Saturday, 23 November 2019

മനുഷ്യനെ മണ്ണില്‍ സംസ്കരിക്കൂ




                                                  മനുഷ്യനെ മണ്ണില്‍ സംസ്കരിക്കൂ
  
മനുഷ്യനെ അടക്കേണ്ടത് മണ്ണിലാണ് അല്ലാതെ കാറ്റ് കയറാത്ത സിമന്റു കല്ലറകളില്‍ അല്ല.  ഇലകള്‍ അഴുകി മരത്തിനു വളമാകുന്നത് പോലെ മനുഷ്യനും മണ്ണില്‍ അലിഞ്ഞു  ചേര്‍ന്ന് മറ്റു ജീവജാലങ്ങള്‍ക്ക് ഒരു പോഷകം ആയി മാറേണ്ടത് ആണ്.

ആത്മാവ് അഥവാ ജീവന്‍ പിരിഞ്ഞ ശരീരത്തിന് മറ്റു ജീവജാലങ്ങളിലൂടെയാണ് പുനര്‍ജീവനം സംഭവിക്കേണ്ടത്‌. ജീവിച്ചിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ അവന്റെ ഉപജീവനത്തിന് പോഷകമായി ഉപയോഗിച്ചതെല്ലാം പ്രകൃതിയുടെ ദാനങ്ങള്‍ ആണ്. അതിനാല്‍ മനുഷ്യന്റെ പ്രകൃതിയോടുള്ള അവന്റെ അവസാന കടപ്പാട് തീര്‍ക്കേണ്ടത്  തന്നെത്തന്നെ പ്രകൃതിക്ക് തിരിച്ചു നല്‍കികൊണ്ടാണ്. 

അവന്റെ പ്രകൃതിയോടുള്ള കടം വീട്ടല്‍ നടത്തേണ്ടത്, ജീവംശം നഷ്ടമായി നിശ്ചലം ആയ ശരീരത്തെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ടാണ്. വാര്‍ത്തെടുത്ത കല്ലറകളില്‍    സംസ്കരിക്കപ്പെടുന്നവര്‍ അവസാന നിമിഷത്തിലും സ്വാര്‍ത്ഥര്‍ ആണ്. അവസാന നിമിഷത്തിലും ഒന്നും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ എല്ലാം സ്വന്തം ആയി വയ്ക്കാനുള്ള അവന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം. സമ്പത്ത് അധികം ആയാല്‍ അങ്ങനെയേ സംഭവിക്കൂ. 

കല്ലറകള്‍ കച്ചവട സ്ഥലങ്ങള്‍ ആകുമ്പോള്‍ മനുഷ്യന് നഷ്ടമാകുന്നത് ഒരു വലിയ പ്രകൃതി മൂല്യം ആണ്. ഇനി നിങ്ങള്ക്ക്  ചിന്തിക്കാം. തീരുമാനങ്ങള്‍ എടുക്കാം. ഒരു പൂര്‍ണമായ വിട്ടുകൊടുപ്പിനു തയ്യാറാകാം. 

സിമന്റ് കൂടാരങ്ങളില്‍ നിന്ന് മണ്ണിലേക്ക് മടങ്ങാം..! പ്രകൃതിയുടെ മടിത്തട്ടില്‍ നമുക്ക് അന്ത്യ വിശ്രമം കൊള്ളാം. നിങ്ങളുടെ ആത്മാവ്‌ മറ്റു ജീവജാലങ്ങളിലൂടെ ഇനിയും ജീവിക്കട്ടെ.!


Saturday, 8 June 2019

നിശബ്ദത




നിശബ്ദത

നിശബ്ദതയാണ് എന്നെ ഞാനാക്കുന്നത്.

നിശബ്ദതയാണ് എന്നെ ഞാനാക്കുന്ന ശക്തിയും.

ദൈവസ്തുതിപ്പുകളുടെ ആലോസരങ്ങളില്ലാത്ത നിശബ്ദത.

വചനപ്രഘോഷകരുടെ ഹര്‍ഷാരവങ്ങളും വായിട്ടലപ്പുകളും ഇല്ലാത്ത നിശബ്ദത.

മതബന്ധിയായ പ്രഭാതകീര്‍ത്തങ്ങളും ബാങ്ക് വിളികളും പള്ളിമണി മുഴക്കങ്ങളും ഇല്ലാത്ത നിശബ്ദത.

സന്യാസ മുനിശ്രേഷ്ഠന്‍മാരുടെ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായി വികൃതമാകാത്ത പ്രകൃതിയുടെ നിശബ്ദത.

ഹൃദയത്തുടിപ്പുകളെപ്പോലും നിശ്ചലമാക്കുന്ന ഹൃദയമില്ലാത്ത ആധുനിക സംഗീതധ്വനികളുടെ പ്രകമ്പനങ്ങള്‍ ഇല്ലാത്ത നിശബ്ദത.

മണ്‍കല്‍പ്രതിമകളില്‍ ആവാഹിച്ച  ചൈതന്യമൂര്‍ത്തികള്‍ക്ക് പ്രീതി പകരാന്‍ മുഴക്കുന്ന കര്‍ണ്ണകടോരോരമായ അമിട്ടുകളും വെടിക്കെട്ടുകളും ഇല്ലാത്ത നിശബ്ദത.

ജാതിമത ഉച്ചനീചത്വങ്ങളുടെ പേരില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നവരുടെ നിലവിളികള്‍ ഇല്ലാത്ത നിശബ്ദത.

രാഷ്ട്രീയപകപോക്കലുകള്‍ക്കായി കൊടിക്കൂറകള്‍ക്ക് പിന്നില്‍ അണിനിരന്ന് കൊലവിളി നടത്തുന്നവരുടെ ശബ്ദമലിനീകരണം ഇല്ലാത്ത നിശബ്ദത.

അധികാര കസേരയില്‍ ഇരിക്കുന്നവരെ പ്രീതിപ്പെടുത്തി തന്‍കാര്യം നേടുന്ന സ്തുതിപാടകരുടെ കപടവാക്കുകളില്ലാത്ത നിശബ്ദത.

സ്വന്തം ഉത്തരവാദിത്വങ്ങളെ കാറ്റില്‍ പറത്തി സ്ത്രീസമത്വവാദപ്രതിധ്വനികള്‍ ഉണ്ടാക്കുന്നവരുടെ കാലടി ശബ്ദങ്ങളില്ലാത്ത നിശബ്ദത.

മതഭ്രാന്തിന്റെ കിരാതത്വത്തില്‍ ജീവന്‍ പിരിയേണ്ടി വന്ന പിഞ്ചുകിടാങ്ങളുടെ രോദനങ്ങള്‍ ഇല്ലാത്ത നിശബ്ദത.

അവിടെയെല്ലാം യഥാര്‍ത്ഥ നിശബ്ദതയുണ്ട്.
പ്രകാശഗോളങ്ങളും നക്ഷത്രങ്ങളും സൌരയൂഥങ്ങളും പ്രകാശവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദത.

അതാണ്‌ പ്രപഞ്ചത്തിന്റെ ശക്തി. എന്റെയും നിങ്ങളുടെയും ശക്തി. 

എനിക്കും നിങ്ങള്‍ക്കും നഷ്ടമായ ശക്തി.

നമുക്കത് വീണ്ടും തിരിച്ചു നേടേണ്ടതുണ്ട്.

-------ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍------

  

Saturday, 26 January 2019

എന്റെ കേരളം

ഇതില്‍ നിങ്ങള്ക്ക് പരിചയം ഇല്ലാത്ത എന്ത് ഉണ്ട് ?