Saturday, 21 February 2026

മതം ഒരു പൊറാട്ടു നാടകം


ആറു ദിവസം ജോലി ചെയ്ത് ഏഴാം ദിവസം ഉറങ്ങിയ ദൈവം പിന്നീട് ഉണര്‍ന്നില്ല. അതുകൊണ്ട് മനുഷ്യന്‍ അവനു തോന്നിയ പോലെ ദൈവങ്ങളെ ഉണ്ടാക്കി. പുതിയ ദൈവങ്ങള്‍ പഴയ ജോലി ചെയ്യുന്നുമില്ല പഴയ ദൈവങ്ങള്‍ പുതിയ ജോലി തേടുന്നുമില്ല.

മതങ്ങളുടെ ദൈവങ്ങളും മനുഷ്യനും  തമ്മില്‍  ഒരു വലിയ വ്യത്യാസം ഉണ്ട്. മനുഷ്യന് ദൈവങ്ങളെപ്പറ്റി  അവന്റെ ചിന്താധാരയില്‍ ഉയര്‍ന്നു വന്ന എന്തൊക്കെയോ അറിയാം. എന്നാല്‍ ദൈവങ്ങള്‍ക്ക് മനുഷ്യനെപ്പറ്റി  ഒന്നുമറിയില്ല. കാരണം മനുഷ്യ ചിന്തയില്‍ ഉള്ള  ദൈവം  ഒരു ദൈവമേ അല്ല. ആ ദൈവം മനുഷ്യന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവനും അവനു ദു:ഖങ്ങളും ദുരിതങ്ങളും  കൊടുത്ത് തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നവനും, ഭൂമിയില്‍ നിന്ന്  ദുഖങ്ങളും ദുരിതങ്ങളും പൂര്‍ണമായി മാറ്റാന്‍ കഴിവില്ലാത്തവനും ആണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലനങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹത്തില്‍ കാണാന്‍ കഴിയും.  മതങ്ങളിലെ ദൈവത്തിനു  മനുഷ്യ ചിന്തയോളമേ വളരാന്‍ കഴിയൂ. ഓരോ മനുഷ്യനും സ്വയം ഒരു ദൈവം ആണെന്ന ചിന്തയിലേക്ക് വളരാന്‍ കഴിയണം. അതിനു സാധിക്കാതെ വരുമ്പോള്‍ അവന്‍ പൌരാണികവും കാലഹരണപ്പെട്ടതുമായ മത ചിന്തകളുടെ വള്ളിക്കെട്ടുകളില്‍ ജീവിതം ഹോമിക്കും. മതത്തിന്റെ പേരില്‍ ഇനിയും തല്ല് കൂടുന്നവര്‍ ഒന്നോര്‍ക്കുക പാഴാക്കി കളയുന്ന നിങ്ങളുടെ  ജീവിതങ്ങള്‍ക്ക് പിന്നെയൊരു പുനര്‍ജന്മം ഇല്ല. പുനര്‍ജ്ജന്മങ്ങളില്‍ വിശ്വസിക്കുന്നവര്‍ കുറഞ്ഞത്‌ ഒരു നായോ, നരിയോ, പുഴുവോ, പൂമ്പാറ്റയോ  ആയി എങ്കിലും വീണ്ടും ഈ ഭൂമിയില്‍ ഒരു തുടര്‍ ജീവിതത്തിനു നിന്റെ  ജീവ ശക്തിക്ക് അവസരം ഉണ്ടാകണം എങ്കില്‍ അത് വെറുതെ പൊള്ളമതങ്ങളുടെ പോഴത്തരങ്ങളില്‍ ജീവന്‍ ഹോമിച്ചാല്‍ സാധിക്കില്ല..! മതങ്ങളും മതവിശ്വാസങ്ങളും വെറും തലമുറകളായി കൈമാറി വന്നു കിട്ടുന്ന  മാസ്മരികത ആണ്. ഒരു തലമുറ അവസാനിക്കുമ്പോള്‍ അടുത്ത തലമുറ അതിനെ വീണ്ടും മുന്‍പോട്ടു തള്ളിക്കൊണ്ടേയിരിക്കും. അങ്ങനെ അതിന് ഇന്ന് നിങ്ങള്‍ കാണുന്ന വിധേനയുള്ള ഒരു ശാശ്വതസ്വഭാവം കൈവന്നു. പഴയ പല പൊടിപ്പുകളും തൊങ്ങലുകളും പലതും മതങ്ങള്‍ക്ക് വലിച്ചെറിയേണ്ടി വന്നു. എന്നാല്‍ ആധുനിക കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനും സാമ്പത്തിക മുതലെടുപ്പിനും വേണ്ടി തിരുകി ചേര്‍ത്ത തൊങ്ങലുകള്‍ ഇന്നും പുതിയ അലങ്കാരമായി മനുഷ്യന്‍ കൊണ്ട് നടക്കുന്നു. വെറും സാധാരണ മനുഷ്യന് അത് തിരിച്ചറിയാന്‍ ഉള്ള വിവേകബുദ്ധി മതങ്ങളുടെ മസ്തിഷ്കപ്രഷാളന ക്രീയകളില്‍ അന്യമായി. മതബന്ധങ്ങളുടെ ചേറ്റുകുഴിയില്‍ നിന്ന്  കരകയറിയ കുറച്ചെങ്കിലും മനുഷ്യന്‍ അത് തിരിച്ചറിഞ്ഞു മാറി നടക്കേണ്ട വഴികള്‍ തിരഞ്ഞു തുടങ്ങി..!

മനുഷ്യന്‍  മാറി  ചിന്തിക്കാന്‍  തുടങ്ങുമ്പോള്‍ മതങ്ങള്‍ അന്യമാകും. മതങ്ങള്‍ അന്യമാകുമ്പോള്‍ മതബന്ധികള്‍ ആയ ദൈവങ്ങളും ഇല്ലാതാകും. ദൈവങ്ങള്‍ക്ക് മനുഷ്യന്‍ ഒരു ആവശ്യം അല്ല.  ആണെങ്കില്‍ ആ ദൈവം ഒരു ദൈവം അല്ല. എല്ലാത്തിനും അതീതന്‍ ആയിരിക്കണം ദൈവം. അല്ലാത്തവന്‍ ദൈവം ആകാന്‍ അര്‍ഹതയില്ല. നിങ്ങളുടെ ദൈവം നിങ്ങളുടെ ചിന്തകള്‍ക്കുള്ളില്‍ തളക്കപ്പെട്ടവന്‍ ആണ്. അത് സ്വതന്ത്രന്‍ അല്ല. അതുകൊണ്ട് ആ ദൈവം നിങ്ങളുടെ അടിമ ആണ്..  അടിമയെ ആരും ദൈവം ആയി കണക്കാക്കാറില്ല. അടിമ ദൈവങ്ങള്‍ക്ക് അടിയറവു വയ്ക്കാന്‍ ഉള്ളതല്ല നിങ്ങളുടെ ഈ ചെറിയ ഭൂമിജീവിതം.

അന്യമായിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗ നരക ചിന്തകള്‍ ഇനിയും ആരും പൊടിതട്ടി എടുക്കേണ്ടതില്ല. അത്തരം ചിന്തകള്‍ മനുഷ്യന്‍ സാവധാനം ഉപേക്ഷിച്ചു തുടങ്ങി. കാരണം അങ്ങനെ ഒരു സ്ഥലം ഇല്ല എന്നുള്ള വസ്തുത അല്പം വിവരവും വിജ്ഞാനവും ഉള്ളവര്‍ക്കെല്ലാം അറിയാം. സ്വര്‍ഗ്ഗത്തിലേക്കുള്ള ദൂരം എത്ര? അതിനു എത്ര പ്രകാശ വര്ഷം സഞ്ചരിക്കണം? അത് എത്ര നൂറ്റാണ്ടുകള്‍ എടുക്കും? നൂറ്റാണ്ടുകള്‍ എടുത്ത് എത്തിച്ചേരേണ്ട ഒരു സ്ഥലത്തിനു വേണ്ടിയാണോ നൂറു വര്ഷം പോലും ജീവിക്കാന്‍ കഴിയാത്ത മനുഷ്യന്‍ വേവലാതിപ്പെടുന്നത്! ഏതായാലും മനുഷ്യന് അറിവായ പ്രകാശവര്‍ഷദൂരങ്ങളില്‍ എങ്ങും  അങ്ങനെ ഒരു സ്ഥലം ഇല്ല. അതെല്ലാം വികസനം പ്രാപിക്കാത്ത ഒരു കാലഘട്ടത്തില്‍ വെറും മാനുഷിക ചിന്തകളില്‍ രൂപപ്പെട്ട സ്വപ്നലോകം മാത്രം. ഇനിയും ഇതൊക്കെ പറഞ്ഞു മനുഷ്യനെ അവന്റെ ശാസ്ത്രീയ വികസന വഴികളില്‍ നിന്ന് മാറ്റരുത്. അങ്ങനെ ഒരു സ്ഥലം ഇല്ല എങ്കില്‍ പിന്നെ  എന്തിനു വേണ്ടി വേണ്ടി മതങ്ങളുടെ പുറകെ പോകണം? വെറും പുസ്തക താളുകളിലെ ദൈവങ്ങളും സ്വര്‍ഗ്ഗങ്ങളും നരകങ്ങളും മനുഷ്യ മസ്തിഷകത്തിന്റെ അതി സങ്കീര്‍ണതകളിലേക്ക് നുരഞ്ഞും നുഴഞ്ഞും  കയറി അവിടെ കൂട് കെട്ടിയപ്പോള്‍ മനുഷ്യന് നഷ്ടമായത് ഒരു സ്വതന്ത്ര ചിന്തയുടെ വികസന ജീവിതമാണ്. 

സ്വര്‍ഗ്ഗനരക ചിന്തകളെ മതങ്ങളും സാവധാനം ഉപേക്ഷിച്ചു തുടങ്ങി. കാരണം ഇനിയും അത് പറഞ്ഞു ശാസ്ത്രീയമായി മുന്‍ നൂറ്റാണ്ടുകളെ അപേക്ഷിച്ച് വളരെയേറെ മുന്‍പോട്ടു പോയിരിക്കുന്ന മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ ആവില്ല എന്ന തിരിച്ചറിവാണ്. ഈ ഭൂമി ജീവിതത്തിന് അപ്പുറത്തേക്ക് ഒരു ജീവിതമുണ്ട് എന്ന ഒരു വിഭാവന സ്വപ്നലോകത്തില്‍ മനുഷ്യനെ തളച്ച് ഇടേണ്ടത് പലരുടേയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ ഒരു മുതല്‍ക്കൂട് ആണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത കാലത്തോളം മത മേധാവിത്വം മനുഷ്യനെ അടിമ ആക്കി നിലനിര്‍ത്തും.

സൂര്യനോ ചന്ദ്രനോ ഇല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മദിക്കില്ല. കാരണം അല്പം വിവരവും വിദ്യാഭ്യാസം ഉള്ള എല്ലാവര്ക്കും അറിയാം അത് വളരെ വസ്തുനിഷ്ടം ആയ ഒരു സംഗതി ആണ് എന്നത്. അതിനു രണ്ടു പക്ഷം ഇല്ല. എന്നാല്‍ സ്വര്‍ഗ്ഗം ഉണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാം അങ്ങനെയൊന്ന് വസ്തുനിഷ്ടം അല്ല അത് വെറും വിശ്വാസം ആണ്. വിശ്വാസികള്‍ ഉണ്ടെന്നും വിശ്വാസികള്‍ അല്ലാത്തവര്‍ ഇല്ലെന്നും പറയുന്ന സ്വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ്‌ തന്നെ വിശ്വാസത്തിന്റെ ബലത്തിലാണ്. എന്നാല്‍ ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു വരുത്തി തീര്‍ക്കേണ്ടത് മതങ്ങളുടെ നിലനില്‍പിന്റെ ആവശ്യം ആണ്. അങ്ങനെ അല്ല എങ്കില്‍ മത നേതൃത്വം വളരെ ആധികാരികമായി ഒന്ന് പറയട്ടെ സ്വര്‍ഗ്ഗവും നരകവും ഇല്ല, അങ്ങനെ ഒന്നിനു വേണ്ടി നിങ്ങളുടെ ജീവിതം ഹോമിക്കേണ്ട എന്ന്. അവിടെ തുടങ്ങും മതങ്ങളുടെ പതനം. മതപഠനം നിര്‍ത്തി മതപതനത്തിനുവേണ്ടിയാണ് ഇനി ക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവ നടത്തേണ്ടത്.

സ്വര്‍ഗ്ഗത്തില്‍ ആളുകള്‍ എങ്ങിനെയാണ്? നില്‍ക്കുകയാണോ, ഇരിക്കുകയാണോ, കിടക്കുകയാണോ. ഇതൊന്നും അല്ല എങ്കില്‍ ഇതൊന്നും ഇല്ലാത്ത  അവിടെ ചെന്നിട്ടു എന്ത് കാര്യം? സ്വര്‍ഗ്ഗം എന്നത് ഒരു അവസ്ഥയാണ്!! ഏത് അവസ്ഥ ഖരം, ദ്രാവകം, വാതകം, പ്ലാസ്മ? ഇതൊന്നുമല്ലാത്ത, അറിയാന്‍ പാടില്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിട്ട് എന്ത് നേടാന്‍? മരണാന്തര ജീവിതം പ്രതീക്ഷിച്ചു ആരും മതങ്ങളുടെ പുറകെ പോകണ്ട. അത്  വെറും വിഡ്ഢിത്തം ആണ്.
ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ അതിനു മതങ്ങളുടെ ആവശ്യം ഇല്ല. നല്ല ഒരു സാമൂഹിക വ്യവസ്ഥിതി മതി. മറ്റുള്ളവര്‍ക്ക് തന്റെ ചുറ്റുമുള്ള സഹജീവികള്‍ക്ക്  നന്മ ചെയ്യാന്‍ മാത്രം മനുഷ്യന്‍ അറിഞ്ഞാല്‍ മതി. 

പിരിവില്ലാത്ത പള്ളികള്‍ ഉണ്ടോ? കാണിക്ക വഞ്ചി ഇല്ലാത്ത അമ്പലങ്ങള്‍ ഉണ്ടോ? ഏത് ദൈവത്തിനു വേണം നിങ്ങളുടെ പണം? പണമില്ലാതെ ജീവിക്കാന്‍ ഗതിയില്ലെങ്കില്‍ പിന്നെ അത് എന്ത് ദൈവം?  പണം മനുഷ്യന്‍ കണ്ടു പിടിച്ച ഒരു മാധ്യമം ആണ്.  അത് കൊടുത്ത് അദൃശ്യ ശക്തിയെ തൃപ്തിപ്പെടുത്താന്‍ ,  അവനെ പ്രേരിപ്പിക്കുന്നത്  ഭയം മാത്രം ആണ്. വെറും മരണഭയം.  ജീവികള്‍ ജനിച്ചാല്‍ മരിക്കും എന്നത്  പ്രകൃതി നീയമം.   

ഇനിയും മാറി നടക്കേണ്ട വഴികള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍  ആയില്ലെങ്കില്‍  ഇതുവരെയുള്ള നിങ്ങളുടെ ജീവിതവും ഇനിയുള്ള നിങ്ങളുടെ ജീവിതവും  കന്നുകാലികള്‍ക്ക് കലക്കികൊടുക്കുന്ന കാടിവെള്ളം പോലെയേ കരുതേണ്ടതുള്ളൂ! 

സ്വര്‍ഗ്ഗം വരെ നീളുന്ന ഒരു ലിഫ്റ്റ്‌ ഉണ്ടെന്നു പറഞ്ഞാല്‍ അതില്‍ കയറാന്‍ തയ്യാറായ എത്ര വിശ്വാസികള്‍ നമ്മുടെ ഇടയില്‍ ഉണ്ട്? അത്ര കഷ്ടപ്പെട്ടുള്ള വിശ്വാസം ഒന്നും എനിക്ക് വേണ്ട എന്ന് അവന്‍ പറയും. അത്ര ഒക്കെയേ ഉള്ളൂ വിശ്വാസം എന്ന് പറയുന്നത്. 

ഞാന്‍ തിരിച്ചു വരും കൂടുതല്‍ ചോദ്യങ്ങളുമായി. ഉത്തരം പറയേണ്ടത് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലൂടെയാണ്..!

5 comments:

  1. നല്ല ചിന്ത.. എന്റെ അഭിപ്രായം പങ്കുവയ്ക്കട്ടെ.

    ആധുനിക മനുഷ്യന്‍ ഇന്നും മതത്തിന്റെ അടിമയായി തുടരുന്നതെന്തുകൊണ്ടാണ് എന്ന ചോദ്യം പലരെയും കുഴപ്പിക്കുന്ന ഒന്നാണ്.

    വിദ്യാഭ്യാസവും വിവരമുള്ള ആധുനികന്‍. എന്തിനെയും വിമര്‍ശന, വിശകലനബുദ്ധിയോടെ കാണാന്‍ കെല്‍പ്പുള്ളവന്‍, മറ്റു മതങ്ങളെല്ലാം അസംബന്ധമാണെന്ന് തീര്‍പ്പു കല്പിക്കുന്നവന്‍, "ഇവിടെ ഉണങ്ങാത്ത പെയിന്റ് ഉണ്ട്" എന്നെഴുതി വച്ചാല്‍ തൊട്ടുനോക്കാതെ വിശ്വസിക്കാത്തവന്‍ - അവന്‍ എന്തുകൊണ്ട് പ്രാചീന അസംബന്ധങ്ങള്‍ ഇത്രകണ്ടു വിശ്വസിക്കുന്നു?

    സങ്കീര്‍ണ്ണമായി തോന്നുന്ന ഈ ചോദ്യത്തിന്റെ ഉത്തരം സങ്കീര്‍ണമല്ല.

    മതങ്ങളുടെ Brain Washing Technology. അതിവിദഗ്ദമായി വികസിപ്പിച്ചെടുത്തതാണിത്. അതിന്റെ പ്രത്യേകത വളരെ കുരുന്നുപ്രായത്തില്‍തന്നെ തലയില്‍ അടിച്ചുകയറ്റുന്നു എന്നതാണ്. മാതാപിതാക്കള്‍ പലപ്പോഴും മക്കളുടെ ശല്യത്തില്‍ നിന്നും രക്ഷപെടാന്‍ ദൈവം അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും, ഈശോപ്പന്‍ തീയ്ക്കകത്തിടും എന്നൊക്കെ പറയും. പ്ലേ സ്ക്കൂള്‍ കാലം മുതലേ വേദപാഠത്തിലൂടെ Child Abuse ഔദ്യോഗികമായി ആരംഭിക്കും.

    വേദപാഠപഠനം ബിരുദ ഘട്ടത്തില്‍ ആണെന്ന സ്ഥിതി വന്നാല്‍ കാണാം മതങ്ങളുടെ ഗതി..

    ഇല്ല ഒന്നും സംഭവിക്കില്ല. വിമര്‍ശനബുദ്ധിയും സ്വതന്ത്രചിന്തയുമുള്ള ജനത മതാധികാരികള്‍ക്കുമാത്രമല്ല, രാഷ്ട്രീയനേതാക്കള്‍ക്കും തലവേദന സൃഷ്ടിക്കും.

    അവര്‍ ഇരുവരും ഒത്തുപിടിച്ച് ഈ കഥ തുടരാന്‍ കളമൊരുക്കും.

    ന്യൂനപക്ഷം എന്നും എവിടെയും രക്ഷപ്പെടും.

    ReplyDelete
  2. നല്ല സന്ദേശങ്ങൾ...സത്യാന്വേഷണത്തിലേക്ക് ഭയസന്കോചങ്ങളില്ലാതെ, ബാഹ്യ സമ്മർദ്ദങ്ങൾ, സ്വാധീനങ്ങൾ ഇല്ലാതെ തനിയേ നടക്കൂ..സത്യം നിങ്ങൾ മനസിലാക്കും..അത് നിങ്ങളെ സ്വതന്ത്രരാക്കും.. ഇതുപോലെ അറിവു പകർന്നു തരുന്നവരേ ശ്രവിക്കൂ..

    ReplyDelete
  3. മതം എന്നത് നാനാര്ഥമുള്ള ഒരു പദമാണ് അത് പലരും പല വിധത്തിൽ മനസിലാക്കുന്നു
    മതം മനുഷ്യരിൽ ധാര്മികതയുണ്ടാക്കുന്നതാണ് മതം എന്നത് ധാർമികത ,ധാർമിക മൂല്യം
    ഉണ്ടാക്കുന്നതാണ് എന്ന നിലയിൽ മനുഷ്യനിൽ മനുഷ്യത്വം ഉണ്ടാക്കുന്നു ആത്മ വിശ്വാസമുണ്ടാക്കാൻ
    വിശ്വാസങ്ങളും അനുഷ്ടാനങ്ങളും ഉപകരിക്കുന്നുണ്ടെന്നത് സത്യമാണ് മനസാക്ഷി ,മനുഷ്യത്വം എന്നിവ
    ഈ വിശ്വാസത്തിൽ നിന്നുത്ഭവിക്കുന്നു
    എന്നാൽ കച്ചവടക്കാർ ,പുരോഹിതർ അവയെ ആ വിശ്വാസം മുതലെടുക്കുന്നു ,മുതലാളിമാരാകുന്നു പുതു പുത്തൻ ആചാരങ്ങളും ആരാധന ക്രമങ്ങളും ഉണ്ടാക്കുന്നു അവയുടെ നില നില്പിന്ന് സ്ഥാപനങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു പള്ളിയും പട്ടക്കാരുമുണ്ടാകുന്നു ,അമ്പലവും പൂജാരികളും താന്ത്രികളും താന്ത്രിക പൂജാ വിധികളുംമുണ്ടാ ക്കുന്നു മുസ്ളിയാർമാർമാരും മൗലവി മാരുമാ മസ്ഹല കളും ഫത്ത് വകളും മറ്റുമുണ്ടാക്കുന്നു നിലനിൽപ്പിനും ,വിപുലീകരണത്തിനും പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നു
    സ്വർഗ്ഗ നരക വിവരണങ്ങളാൽ വിവരമില്ലാത്തവരെ ചൂഷണം ചെയ്യുന്നു
    സ്വന്തം അണിയിലേക്ക് ആളെ കൂട്ടാൻ തന്ത്രം ആവിഷ്കരിക്കുന്നു നടപ്പിലാക്കുന്നു
    ഇത് തന്നെ യാണ് കക്ഷി രാഷ്ട്രീയക്കാരും ,യുക്തിവാദികളും ഭക്തി വാദികളും ചെയ്യുന്നത്

    എന്നാൽ ഒരു ശക്തി യുണ്ട് എല്ലാം കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും സത്യം നീതി എന്നതൻസാരിച്ചു വിധിക്കുന്നതും എന്ന വിശ്വാസം നിയമങ്ങൾ അനുസരിക്കാൻ ,,നിയമങ്ങൾ നിർമിക്കാൻ ,ധാർമികത പുലർത്താൻ ,മൂല്യ ബോധത്തോടെ ജീവിക്കാൻ സഹായകരമാണ്

    ദൃഢ പ്രതിജ്ഞ ചെയ്തവർക്ക് ,മന സാക്ഷി അനുസരിച്ചു പ്രവർത്തി ക്കുന്ന വ ർക്കു , ഒരു അദൃശ്യ വിജിലൻസിലെ വിശ്വാസം ഗുണം ചെയ്യാം

    ReplyDelete
  4. മതം എന്നത് നാനാര്ഥമുള്ള ഒരു പദമാണ് അത് പലരും പല വിധത്തിൽ മനസിലാക്കുന്നു
    മതം മനുഷ്യരിൽ ധാര്മികതയുണ്ടാക്കുന്നതാണ് മതം എന്നത് ധാർമികത ,ധാർമിക മൂല്യം
    ഉണ്ടാക്കുന്നതാണ് എന്ന നിലയിൽ മനുഷ്യനിൽ മനുഷ്യത്വം ഉണ്ടാക്കുന്നു ആത്മ വിശ്വാസമുണ്ടാക്കാൻ
    വിശ്വാസങ്ങളും അനുഷ്ടാനങ്ങളും ഉപകരിക്കുന്നുണ്ടെന്നത് സത്യമാണ് മനസാക്ഷി ,മനുഷ്യത്വം എന്നിവ
    ഈ വിശ്വാസത്തിൽ നിന്നുത്ഭവിക്കുന്നു
    എന്നാൽ കച്ചവടക്കാർ ,പുരോഹിതർ അവയെ ആ വിശ്വാസം മുതലെടുക്കുന്നു ,മുതലാളിമാരാകുന്നു പുതു പുത്തൻ ആചാരങ്ങളും ആരാധന ക്രമങ്ങളും ഉണ്ടാക്കുന്നു അവയുടെ നില നില്പിന്ന് സ്ഥാപനങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു പള്ളിയും പട്ടക്കാരുമുണ്ടാകുന്നു ,അമ്പലവും പൂജാരികളും താന്ത്രികളും താന്ത്രിക പൂജാ വിധികളുംമുണ്ടാ ക്കുന്നു മുസ്ളിയാർമാർമാരും മൗലവി മാരുമാ മസ്ഹല കളും ഫത്ത് വകളും മറ്റുമുണ്ടാക്കുന്നു നിലനിൽപ്പിനും ,വിപുലീകരണത്തിനും പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നു
    സ്വർഗ്ഗ നരക വിവരണങ്ങളാൽ വിവരമില്ലാത്തവരെ ചൂഷണം ചെയ്യുന്നു
    സ്വന്തം അണിയിലേക്ക് ആളെ കൂട്ടാൻ തന്ത്രം ആവിഷ്കരിക്കുന്നു നടപ്പിലാക്കുന്നു
    ഇത് തന്നെ യാണ് കക്ഷി രാഷ്ട്രീയക്കാരും ,യുക്തിവാദികളും ഭക്തി വാദികളും ചെയ്യുന്നത്

    എന്നാൽ ഒരു ശക്തി യുണ്ട് എല്ലാം കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും സത്യം നീതി എന്നതൻസാരിച്ചു വിധിക്കുന്നതും എന്ന വിശ്വാസം നിയമങ്ങൾ അനുസരിക്കാൻ ,,നിയമങ്ങൾ നിർമിക്കാൻ ,ധാർമികത പുലർത്താൻ ,മൂല്യ ബോധത്തോടെ ജീവിക്കാൻ സഹായകരമാണ്

    ദൃഢ പ്രതിജ്ഞ ചെയ്തവർക്ക് ,മന സാക്ഷി അനുസരിച്ചു പ്രവർത്തി ക്കുന്ന വ ർക്കു , ഒരു അദൃശ്യ വിജിലൻസിലെ വിശ്വാസം ഗുണം ചെയ്യാം

    ReplyDelete
  5. True! സ്വതന്ത്ര ചിന്തയിലൂടെയാണ്‌ ഇത് നേടേണ്ടത് .

    ReplyDelete