Sunday, 7 May 2017

പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ



പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!

കുട്ടിക്കാലത്ത് കേട്ട ഒരു പദ്യശകലം. ഇന്ന് ചുമ്മാ തലേല്‍ കേറി വന്നു. ഒരു ശകലം മാത്രമേ ഓര്‍ക്കുന്നുള്ളൂ.  എന്നാ പിന്നെ മുഴുവന്‍ ഒന്ന്  കൂടി വായിച്ചേക്കാം എന്നോര്‍ത്തു ഗൂഗിള്‍ അമ്മാവന്റെ വീട്ടില്‍ ഒന്ന് കേറി... അവിടേം ദാരിദ്ര്യം... അവിടേം ഇവിടേം.. അറ്റോം മുറിം... പിന്നെ ഓരോ കോപ്പിലെ ഉടായിപ്പ് എഴുത്തുകളും. എന്നാ പിന്നെ ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നത്? എന്റെ വക ഇതും കൂടി ഇരിക്കട്ടെ എന്ന് വച്ചു. മലയാളം പൊതു ഭരണഭാഷ ആയ സ്ഥിതിക്ക് ഇതിന്റെ അര്‍ത്ഥം ഒന്നും അറിയാത്ത കൊണാപ്പന്‍ രാഷ്ട്രീയക്കാര് ചിലപ്പോ ചുമ്മാ കേറി വീശും. അതുകൊണ്ട് ഒരു തടയിട്ടേക്കാം എന്ന് വച്ചു.
ഈ ശകലം കവിതയുടെ അര്‍ത്ഥം എന്താണെന്ന് വച്ചാല്‍.
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!” വാചകം അടിച്ചിരുന്നു ഇരുട്ടായതറിയാതെ പന്നി വെപ്രാളം വച്ചു. പന്നിക്ക് അറിയില്ലല്ലോ ഉറക്കത്തിന്റെ ആവശ്യം.
“കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും” ഞാനീ അലകില്‍ കിടന്നു കുറച്ച്‌ ഒന്നുറങ്ങട്ടെ.  
നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ” വെണ്ണ തിന്നു വയറു നിറഞ്ഞ കൃഷ്ണനെ കാണാന്‍ മാന്‍ വന്നു.
“പുലർകാലേ പുറപ്പെടാം” രാവിലെ നടക്കാന്‍ പോകണം
“അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം” അരിഞ്ഞു വല്ലത്തില്‍ വച്ചിരിക്കുന്ന കൂടത്തൈ നനയ്ക്കണം.
“ത്രിഭുവനമടക്കിവാണിരുന്നരുളുന്ന” ത്രിഭു വനത്തില്‍ മടക്കി വച്ചു വായില്‍ വരുന്നത് പറയുന്ന മണി ഇരുന്നുരുളുന്ന സ്ഥലം.  ഈ “ത്രിഭു” വിന്റെ അര്‍ഥം ഇപ്പോഴും വ്യക്തമായിട്ടില്ല. കവിക്ക് എഴുത്തിനിടയില്‍ വന്ന ഒരു തെറ്റ് എന്ന് വേണം കരുതാന്‍.
മഹാ- പ്രഭുവിനെക്കാണ്മാൻ” തടിയനായ പ്രഭുവിന്റെ ഗണ്മാന്‍...
ബാക്കി കവിത ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഇതിന്റെ പേരില്‍ ആരും വഴക്കിടണ്ട. കവിത ഇഷ്ടമല്ലെങ്കില്‍ അതങ്ങ് മായിച്ചു കളയുക.


വാല്‍ക്കഷ്ണം: “ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം” എന്നതിന്റെ ശരിയായ അര്‍ത്ഥം ഈരേഴു പതിനാലു ലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണനെ കാണാന്‍ അതിരാവിലെ ഞാന്‍ പുറപ്പെടാം എന്നാണു. കൂടാതെ “ഞാനുലകിലേഴും” എന്ന് ചിലപ്പോള്‍ എഴുതി കാണാറുണ്ട്‌. എങ്കില്‍ അതിന്റെ അര്‍ത്ഥം ഞാന്‍ “രാവിലെ എഴുന്നേല്‍ക്കും” എന്നോ “ഭൂമിയില്‍ എഴുന്നള്ളുന്ന” കൃഷ്ണന്‍ എന്നോ ആകാം. 

No comments:

Post a Comment