Wednesday, 8 March 2017

പാറുവും കുട്ടിരാമനും (ചെറുകഥ)


പാറുവും കുട്ടിരാമനും
(ചെറുകഥ)
കുട്ടിരാമന്‍ ഉറക്കെ വിളിച്ചു, “പാറൂ, നീ എവിടെയാ?” കുട്ടിരാമന്‍ എവിടെ നിന്ന് വിളിച്ചെന്നോ എന്തിനാ വിളിച്ചെന്നോ പാറുവിന് മനസ്സിലായില്ല. “പാറൂ ഇനി നിന്നെ അന്വേഷിക്കാത്ത ഒരിടവും ഇല്ല.” പുഴയിറമ്പിലെ മാവിന്റെ കൊമ്പില്‍ ഇരുന്നുള്ള കുട്ടി രാമന്റെ രണടാമത്തെ വിളി  അങ്ങകലെ പുല്ലു വെട്ടിക്കൊണ്ടിരുന്ന പാറു തിരിച്ചറിഞ്ഞു. അവളുടെ മനസ്സിലൂടെ ഭൂതകാലത്തിന്റെ ഒരു നിമിഷം അധിവേഗം കടന്നു പോയി. ആ പുഴയോരവും മാവിന്‍ ചുവടും കുട്ടിക്കാലം മുതലേ അവര്‍ക്ക് രണ്ടു പേര്‍ക്കും നന്നായി അറിയാം. ആവരുടെ കുട്ടിക്കാലത്തെ പുഴയിലുള്ള കുളിയും, കുളിതോര്‍ത്തു കൊണ്ട് പരല്‍ മീന്‍ പിടിച്ചതും, പിന്നെ കാറ്റ് വീശുമ്പോള്‍ ഓടിച്ചെന്നു പൊഴിഞ്ഞു വീഴുന്ന നാട്ടുമാവിന്റെ മാമ്പഴം പെറുക്കി ഒന്നിച്ചു വായിലിട്ടു തിന്നതും, വീണ്ടും കാറ്റ് വീശാന്‍ പുളിയുറുബിനെ കൊന്നു മാവിലയില്‍ കെട്ടി മാവിന്റെ ചുവട്ടില്‍ വച്ചതും, തിന്നു തീര്‍ന്ന മാങ്ങയണ്ടി “അണ്ടിക്കു കൂട്ട് പോ” എന്നുറക്കെ പറഞ്ഞു വലിച്ചെറിഞ്ഞു പരസ്പരം പറ്റിച്ചതും, എല്ലാം ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിലൂടെ കടന്നു പോയി. 
പാറുവിനു ഇപ്പോള്‍ വയസ്സ് മുപ്പതു ആയി. പല കല്യാണ ആലോചനകളും വന്നു പോയി. കടവും ബാധ്യതയുമായി കഴിയുന്ന അവളുടെ കുടുംബത്തിനു അവളെ ഇതുവരെ കെട്ടിച്ചയക്കാന്‍ കഴിഞ്ഞില്ല. കുട്ടിരാമനു വയസ്സ് മുപ്പത്തി രണ്ടായി. പതിനെട്ടു വയസ്സുള്ളപ്പോള്‍ ജോലി തേടി അവന്‍ ദൂരദേശത്തെങ്ങോ പോയതാണ്. അതിനു ശേഷം വളരെക്കാലം കൂടി ഇപ്പോഴാണ് ആദ്യമായി നാട്ടില്‍ തിരിച്ചെത്തുന്നത്. നാടും നാട്ടുകാരും എല്ലാം ഒത്തിരി മാറിയിരിക്കുന്നു.
കുട്ടിരാമന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം തിരിക്കിയത് പാറുവിനെയാണ്. കുട്ടിക്കാലത്തെ കൂട്ട്കാരിയുടെ കുസൃതികളൊന്നും കുട്ടിരാമന്‍ മറന്നിട്ടില്ല. ഒത്തിരിയേറെ കഷ്ടപ്പാടുകളും, ദുരിതങ്ങളും അവന്റെ ജീവിതത്തെയും ഒത്തിരി മാറ്റിയെങ്കിലും മറക്കാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കുട്ടിക്കാല സൗഹൃദം അവന്റെ മനസ്സിന് ഇന്നും ഒരു ഉണര്‍വാണ്.
“ഹായ് ഇതാരാ കുട്ടിരാമനോ? ഇതിപ്പോ എവിടുന്നു വന്നു?. കല്യാണം ഒക്കെ കഴിഞ്ഞു കുട്ടികളുമായി ഇപ്പോള്‍ എവിടെയാ താമസം?... ഓടിക്കിതച്ച് എത്തിയ പാറു ഒരായിരം ചോദ്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചപ്പോഴത്തെയ്ക്കും ഒത്തിരി തളര്‍ന്നു. കുട്ടിരാമന്‍ അത്ഭുതത്തോടെ പാറുവിന്റെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു. അവള്‍ ചോദിച്ച ചോദ്യങ്ങള്‍ ഒന്നും അവന്‍ കെട്ടു എന്ന് തോന്നാത്ത വിധം അവന്‍ അവളെ തന്നെ അങ്ങനെ നോക്കി നിന്നു. കുട്ടിക്കാലത്തെ അതെ കുസൃതിയും, കുറുമ്പും ഒന്നും ഇതുവരെ അവളെ വിട്ടു പോയിട്ടില്ല എന്ന് അവന്‍ തിരിച്ചറിഞ്ഞു. “പാറു നീ പണ്ടത്തേതിലും ഒത്തിരി സുന്ദരി ആയിരിക്കുന്നു” കുട്ടിരാമന്റെ മനസ്സിലൂടെ പ്രതീക്ഷയുടെ ഒരു നൂല്‍ വെളിച്ചം അവനറിയാതെ കടന്നു പോയി. മറ്റൊന്നും ആലോചിക്കാതെ പെട്ടന്ന് അവന്‍ ചോദിച്ചു, “പാറു, നിനക്ക് എന്റെ കൂടെ പോരാമോ?” അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ പാറു ഒരു നിമിഷം പകച്ചു. എന്ത് മറുപടി പറയണമെന്നോ എങ്ങനെ മറുപടി പറയണമെന്നോ അറിയാതെ അവള്‍ കുഴങ്ങി. “എന്താ എന്നെ ഇഷ്ടം ഇല്ലേ? അതോ നിന്റെ മനസ്സില്‍ മറ്റാരെങ്കിലും ഉണ്ടോ?” ഈ രണ്ടാം ചോദ്യത്തില്‍ അവള്‍ക്കു പെട്ടന്ന് ഉണരേണ്ടി വന്നു. “ഞാന്‍ കൂടെ വന്നാല്‍ എന്നെ ഉപേക്ഷിച്ചു ഇനി എങ്ങും പോകില്ല എന്ന് എനിക്ക് ഉറപ്പു തരണം.”

എല്ലാത്തിനും ഒരവസ്സനം ആയി എന്ന് കുട്ടിരാമന്‍ ഉള്ളില്‍ ഉറച്ചു. അത് ശരിയായിരുന്നു താനും. പാറുവിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചതായി അവള്‍ക്കു തോന്നി. ആവേശത്തോടെ വെട്ടി അരിഞ്ഞു വച്ച പുല്ല് വാരി കൂട്ടി കെട്ടിയെടുത്ത്‌ അവള്‍ വീട്ടിലേക്ക് ഓടി. എന്താ അവള്‍ക്ക് സംഭവിക്കുന്നത്‌ എന്നറിയാതെ കുട്ടിരാമനും അവള്‍ക്കു പിന്നാലെ ഓടി.  

No comments:

Post a Comment