്നും ശാസ്ത്രീയത മനസ്സിലാക്കാന്‍ നമ്മളാരും മെനക്കെട്ടില്ല.
കാവുകളില്‍ എത്രതരം വൃക്ഷങ്ങളാണ് തിങ്ങിനിറഞ്ഞ് വളര്‍ന്നിരുന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമായതിനാല്‍ അവയൊന്നും നശിപ്പിക്കാറില്ലായിരുന്നു. കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിനിലനിന്ന കാവുകള്‍ വെട്ടിക്കളഞ്ഞു. കുളങ്ങള്‍ നികത്തി പകരം നമ്മള്‍ അവിടെ കെട്ടിടങ്ങള്‍ വെച്ചു. ആര്‍ക്കും ശല്യമാകാതെ കാവുകളില്‍ സ്വര്യമായി വസിച്ചിരുന്ന ഇഴജന്തുക്കളെ നമ്മുടെ അടുക്കളയിലേക്കും കൂട്ടിവെച്ച വിറകിന്‍റെ അടിയിലേക്കും എത്തിച്ചത് നമ്മള്‍ തന്നെയല്ലേ? ആ ഇഴജന്തുക്കളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയല്ലേ നാം ഇല്ലാതാക്കിയത്?
ഇന്ന് ലോക ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുള്ള ഒരു പ്രകൃതി സംരക്ഷണ മാര്‍ഗ്ഗമാണ് കാവുകള്‍. കാവുകള്‍ ഒരു മൈക്രോ ഫോറസ്റ്റ് ആയി ഇന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍, കാവുകള്‍ എന്നത് പച്ചപ്പില്ലാതെ വെറും കോണ്‍ക്രീറ്റ് തറയിലേക്കോ നാഗശിലയിലേക്കോ മാത്രം ചുരുങ്ങിയത് ദൗര്‍ഭാഗ്യകരം.
ഏറ്റവും നല്ല ഇടിമിന്നല്‍ രക്ഷാചാലകമായി കാവുകളിലെ ചിതല്‍പുറ്റ് പ്രവര്‍ത്തിക്കുകയും പ്രത്യേകതരം മിന്നലുകലിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചിതലിന് ചിറകുമുളക്കുകയും ഉപയുക്തങ്ങളായ പുതിയ ജനുസ്സുകള്‍ പരിണമിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങള്‍ കാവിന്‍റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകള്‍ ഇല്ലാതായാല്‍ പുതിയജനുസ്സുകള്‍ ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ലാതാകും എന്നോക്കെയുള്ള അറിവുകള്‍ കാവുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രചോദനമാകുന്നു.
അന്തരീക്ഷ ശുദ്ധീകരണത്തില്‍ വിഷപാമ്പുകള്‍ വഹിക്കുന്ന പങ്ക്കൂടെ അറിയുമ്പോള്‍ ഞെട്ടാതെ തരമില്ല കാരണം ക്ഷേത്രത്തിനുള്ളില്‍ സര്‍പ്പവിഗ്രഹത്തിനു മുമ്പില്‍ കൈകൂപ്പുകയും നൂറും പാലും നല്‍കുകയും, ക്ഷേത്രത്തിന് പുറത്ത് പാമ്പിനെ കണ്ടാല്‍ ആ കൈകൊണ്ട് തന്നെ അവയെ തല്ലി കൊല്ലുകയും ചെയ്യുന്ന വിചിത്ര സ്വാഭാവം നമുക്കുണ്ട്. എന്തുകൊണ്ട് സര്‍പ്പങ്ങളെ ആരാധിക്കുവാന്‍ നമ്മുടെ ഋഷീശ്വരന്മാര്‍ നമ്മളെ പഠിപ്പിച്ചു എന്ന് നമ്മള്‍ ചിന്തിച്ചില്ല ! ശീല്ക്കാരത്തിലൂലെ അന്തരീക്ഷത്തിലെ വിഷാംശത്തെ (Hard proteins) വലിച്ചെടുത്ത് അത് വേര്‍തിരിച്ച് വിഷസഞ്ചിയില്‍ സൂക്ഷിക്കുകയും, ശുദ്ധമായ വായുവിനെ പുത്തെക്ക് വിടാനുമുള്ള കഴിവ് പാമ്പുകള്‍ക്കുണ്ട്.
ഈ ജീവജാലങ്ങള്‍ക്കെല്ലാം പരിശുദ്ധമായ പ്രാണവായുവിനെ തരുന്നതുകൊണ്ടല്ലേ അവയെ ആരാധിക്കാന്‍ പറഞ്ഞത്? , അവയുടെ വംശം നിലനിക്കാന്‍, അവ നമ്മുടെ ശത്രു അല്ലെന്നറിയിക്കാനോക്കെയായിരുന്നില്ലേ അവയെ ആരാധിക്കാന്‍ പറഞ്ഞത്?.
എത്രതരം വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞതായിരുന്നു നമ്മുടെ കാവുകള്‍. ഓരോ നാളുകാര്‍ക്കും നട്ടുപരിപാലിക്കാന്‍ വ്യത്യസ്ത വൃക്ഷങ്ങളെത്തന്നെ നിര്‍ദ്ധേശിച്ച് തന്നിരുന്നു നമ്മുടെ പൂര്‍വ്വികര്‍. അതൊന്നും വളര്‍ച്ചയെത്തിയാല്‍ വെട്ടിവിറ്റ്‌ കാശാക്കാന്‍ പറ്റുന്ന തേക്കും ഈട്ടിയും മാഞ്ചിയവും ഒന്നും അല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഈ മരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു അതുതന്നെയല്ലേ അവര്‍ ആഗ്രഹിച്ചതും?
എന്നാല്‍ നമ്മള്‍ അക്കൂട്ടത്തില്‍ പലതും പാഴ്മരങ്ങളില്‍ പെടുത്തി വെട്ടി നശിപ്പിച്ചു. ബാക്കിയുള്ളതിനെ പരിപാലിക്കാനുള്ള മെനക്കേടോര്‍ത്ത് ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ന്നാല്‍ മതിയെന്ന് നമ്മള്‍ തീരുമാനിച്ചു. ആല്‍മരവും അശോകവൃക്ഷവും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായത് കൊണ്ടാണോ അതോ അതിന്‍റെ മഹത്വം അറിയാന്‍ മേലാഞ്ഞിട്ടാണോ ചിലര്‍ ഇത്തരം വൃക്ഷങ്ങള്‍ നടുന്നതില്‍ മടികാണിക്കുന്നതും എതിര്‍ക്കുന്നതും?! ആല്‍മരം ക്ഷേത്രങ്ങളിലും ആല്‍ത്തറകളിലും എന്തുകൊണ്ട് സ്ഥാനം പിടിച്ചു എന്നറിയുമ്പോള്‍ ആല്‍മരത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍ കഴിയും. അറബ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നട്ടുവളര്‍ത്തുന്നത്‌ നമ്മുടെ ആല്‍മരവും ആര്യവേപ്പും ഒക്കെയാണെന്ന് അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം.
ഓസോണ്‍ ഉല്പ്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള രണ്ട് സസ്യങ്ങളില്‍ ഒന്ന് ആല്‍മരവും രണ്ടാമത്തേത് തുളസിയുമാണ്. കൂടിയ അളവില്‍ ഓസോണ്‍ വിഷവാതകമാണെങ്കിലും, കുറഞ്ഞ അളവില്‍ ഓസോണ്‍ ഒരു അണുനാശിനിയും ആരോഗ്യദായകവുമാണ്. വായുവിനേക്കാള്‍ ഘനം കൂടിയ ഓസോണ്‍ കാറ്റില്ലാത്ത പ്രഭാത വേളകളില്‍ ആല്‍മരത്തിന് ചുവട്ടില്‍ തങ്ങി നില്‍ക്കുന്നു. ഈ ഓസോണ്‍ സമ്പുഷ്ടമായ വായൂ ശ്വസിക്കുന്നത് ശ്വാസകോശ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഈ അന്തരീക്ഷവായൂ ശ്വസിക്കുവാന്‍ കൂടിയാണ് പ്രഭാതത്തില്‍ ആല്‍മരത്തിന് പ്രദക്ഷിണം വെക്കണം എന്ന് പറയുന്നത്. പ്രദക്ഷിണവേളയില്‍ ആവശ്യത്തിന് ശുദ്ധവായൂ ലഭിക്കാന്‍ വേണ്ടിയല്ലേ ആല്‍മരത്തിന് ക്ഷേത്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദക്ഷിണം (ഏഴുപ്രാവശ്യം) പറഞ്ഞിരിക്കുന്നത്.
അസാഡിറാക്ടിന്‍ തുടങ്ങിയ ആതിശക്തമായ ഔഷധ വീര്യവും അതോടൊപ്പം അണുനാശിനിയുമായ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്ന വേപ്പിനും ആല്‍മരത്തോടൊപ്പം പ്രദക്ഷിണം വെക്കുമ്പോള്‍, നാം അറിയാതെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും മറ്റും പ്രകൃത്യാലുള്ള ചികിത്സയായി ഈ ആചാരങ്ങള്‍ പ്രയോജനപ്പെടുന്നു. അതുകൊണ്ടായിരിക്കണം ആല്‍മരവും ആര്യവേപ്പും ഒന്നിച്ചു നട്ടു വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ ആല്‍മരത്തിനേയും ആര്യവേപ്പിനേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന ഒരു ആചാരം നിലനിന്നിരുന്നത് എന്ന് കരുതാം.
കുളങ്ങള്‍ നികത്തുവാന്‍ പാടില്ലെന്നും, അവയ്ക്ക് ഭൂജലവിധാനവുമായി ഗാഡബന്ധമുണ്ടെന്നും, ഒരു ഗ്രാമത്തിലെ അന്തരീക്ഷ വ്യവസ്ഥിതി സംതുലിതമാക്കി നിലനിര്‍ത്തുന്നതും , ഭൂമിയിലെ ജല സ്രോതസ്സുകള്‍ താഴാതെ നിലനിര്‍ത്തുന്നതും ഈ സംഭരണികളാണ് എന്നൊക്കെ ആധുനിക ശാസ്ത്ര പഠനങ്ങളിലൂടെ തെളിയിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ക്ഷേത്രക്കുളം എന്നത് ക്ഷേത്രങ്ങളുടെ ഭാഗം തന്നെയായിരുന്നു ഇതില്‍ നിന്നൊക്കെ പ്രകൃതിയും സനാതനധര്‍മ്മവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയും.
“പത്ത് കിണര്‍ കുഴിക്കുന്നത് ഒരു കുളം കുഴിക്കുനതിന് തല്യമാണെന്നും പത്ത് കുളം കുഴിക്കുന്നത് ഒരു നദിക്ക് തുല്യണെന്നും പത്ത് നദിയുണ്ടാക്കുന്നത് ഒരു സത്പുത്രന് തുല്യമാണെന്നും അതുപോലെ ഒരു വൃക്ഷം വെക്കുന്നത് പത്ത് പുത്രന്മാര്‍ക്ക് തുല്യണെന്നും പറഞ്ഞ ഉപനിഷത് സന്ദേശത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതിനര്‍ത്ഥം സന്താനോല്പ്പാദനം നിര്‍ത്തി വൃക്ഷം വെക്കാനല്ല, മറിച്ച് വൃക്ഷം നട്ടു വളര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ്‌ നമ്മോട് പറയുന്നത്.
ഒരു കുട്ടി ജനിക്കുമ്പോഴുണ്ടാകുന്ന സന്തോഷ ദിനത്തില്‍ നമുക്ക് കുറച്ച് വൃക്ഷംകൂടെ നട്ട് വളര്‍ത്തിക്കൂടേ? ആ കുട്ടിക്കൊപ്പം ആ വൃക്ഷവും വളരട്ടെ. ആ കുട്ടിയുടെ ഓരോ പിറന്നാളിനും ഇതുപോലെ വൃക്ഷങ്ങള്‍ നടാന്‍ കഴിഞ്ഞാലോ ? ഇതൊരു സംസ്കാരമായി നമുക്ക് വളര്‍ത്തിക്കൊണ്ട് വരാം. ഇത് കണ്ടുവളരുന്ന കുട്ടികള്‍ക്കും, അവരില്‍ നിന്നും തലമുറകളുടെ സംസ്കാരമായി ജാതി-മത ഭേദമന്യേ ഒരു ആചാരമായി മാറാന്‍ നമുക്ക് തുടക്കം കുറിക്കാം.
മരം നടുന്നത് ഭാരതത്തിന്‍റെ ദേശീയ ആചാരവും ആഘോഷവുമാകട്ടെ.
കോണ്‍ക്രീറ്റില്‍ തീര്‍ക്കാത്ത കാവും, കുളങ്ങളും നമ്മുടെ വീടിന്‍റെ ഭാഗവുമാകട്ടെ. 

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ വായിച്ചു അറിഞ്ഞവ മാത്രം ആണ് !

Wednesday, 24 May 2017

എന്റെ കേട്ടറിവുകള്‍





ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ്‌ ചെയ്യാറുള്ളത്‌...? വിവിധ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌.
ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവണ്റ്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവണ്റ്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.
അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.
നെറ്റിത്തടമാണ്‌ കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌.
നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിറ്‍ത്തണമെന്നാണ്‌ വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച്‌ തേച്ച്‌ ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.
ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു. ചന്ദനത്തിണ്റ്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്‌. കൂടാതെ മനോഹരവും തണുപ്പുള്ളതുമാണിത്‌. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന്‌ ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ ചന്ദനമണിയുന്നത്‌ വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക്‌ എതിരാണ്‌. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്‌ ചന്ദനം ലംബമായി അനിയുന്നത്‌. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച്‌ 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.
കുങ്കുമം ദേവീ സ്വരൂപമാണ്‌, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ്‌ കുങ്കുമം തൊടുന്നത്‌. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത്‌ സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്‌ വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്‌. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ്‌ ആത്മാവിന്‌ ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്‌. കുങ്കുമം നെറ്റിക്കു കുറുകെയോ നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം.
കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്‌ ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌ വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത്‌ ത്രിപുരസുന്ദരീ പ്രതീകവുമാണ്‌.
സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍.
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌.
സിന്ദൂരത്തിനു ഒരു സയന്റിഫിക് വശം കൂടി ഉണ്ട് നമ്മുടെ സൂര്യപ്രകാശത്തിലെ ചുവപ്പ് വർണത്തിന്റെ ഫ്രീക്വൻസി 400–484 THz.. ഈ ഫ്രീക്വന്സിയിലുള്ള പ്രകാശം ഒരു സ്ഥലത്ത് തുടർച്ചയായി പതിച്ചാൽ അവിടെ നെഗറ്റിവ് എനർജി രൂപപ്പെടും.(പശുക്കൾ ചുവപ്പ് വർണം കണ്ടാൽ വിറളി പിടിക്കുന്നത് ഇതുമായി ചേർത്തു വായിക്കണം ) ..എന്നാൽ ചുവപ്പ് സിന്ദൂരം നെറ്റിയിലെ ലലാടമൂർത്തി മർമ്മസ്ഥാനത്ത് പൂശിയാൽ .അവിടെ പ്രകാശം പതിച്ചാൽ ചുവപ്പ് വര്ണത്തെ അത് പ്രതിഫലിപ്പിക്കുന്നു ..ബാക്കി എല്ലാ വര്ണങ്ങളെയും ആഗിരണം ചെയ്യുന്നു ...നെഗറ്റിവ് എനർജിയുടെ അഭാവത്തിൽ സ്വാഭാവികമായും പോസിറ്റിവ് എനർജി രൂപപ്പെടുന്നു ...ഇതിനെ കുറിച്ച് പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ ആണ് ഗവർമെന്റ് .സിന്ദൂരത്തിനു നികുതിയിളവ് നൽകിയത് ...


Sunday, 7 May 2017

പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ



പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!

കുട്ടിക്കാലത്ത് കേട്ട ഒരു പദ്യശകലം. ഇന്ന് ചുമ്മാ തലേല്‍ കേറി വന്നു. ഒരു ശകലം മാത്രമേ ഓര്‍ക്കുന്നുള്ളൂ.  എന്നാ പിന്നെ മുഴുവന്‍ ഒന്ന്  കൂടി വായിച്ചേക്കാം എന്നോര്‍ത്തു ഗൂഗിള്‍ അമ്മാവന്റെ വീട്ടില്‍ ഒന്ന് കേറി... അവിടേം ദാരിദ്ര്യം... അവിടേം ഇവിടേം.. അറ്റോം മുറിം... പിന്നെ ഓരോ കോപ്പിലെ ഉടായിപ്പ് എഴുത്തുകളും. എന്നാ പിന്നെ ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നത്? എന്റെ വക ഇതും കൂടി ഇരിക്കട്ടെ എന്ന് വച്ചു. മലയാളം പൊതു ഭരണഭാഷ ആയ സ്ഥിതിക്ക് ഇതിന്റെ അര്‍ത്ഥം ഒന്നും അറിയാത്ത കൊണാപ്പന്‍ രാഷ്ട്രീയക്കാര് ചിലപ്പോ ചുമ്മാ കേറി വീശും. അതുകൊണ്ട് ഒരു തടയിട്ടേക്കാം എന്ന് വച്ചു.
ഈ ശകലം കവിതയുടെ അര്‍ത്ഥം എന്താണെന്ന് വച്ചാല്‍.
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!” വാചകം അടിച്ചിരുന്നു ഇരുട്ടായതറിയാതെ പന്നി വെപ്രാളം വച്ചു. പന്നിക്ക് അറിയില്ലല്ലോ ഉറക്കത്തിന്റെ ആവശ്യം.
“കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും” ഞാനീ അലകില്‍ കിടന്നു കുറച്ച്‌ ഒന്നുറങ്ങട്ടെ.  
നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ” വെണ്ണ തിന്നു വയറു നിറഞ്ഞ കൃഷ്ണനെ കാണാന്‍ മാന്‍ വന്നു.
“പുലർകാലേ പുറപ്പെടാം” രാവിലെ നടക്കാന്‍ പോകണം
“അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം” അരിഞ്ഞു വല്ലത്തില്‍ വച്ചിരിക്കുന്ന കൂടത്തൈ നനയ്ക്കണം.
“ത്രിഭുവനമടക്കിവാണിരുന്നരുളുന്ന” ത്രിഭു വനത്തില്‍ മടക്കി വച്ചു വായില്‍ വരുന്നത് പറയുന്ന മണി ഇരുന്നുരുളുന്ന സ്ഥലം.  ഈ “ത്രിഭു” വിന്റെ അര്‍ഥം ഇപ്പോഴും വ്യക്തമായിട്ടില്ല. കവിക്ക് എഴുത്തിനിടയില്‍ വന്ന ഒരു തെറ്റ് എന്ന് വേണം കരുതാന്‍.
മഹാ- പ്രഭുവിനെക്കാണ്മാൻ” തടിയനായ പ്രഭുവിന്റെ ഗണ്മാന്‍...
ബാക്കി കവിത ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഇതിന്റെ പേരില്‍ ആരും വഴക്കിടണ്ട. കവിത ഇഷ്ടമല്ലെങ്കില്‍ അതങ്ങ് മായിച്ചു കളയുക.


വാല്‍ക്കഷ്ണം: “ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം” എന്നതിന്റെ ശരിയായ അര്‍ത്ഥം ഈരേഴു പതിനാലു ലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണനെ കാണാന്‍ അതിരാവിലെ ഞാന്‍ പുറപ്പെടാം എന്നാണു. കൂടാതെ “ഞാനുലകിലേഴും” എന്ന് ചിലപ്പോള്‍ എഴുതി കാണാറുണ്ട്‌. എങ്കില്‍ അതിന്റെ അര്‍ത്ഥം ഞാന്‍ “രാവിലെ എഴുന്നേല്‍ക്കും” എന്നോ “ഭൂമിയില്‍ എഴുന്നള്ളുന്ന” കൃഷ്ണന്‍ എന്നോ ആകാം. 

Saturday, 15 April 2017

ദു:ഖവെള്ളി എന്ന അലങ്കാരം



ദു:ഖവെള്ളി എന്ന അലങ്കാരം


ദു:ഖവെള്ളി ക്രിസ്തീയവിശ്വാസത്തിന്റെ ഒരു അലങ്കാരം മാത്രം. അതിനു കാലികമായ ഒരു പ്രാധാന്യവും ഇല്ല. ചരിത്രപരമായ കെട്ടുറപ്പ് ഇല്ലാത്ത  ക്രിസ്തുവിന്റെ കുരിശുമരണത്തിനു പൊള്ളയായ അര്‍ത്ഥങ്ങള്‍ കൊടുത്ത് മനുഷ്യരെ മാനസികമായി തകര്‍ത്ത് അതിലൂടെ മുതലെടുപ്പ്‌ നടത്തുമ്പോള്‍ നഷ്ടമാകുന്നത് മനുഷ്യരുടെ ആത്മീയതയില്‍ ഉള്ള വളര്‍ച്ചയാണ്. സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവര്‍ മരണം ആഘോഷം ആക്കണം. 

കപടതയുടെ കണ്ണീരും കയ്പ്നീരും കൊണ്ട് ഒരു ദിവസത്തെ മലിനമാക്കി എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും തിരിച്ചറിയാതെ, വെയിലത്തും മഴയത്തും കുരിശും ചുമന്നുപോകുന്ന ഒരുവന്റെ പിന്നാലെ നടക്കുന്ന കുഞ്ഞുങ്ങളും, അതിനുശേഷം ആവര്‍ത്തന വിരസതയുടെ വായിട്ടലപ്പുകളും കഴിഞ്ഞു ഉയിര്‍പ്പ്തിരുനാള്‍ കഴിഞ്ഞുള്ള മൃഷ്ടാന ഭോജനവും പ്രതീക്ഷിച്ചിരിക്കുന്ന പൌരോഹിത്യത്തിനും വിശ്വാസ സമൂഹത്തിനും എന്ത് ക്രിസ്തു? 

ക്രിസ്തുവിനെ ദൈവമാക്കാനുള്ള തത്രപ്പാടില്‍ അവന്‍ സത്യത്തില്‍ എന്ത് ചെയ്തു എന്നോ എന്ത് പറഞ്ഞു എന്നോ പലപ്പോഴും ആരും ചിന്തിക്കാറില്ല. മരിച്ചു മണ്ണടിഞ്ഞു പോയവരില്‍ മഹത്വം ആരോപിക്കുന്നതിനു പകരം ജീവിച്ചിരിക്കുന്ന നല്ല വ്യക്തിത്വങ്ങളില്‍ നേതാക്കളെ കണ്ടെത്താനും അങ്ങനെ ഇന്നത്തെ സമൂഹത്തെ മെച്ചപ്പെടുത്താനും ഒരു ശ്രമം നടത്തുകയല്ലേ വേണ്ടത്.

ആചാരങ്ങളും ആഘോഷങ്ങളും എല്ലാം വെറും ആളെക്കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. ഇതിലൊക്കെ പങ്കെടുക്കുന്ന പകുതിയിലധികം പേര്‍ക്കും ഇതൊക്കെ എന്താണെന്നോ എന്തിനാണെന്നോ ഒന്നും ഒരു ബോധവും ഇല്ല. അവര് പോകുന്നു.. ഞാനും പോകുന്നു.. ഞാന്‍ പോയില്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും? 

ആളു കുറഞ്ഞാല്‍ അനുഷ്ടാനത്തിനു കുറച്ചില്‍ ആകും എന്നതുകൊണ്ട്‌ ഭീഷണിയുടെ സ്വരത്തില്‍ ജനത്തെ വിളിച്ചുകൂട്ടുന്ന മതനേതാക്കളും കുറവല്ല. കുരിശുമരണത്തെ ഏറ്റവും ഭീകരവും ദയനീയവും ആയ രീതിയില്‍ ചിത്രീകരിച്ചു മറ്റുള്ളവരുടെ കനിവ് നേടാന്‍ ശ്രമിക്കുന്നവരും കുറവല്ല. 

മതങ്ങള്‍ നിലനില്‍ക്കേണ്ടത് മതനേതാക്കന്മാരുടെ ആവശ്യകതയാണ്. അതുകൊണ്ട് അതിനു വേണ്ടി കാലാകാലങ്ങളില്‍ പൊടിപ്പും തൊങ്ങലും ഒക്കെ വച്ചു പുതിയ വിക്രിയകള്‍ പ്രാബല്യത്തില്‍ വരും. മറിച്ചൊന്നു ചിന്തിക്കാന്‍ വഴിയില്ലാത്ത അജഗണം വരുന്നതെന്തും വരുംപടി സ്വീകരിച്ചു കാലികപ്രാധാന്യം ലേശവും ഇല്ലാത്ത പൊള്ളത്തരങ്ങളെ ഊതിവീര്‍പ്പിച്ചു സ്വന്തം ജീവിതത്തിന്റെ ഭാഗം ആക്കും. അങ്ങനെ നീന്തല്‍ അറിയാത്തവര്‍ ഒഴിക്കിനോത്തു സമയാസമയങ്ങളില്‍ മതനേതാക്കള്‍ ഇട്ടുതരുന്ന രക്ഷാചക്രത്തില്‍ പിടിച്ചു അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. 

ഇതിനൊക്കെ മാറ്റം വരണം എന്നുണ്ടെങ്കില്‍ മാറി ചിന്തിക്കാന്‍ കഴിയുന്ന കരുത്തുറ്റ ഒരു സമൂഹം വളര്‍ന്നു വരണം. അങ്ങനെ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ മതനേതൃത്വം പര്യാപ്തമല്ല. മാറ്റം ഉണ്ടാകേണ്ടത് നിങ്ങളില്‍ ആണ്... 

Wednesday, 8 March 2017

പാറുവും കുട്ടിരാമനും (ചെറുകഥ)


പാറുവും കുട്ടിരാമനും
(ചെറുകഥ)
കുട്ടിരാമന്‍ ഉറക്കെ വിളിച്ചു, “പാറൂ, നീ എവിടെയാ?” കുട്ടിരാമന്‍ എവിടെ നിന്ന് വിളിച്ചെന്നോ എന്തിനാ വിളിച്ചെന്നോ പാറുവിന് മനസ്സിലായില്ല. “പാറൂ ഇനി നിന്നെ അന്വേഷിക്കാത്ത ഒരിടവും ഇല്ല.” പുഴയിറമ്പിലെ മാവിന്റെ കൊമ്പില്‍ ഇരുന്നുള്ള കുട്ടി രാമന്റെ രണടാമത്തെ വിളി  അങ്ങകലെ പുല്ലു വെട്ടിക്കൊണ്ടിരുന്ന പാറു തിരിച്ചറിഞ്ഞു. അവളുടെ മനസ്സിലൂടെ ഭൂതകാലത്തിന്റെ ഒരു നിമിഷം അധിവേഗം കടന്നു പോയി. ആ പുഴയോരവും മാവിന്‍ ചുവടും കുട്ടിക്കാലം മുതലേ അവര്‍ക്ക് രണ്ടു പേര്‍ക്കും നന്നായി അറിയാം. ആവരുടെ കുട്ടിക്കാലത്തെ പുഴയിലുള്ള കുളിയും, കുളിതോര്‍ത്തു കൊണ്ട് പരല്‍ മീന്‍ പിടിച്ചതും, പിന്നെ കാറ്റ് വീശുമ്പോള്‍ ഓടിച്ചെന്നു പൊഴിഞ്ഞു വീഴുന്ന നാട്ടുമാവിന്റെ മാമ്പഴം പെറുക്കി ഒന്നിച്ചു വായിലിട്ടു തിന്നതും, വീണ്ടും കാറ്റ് വീശാന്‍ പുളിയുറുബിനെ കൊന്നു മാവിലയില്‍ കെട്ടി മാവിന്റെ ചുവട്ടില്‍ വച്ചതും, തിന്നു തീര്‍ന്ന മാങ്ങയണ്ടി “അണ്ടിക്കു കൂട്ട് പോ” എന്നുറക്കെ പറഞ്ഞു വലിച്ചെറിഞ്ഞു പരസ്പരം പറ്റിച്ചതും, എല്ലാം ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിലൂടെ കടന്നു പോയി. 
പാറുവിനു ഇപ്പോള്‍ വയസ്സ് മുപ്പതു ആയി. പല കല്യാണ ആലോചനകളും വന്നു പോയി. കടവും ബാധ്യതയുമായി കഴിയുന്ന അവളുടെ കുടുംബത്തിനു അവളെ ഇതുവരെ കെട്ടിച്ചയക്കാന്‍ കഴിഞ്ഞില്ല. കുട്ടിരാമനു വയസ്സ് മുപ്പത്തി രണ്ടായി. പതിനെട്ടു വയസ്സുള്ളപ്പോള്‍ ജോലി തേടി അവന്‍ ദൂരദേശത്തെങ്ങോ പോയതാണ്. അതിനു ശേഷം വളരെക്കാലം കൂടി ഇപ്പോഴാണ് ആദ്യമായി നാട്ടില്‍ തിരിച്ചെത്തുന്നത്. നാടും നാട്ടുകാരും എല്ലാം ഒത്തിരി മാറിയിരിക്കുന്നു.
കുട്ടിരാമന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം തിരിക്കിയത് പാറുവിനെയാണ്. കുട്ടിക്കാലത്തെ കൂട്ട്കാരിയുടെ കുസൃതികളൊന്നും കുട്ടിരാമന്‍ മറന്നിട്ടില്ല. ഒത്തിരിയേറെ കഷ്ടപ്പാടുകളും, ദുരിതങ്ങളും അവന്റെ ജീവിതത്തെയും ഒത്തിരി മാറ്റിയെങ്കിലും മറക്കാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കുട്ടിക്കാല സൗഹൃദം അവന്റെ മനസ്സിന് ഇന്നും ഒരു ഉണര്‍വാണ്.
“ഹായ് ഇതാരാ കുട്ടിരാമനോ? ഇതിപ്പോ എവിടുന്നു വന്നു?. കല്യാണം ഒക്കെ കഴിഞ്ഞു കുട്ടികളുമായി ഇപ്പോള്‍ എവിടെയാ താമസം?... ഓടിക്കിതച്ച് എത്തിയ പാറു ഒരായിരം ചോദ്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചപ്പോഴത്തെയ്ക്കും ഒത്തിരി തളര്‍ന്നു. കുട്ടിരാമന്‍ അത്ഭുതത്തോടെ പാറുവിന്റെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു. അവള്‍ ചോദിച്ച ചോദ്യങ്ങള്‍ ഒന്നും അവന്‍ കെട്ടു എന്ന് തോന്നാത്ത വിധം അവന്‍ അവളെ തന്നെ അങ്ങനെ നോക്കി നിന്നു. കുട്ടിക്കാലത്തെ അതെ കുസൃതിയും, കുറുമ്പും ഒന്നും ഇതുവരെ അവളെ വിട്ടു പോയിട്ടില്ല എന്ന് അവന്‍ തിരിച്ചറിഞ്ഞു. “പാറു നീ പണ്ടത്തേതിലും ഒത്തിരി സുന്ദരി ആയിരിക്കുന്നു” കുട്ടിരാമന്റെ മനസ്സിലൂടെ പ്രതീക്ഷയുടെ ഒരു നൂല്‍ വെളിച്ചം അവനറിയാതെ കടന്നു പോയി. മറ്റൊന്നും ആലോചിക്കാതെ പെട്ടന്ന് അവന്‍ ചോദിച്ചു, “പാറു, നിനക്ക് എന്റെ കൂടെ പോരാമോ?” അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ പാറു ഒരു നിമിഷം പകച്ചു. എന്ത് മറുപടി പറയണമെന്നോ എങ്ങനെ മറുപടി പറയണമെന്നോ അറിയാതെ അവള്‍ കുഴങ്ങി. “എന്താ എന്നെ ഇഷ്ടം ഇല്ലേ? അതോ നിന്റെ മനസ്സില്‍ മറ്റാരെങ്കിലും ഉണ്ടോ?” ഈ രണ്ടാം ചോദ്യത്തില്‍ അവള്‍ക്കു പെട്ടന്ന് ഉണരേണ്ടി വന്നു. “ഞാന്‍ കൂടെ വന്നാല്‍ എന്നെ ഉപേക്ഷിച്ചു ഇനി എങ്ങും പോകില്ല എന്ന് എനിക്ക് ഉറപ്പു തരണം.”

എല്ലാത്തിനും ഒരവസ്സനം ആയി എന്ന് കുട്ടിരാമന്‍ ഉള്ളില്‍ ഉറച്ചു. അത് ശരിയായിരുന്നു താനും. പാറുവിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചതായി അവള്‍ക്കു തോന്നി. ആവേശത്തോടെ വെട്ടി അരിഞ്ഞു വച്ച പുല്ല് വാരി കൂട്ടി കെട്ടിയെടുത്ത്‌ അവള്‍ വീട്ടിലേക്ക് ഓടി. എന്താ അവള്‍ക്ക് സംഭവിക്കുന്നത്‌ എന്നറിയാതെ കുട്ടിരാമനും അവള്‍ക്കു പിന്നാലെ ഓടി.  

Friday, 3 March 2017

എന്റെ അമ്മച്ചിയും ഒറ്റമൂലിയും




എന്റെ അമ്മച്ചിയും ഒറ്റമൂലിയും
  
തൂളിമഴ നനയരുത് എന്ന് അന്ന് അമ്മച്ചി
പറഞ്ഞപ്പോള്‍ ഞാന്‍ കേട്ടില്ല.
ഞാന്‍ പുറത്തിറങ്ങി പൊടിമഴ നനഞ്ഞു.
അന്തിനേരത്ത് തുമ്മലും ചീറ്റലും;
കൂടെ മൂക്കൊലിപ്പും ജലദോഷവും മത്സരം.
ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്;
നെറുകുംതലയില്‍ കുരുമുളക്പൊടി തിരുമ്മി,
അമ്മച്ചി അടുത്തിരുന്നു തലോടി.
ഇതെന്തു പേക്കൂത്ത്? പക്ഷെ ഉറക്കം കണ്ണുകളില്‍
ഇരുട്ട് കോരി ഇട്ടപ്പോള്‍ ഞാനെല്ലാം മറന്നു.  
പുലരുംനേരം ജലദോഷം മാറി
സ്കൂളില്‍ പോകാന്‍ ഒരുങ്ങിയിറങ്ങുമ്പോള്‍
ഞാനറിഞ്ഞു അതൊരു ഒറ്റമൂലി ആയിരുന്നു എന്ന്!

എന്റെ കുട്ടിക്കാലത്ത് നിന്ന് ഒരേട്‌!


എലക്കായുടെ ഉത്ഭവം!


എലക്കായുടെ ഉത്ഭവം!

പണ്ട് എന്ന് പറഞ്ഞാല്‍ വളരെക്കാലം മുന്‍പ് ചുക്കിണി സായിപ്പ് ഒരു ചെടി നമ്മുടെ നാട്ടില്‍ കൊണ്ടുവന്നു. അന്ന് ഇത്തിരി തണുപ്പ് ഒക്കെ ഉള്ള ഇടുക്കി മേഖലയില്‍ അയാള്‍ ഒരു സന്ദര്‍ശനം നടത്തി. കൂട്ടത്തില്‍ ഈ ചെടിയും എടുത്തിരുന്നു. ചെടിയും കയ്യില്‍ പിടിച്ചു നാട് ചുറ്റുന്ന സായിപ്പിനെ കണ്ട നാട്ടുകാര് മുഴുവന്‍ പുറകെ കൂടി. അവര്‍ക്കറിയണം കയ്യില്‍ എന്താണെന്നു. സായിപ്പിനുണ്ടോ മലയാളം അറിയൂ! അല്പം വിവരം ഒക്കെ ഉണ്ടെന്നു പറഞ്ഞു നടന്ന മത്തായി അടുത്തുകൂടി കയ്യും കാലും  ഒക്കെ  കാണിച്ചു വട്ടോ ദിത് ദിത് ന്‍താ ത്? എന്ന്  ചോദിച്ചു.. ഓ വാട്ട്‌ ഈസ്‌ ദിസ്‌? ഓ ദിസ് ഈസ്‌ ഏലത്തോറിയ കാര്ടമോമും(Elettaria cardamomum).. മത്തായിയും വിട്ടില്ല. എന്റെ സായിപ്പേ ഇതിനു ചുമ്മാ വാഴയ്ക്കാ കാച്ചിക്കാ എന്നൊക്കെ  പറയുന്നത് പോലെ “ഏലക്ക” എന്നങ്ങു പറഞ്ഞാല്‍ പോരെ.. ഇത്രയും വളച്ചു കെട്ടി പറയണ്ട വല്ല കാര്യവും ഉണ്ടോ? യാ യാ ഏലക്ക എടക്കാ..! അന്ന് മുതല്‍  ആണ് മലയാളികള്‍ ഏലക്ക എന്ന പദം ഉപയോഗിച്ച് തുടങ്ങിയത്! 

Wednesday, 22 February 2017

ഇനിയും എന്തിനീ തുരുമ്പ് കറകള്‍?


ഇനിയും എന്തിനീ തുരുമ്പ് കറകള്‍?

ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ അത് തിരിച്ചു ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവന് കൂടുതല്‍ നല്‍കട്ടെ ഇല്ലാത്തവന്‍ ഉള്ളവനില്‍ നിന്ന് കൂടുതല്‍ എടുക്കട്ടെ!

ഇന്നലെയുടെ ഇരബലുകളിലും, ചിലബലുകളിലും, പുലബലുകളിലും നിന്ന് ഇന്നിനെ രക്ഷിക്കാന്‍ നീയമിതമായിരിക്കുന്ന നാളെയുടെ പ്രവാചകശബ്ദം ആണ് നീ! നിന്റെ ശബ്ദം ഇടിനാദം പോലെ മുഴങ്ങേണ്ടതില്ല. എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ നീ വായിട്ടലക്കേണ്ടതില്ല. ശബ്ദവാഹിനികളിലൂടെ നീ ഘോരഘോരം പ്രഘോഷിക്കേണ്ടതില്ല. നീ നിന്നിലേക്ക്‌ തിരിഞ്ഞ് നിശബ്ദനായി, നിര്‍ഭയനായി നിനക്ക് മുന്നില്‍ തുറന്നു കിടക്കുന്ന പ്രകൃതിയുടെ വാതായനങ്ങളിലേക്ക് പ്രവേശിച്ച് അവിടെ നിന്ന് നിര്‍ഗളമായി പ്രവഹിക്കുന്ന ശക്തിസ്രോതസ്സിന്റെ വക്താവാകുക. അവിടെ നിനക്ക് ജ്ഞാനത്തിന്റെയും അറിവിന്റെയും ചെപ്പുകള്‍ തുറന്നു കിട്ടും. പിന്നെ നീ ആരുടേയും അടിമയല്ല. അടിമത്തത്തിന്റെ തുരുമ്പിച്ച ചങ്ങലക്കെട്ടുകള്‍ ഏതോ ദിവ്യപുസ്തകതാളുകളിലൂടെ പകര്‍ന്നു തന്ന നിന്റെ പൂര്‍വികര്‍ക്ക് നഷ്ടമായ സമാധാനത്തിന്‍റെ തടാകങ്ങളിലേക്ക് നിനക്ക് നടന്നടുക്കാന്‍ ആവും. എന്താണ് നിന്നെ മുന്നോട്ടു നയിക്കുന്നത്? മനുഷ്യ മൂല്യങ്ങളോ മതമൂല്യങ്ങളോ? മനുഷ്യത്വം നഷ്ടം ആയിക്കൊണ്ടിരിക്കുന്ന മതമൂല്യങ്ങള്‍ ആണ് നിന്നെ നയിക്കുന്നതെങ്കില്‍ നീ നിന്റെ തുരുമ്പിച്ച അടിമച്ചങ്ങല ആഭരണം ആക്കി അണിയാന്‍ ആഗ്രഹിക്കുന്നു. അതില്‍ എനിക്കൊന്നും പറയാന്‍ ഇല്ല. പക്ഷെ നിന്റെ തുരുമ്പിന്‍ കറ എന്റെ പുതുവസ്ത്രങ്ങളിലേക്ക് പകര്‍ത്താതിരിക്കുക. മനുഷ്യനായി ജനിച്ച നിന്നെ മനുഷ്യന്‍ ആയി തന്നെ ജീവിക്കുന്നത് കാണാന്‍ ആണ് എന്റെ ആഗ്രഹം. അതാണ്‌ എന്റെ നിയതിയും നിയോഗവും.

%%%%%%%%%%%%

Wednesday, 15 February 2017

ക്ണാപ്പും കോണസ്റ്റും





ക്ണാപ്പും കോണസ്റ്റും

മലയാളത്തിലെ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന രണ്ടു പദങ്ങള്‍ ആണ് ക്ണാപ്പും കോണസ്റ്റും. ഒരു കാലത്ത് ഈ രണ്ടു പദങ്ങള്‍ വളരെയധികം ആളുകള്‍ തങ്ങളുടെ നിത്യജീവിതത്തില്‍ അനായാസം കൈകാര്യം ചെയ്തിരിന്നു. ഈ പദങ്ങളുടെ ചരിത്രത്തിലേക്ക് ഒന്നും ഞാന്‍ നിങ്ങളെ കൊണ്ട്പോകുന്നില്ല. മറിച്ച് ഇതിന്റെ ഏറ്റവും ഉപകാരപ്രദമായ ചില പ്രയോഗങ്ങളിലേക്ക് മാത്രം നിങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നു. ഈ പദങ്ങള്‍ക്കു തനതായ അര്‍ത്ഥം ഇല്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് പല അര്‍ത്ഥങ്ങളും കൊടുക്കാന്‍ കഴിയുന്ന വളരെ ചുരുക്കം ആയ ചില പദങ്ങളില്‍ ചിലതാണ്.
നിങ്ങളുടെ ജീവിതയാത്രയില്‍ ചിലപ്പോഴെങ്കിലും കേട്ടിട്ടുള്ളതോ അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഉപയോഗിച്ചിട്ടുള്ളതോ ആയ ഒരു പ്രയോഗം ആണ് “ഇത് എന്തൊരു കൊണസ്റ്റ് പിടിച്ച വഴി” എന്നത്. ഇവിടെ ഇതുകൊണ്ട് അര്‍ത്ഥം ആക്കുന്നത് വഴി വളരെ ദുര്‍ഘടം പിടിച്ചതാണ് എന്നാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതും ലക്ഷ്യം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതുമായ അവസരങ്ങളില്‍ ഈ പദം വളരെ ലാളിത്യത്തോടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
പരീക്ഷകള്‍ എഴുതി പരിചയമുള്ളവര്‍ക്ക് ചിലപ്പോഴെങ്കിലും ഉപയോഗിക്കേണ്ടി വന്ന ഒരു പ്രയോഗം ആണ് “കൊണസ്റ്റ് പിടിച്ച ചോദ്യം” എന്നത്. ഇവിടെ പരീക്ഷാര്‍ത്ഥി ചോദ്യം കണ്ടു വെറുതെ മിഴിച്ചിരുന്നിരിക്കണം. ഒന്നും പിടികിട്ടിയെന്നു മാത്രം അല്ല ഉത്തരം ഒട്ട് ആറിയാനും പാടില്ല. അങ്ങനെയുള്ള അവസരത്തില്‍ പരീക്ഷ കഴിഞ്ഞതിനു ശേഷം മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ഈ പദപ്രയോഗം സര്‍വ്വസാധാരണം ആണ്. ഇങ്ങനെ പരീക്ഷ എഴുതി തോറ്റ ഒത്തിരി സഹോദരീസഹോദരന്മാര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും വിലസുന്നുണ്ട്.
ചില ആളുകള്‍ ചിലപ്പോള്‍ ചില സാധനങ്ങള്‍ വാങ്ങുകയും എന്നാല്‍ അതിന്റെ ഉപയോഗത്തെക്കുറിച്ച് വലിയ പിടി ഇല്ലാതെ വരികയും ചെയ്യുന്ന അവസരത്തില്‍ പറയുന്ന ഒരു പ്രയോഗം ആണ് “ഈ കൊണസ്റ്റ് പിടിച്ച സാധനം”. ഒരു സാധനം വാങ്ങിച്ചതിന് ശേഷം അത് കൊറേ നേരം ഇട്ടു പണിയും എന്നിട്ട് സംഗതി ശരിയാക്തെ വരുമ്പോള്‍ സാധനത്തെ കുറ്റം പറയുവാനും തന്റെ കഴിവില്ലായ്മയെ പുറത്തു കാണിക്കാതിരിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണിത്.
കുന്ത്രാണ്ടം എന്നത് പലര്‍ക്കും അറിയാവുന്ന ഒരു പദം ആണ്. എന്നാല്‍ ഈ പദത്തിന് പിന്നില്‍ “കൊണസ്റ്റ് പിടിച്ച” എന്ന ആലങ്കാരികത ചേര്‍ക്കുമ്പോള്‍ അത് “കൊണസ്റ്റ് പിടിച്ച കുന്ത്രാണ്ടം” ആകും. ഒരു തരത്തിലും ഉപയോഗിക്കാനും ശരിയാക്കാനും പറ്റാത്ത അവസ്ഥയില്‍ മാത്രമേ ഇത്രയും കടന്ന ഒരു പ്രയോഗം മലയാളികള്‍ നടത്താറുള്ളൂ.
ഒരു പ്രയോഗത്തെക്കുറിച്ച് കൂടി സൂചിപ്പിച്ചിട്ടു അടുത്ത പദത്തിലേക്ക് കടക്കാം. ചിലപ്പോഴൊക്കെ നമ്മള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണ് “ഈ കൊണസ്റ്റ് പിടിച്ച ഏര്‍പ്പാട്”. അതായതു പുലിവാല് പിടിപ്പിക്കുന്ന പരിപാടികള്‍ എന്ന്. ഈ കൊണസ്റ്റ് പിടിച്ച ഏര്‍പ്പാടും കൊണ്ട് എന്റെ അടുത്തു വരരുത് എന്ന് ഒരിക്കല്‍ എങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം.
അടുത്തതായി “ക്ണാപ്പ്” എന്ന പദം പുതിയ തലമുറ മറന്നു തുടങ്ങിയിരിക്കുന്നു. ക്ണാപ്പ് പോസിട്ടീവായും നെഗട്ടീവായും ഉപയോഗിക്കാവുന്ന ഒരു പദം ആണ്.
“അവനെന്നാ ഒരു ക്ണാപ്പനാ” എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ഒരു കഴിവ് കേടിന്റെ പ്രതിധ്വനി നമ്മുക്ക് കേള്‍ക്കാനാകും.
“ഇതെന്നാ ഒരു ക്ണാപ്പ് ആടെ ഇത്” എന്ന് ചിലപ്പോള്‍ നിങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചിട്ട് ഉണ്ടാകാം. അതിന്റെ അര്‍ത്ഥം അതിനകത്ത് വലിയ കഴകത്തൊന്നും ഇല്ലാന്ന്.
ചിലപ്പോള്‍ ഇത് പോസിറ്റീവായി ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകാം “അവനു ഏതാണ്ട് ക്ണാപ്പൊക്കെ അറിയാം”.
“അവന്റെ ഈ ക്ണാപ്പ് കൊണ്ട് ഇതൊന്നും നടക്കില്ല” എന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ അതിന്റെ അര്‍ത്ഥം എന്തോ ലോട്ടിലോടുക്ക് പരിപാടി ആണെന്നാണ്.
ഞാന്‍ ഈ എഴുതിയത് വായിക്കുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നതും “ഇതെന്നാ ഒരു ക്ണാപ്പ്” എഴുത്ത് ആണെന്നാണ്.
ഇതിനു കമന്ടടിക്കുന്നവര്‍ ദയവായി കിടുതാപ്പ് എന്നാ പദം ഉപയോഗിക്കാതിരിക്കുക.
ഏതെങ്കിലും ഭാഷാ പണ്ഡിതര്‍ എന്നെ കൈകാര്യം ചെയ്യാന്‍ പ്ലാന്‍ ഉണ്ടെകില്‍ ആദ്യം ഒരു മെയില്‍ അയക്കുക. ഞാന്‍ നേരിട്ട് വന്നു സംസാരിച്ചോളാമ്മേ!


Saturday, 4 February 2017

പൂര്‍ണതയിലേക്ക്‌ ഒരു ജീവിതം


ഞാന്‍ ക്രിസ്തുവോ, കൃഷ്ണനോ, ബുദ്ധനോ, നബിയോ അല്ല. ഇവരാരും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചിട്ടോ, പറഞ്ഞിട്ടോ ഇല്ല. ഇവരാരും പറഞ്ഞിട്ടോ പഠിപ്പിച്ചിട്ടോ അല്ല ഞാന്‍ മറ്റുള്ളവരെ സ്നേഹിക്കുന്നത്. മറ്റുള്ളവരെ സ്നേഹിക്കുക എന്നുള്ളത് എന്റെ അസ്ഥിത്വത്തിന്റെ ഭാഗം ആണ്. അതുകൊണ്ട് ഞാന്‍ നല്ലവനെങ്കില്‍, മറ്റുള്ളവരെ സ്നേഹിക്കുന്നെങ്കില്‍, അത് എന്റെ മാത്രം സ്വകാര്യതയാണ്. അതില്‍ മതങ്ങള്‍ക്ക് ഒരു അവകാശവും പറയാന്‍ ഇല്ല. ഇത് അപൂര്‍ണതയില്‍ ഉള്ള എന്റെ തിരിച്ചറിവാണ്. അത് അതിന്റെ പൂര്‍ണതയില്‍ എത്തുമ്പോള്‍ ഞാനും പൂര്‍ണനാകും. നിങ്ങള്‍ക്കും അതില്‍ അഭിമാനിക്കാം. കാരണം ഞാനും നിങ്ങളെപ്പോലെ സാധാരണ ഒരു മനുഷ്യന്‍ ആണ്. മനുഷ്യനായി ജനിച്ചവന്‍ സമ്പൂര്‍ണ മാനുഷികതയിലേക്ക് വളരുമ്പോള്‍ അവന്റെ ജീവിതം പൂര്‍ണം ആകുന്നു. അതാണ്‌ എന്റെ ലക്ഷ്യവും. അത് തന്നെയാവണം നിങ്ങളുടെയും ലക്ഷ്യം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ സമാധാനം ഈ ഭൂമിയില്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ!

                        ജോ

Tuesday, 31 January 2017

മതങ്ങള്‍ക്ക് ഒരു ചരമഗീതം



മതങ്ങള്‍ക്ക്  ഒരു ചരമഗീതം


മതരഹിതമായ ഒരു ലോകമാണ്
എന്റെ ഒരു ചെറിയ സ്വപ്നം.

ആ സ്വപ്ന സാക്ഷാത്കാരത്തിന്
നിങ്ങള്‍ കൂടി ശ്രമിക്കുക.

മതങ്ങള്‍ കൊണ്ട് സമൂഹത്തിന്
ഇനി ഒന്നും നേടാന്‍ ഇല്ല.

മതങ്ങള്‍ ഇനി വരും കാലങ്ങളില്‍
നഷടങ്ങളുടെ കണക്കു ജോലിക്കാരായി മാറും.

നിങ്ങള്‍ സ്വയം അറിയാതെയും
ആഗ്രഹം ഇല്ലാതെയും അകപ്പെട്ടു പോയ,
മതങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകില്ല.

ഭയം ആണ് നിങ്ങളെ മതത്തിനു അടിമയാക്കുന്നത്.

മനുഷ്യന് മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത,
മതങ്ങളില്‍ മൂല്യശോഷണം അധികരിക്കുന്നു.

മനുഷ്യന്‍ മതങ്ങള്‍ക്ക് ക്രയവിക്രയ ഉപാദികള്‍ മാത്രം.

നിങ്ങള്‍  അതില്‍ തുടരുക.
ആരും കാണാത്ത അനുഭവിക്കാത്ത സ്വര്‍ഗ്ഗം,

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു!!!