എല്ലാ ജീവിത പ്രയാണങ്ങള്‍ക്കും
ഇടയില്‍ ഒരു ചെറിയ നൂല്‍പ്പാലം എങ്കിലും ഉണ്ടാവണം.
കാരണം
അക്കരെ ഇക്കരെ സന്ധിക്കേണ്ടത് പ്രകൃതിയുടെ നീയമം ആണ്!
മനുഷ്യന്‍ അതിനെ അവന്റെ
സുഖയാത്രക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം.
വിദ്യയും
സ്വത്തും തേടിയുള്ള അവന്റെ യാത്രയില്‍ അവന് ചിലപ്പോള്‍ ആ നൂല്‍പ്പാലത്തിന്റെ
വിട്ടുപോയ കണ്ണികള്‍ കാഴ്ചയില്‍പ്പെട്ടു എന്ന് വരില്ല. കാരണം അക്കരെ കണ്ണും
നട്ടുള്ള യന്ത്രപ്പാച്ചിലിനിടയില്‍ നടന്നു നീങ്ങുന്ന വഴികളിലെ കുറവുകള്‍ നോക്കാന്‍,
അത് പരിഹരിക്കാന്‍ അവന്‍ മിനക്കെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ നൂല്‍പ്പാലത്തിന്റെ
കണ്ണികള്‍ ബന്ധങ്ങള്‍ ആണ്. പരസ്പരം കൈകോര്‍ത്തും
കൂട്ടിപ്പിടിച്ചും ഒന്നിച്ചു നില്‍ക്കേണ്ട അവസ്ഥ. ഈ ബന്ധങ്ങളില്‍ വിള്ളലുകള്‍
സംഭവിക്കുമ്പോള്‍ അതിന്റെ അകല്‍ച്ച കൂടി വരുമ്പോള്‍ ഉണ്ടാകാവുന്ന തകര്‍ച്ച
പ്രതീക്ഷിക്കുന്നതിലും വലുതാകാം. നിങ്ങള്‍ ഈ നൂല്‍പ്പാലത്തിലൂടെ ഉള്ള യാത്രയില്‍ ആണെങ്കില്‍ ചിലപ്പോള്‍ വീണു പോകുന്നത് അഗാധമായ ഗര്‍ത്തത്തിലേക്ക് ആകാം.
അല്ലെങ്കില്‍ ചിലപ്പോള്‍ ആഴം അറിയാത്ത വെള്ളപ്പാച്ചിലേക്കായിരിക്കാം. അതുകൊണ്ട്
ജീവിത യാത്രയില്‍ നൂല്‍പ്പാലങ്ങളുടെ കണ്ണികള്‍ കൂട്ടി ബന്ധിക്കേണ്ടത് ഓരോ
മനുഷ്യന്റെയും ആവശ്യം ആണ്.
ചിലപ്പോള്‍ അനേക മനുഷ്യരുടെ പ്രയത്ന ഫലമായി
രൂപപ്പെടുത്തിയ നൂല്‍പ്പാലം ഏതോ ഒരുവന്റെ അഹന്തയില്‍ മുറിക്കപ്പെടാം. അതിന്റെ
നഷ്ടം ഒരാള്‍ക്ക് മാത്രം അല്ല. അത് മുറിക്കുന്നവനും അതിന്റെ ഫലം അനുഭവിക്കുന്നവനും
ഒരു പോലെയാണ്. നൂല്‍പ്പാലങ്ങള്‍ മുറിക്കപ്പെടുമ്പോള്‍ മുറിവേല്‍ക്കപെടുന്നത് അനേകരാണ്. നൂല്‍പ്പാലത്തിന്റെ കണ്ണികള്‍ മുറിക്കുന്നതിനെക്കാള്‍ അത് കൂടുതല്‍
മുറുക്കുവാനാകണം മനുഷ്യന്റെ ശ്രമങ്ങള്‍. മതങ്ങള്‍ മനുഷ്യരെ മസ്തിഷ്കപ്രഷാളനത്തിന്റെ
മതില്‍ക്കെട്ടുകളില്‍ തളച്ചിട്ടു മനുഷ്യത്വം മരവിപ്പിച്ചപ്പോള്‍ നഷ്ടമായത് ജീവിത
നൂല്‍പ്പാലത്തിന്റെ കണ്ണികളാണ്.
അതിനെ കൂട്ടിക്കെട്ടുവാന്‍ ഇനി നമുക്ക് വേണ്ടത് മതത്തിന്റെ, രാഷ്ട്രീയത്തിന്റെ
കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രരായ ഊര്‍ജമുള്ള
വ്യക്തികളെയാണ്. അതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക അല്ല വേണ്ടത് പ്രവര്‍ത്തിക്കുകയാണ്.
No comments:
Post a Comment